മുംബൈ : ലക്ഷ്യങ്ങളില്ലാതെ അമേരിക്ക ചുറ്റും ഓടിയ ഫോറസ്റ്റ് ഗമ്പിന്‍റെ സിനിമ പലരും കണ്ടുകാണും. അങ്ങനെയൊരാള്‍ ജീവിച്ചിരുന്നതായി പലരും വിശ്വസിച്ചും കാണും. എങ്കില്‍ ഇല്ല, അതേപേരില്‍ വിന്‍സ്റ്റന്‍ ഗ്രൂം എഴുതിയ പുസ്തകത്തിനെ ആസ്പദമാക്കിയാണ് ഫോറസ്റ്റ് ഗമ്പ് എന്ന ചലച്ചിത്രം വരുന്നത്. എന്നാല്‍ ഗമ്പിനു സമാനമായൊരു കഥ ഇപ്പോള്‍ ഇന്ത്യയില്‍ ഓടിക്കൊണ്ടിരിക്കുകയാണ്. 44കാരനായ സമീര്‍ സിങ് ആണ് ഇന്ത്യയുടെ ഫോറസ്റ്റ് ഗമ്പ്.

ഏപ്രില്‍ 29നാണ് സമീര്‍ സിങ് ഓട്ടമാരംഭിക്കുന്നത്. അന്നുമുതല്‍ ദിവസേന നൂറുകിലോമീറ്റര്‍ വീതമാണ് സമീര്‍ ഓടുന്നത്. കഴിഞ്ഞ തൊണ്ണൂറ്റിയോമ്പത് ദിവസമായിട്ടും സമീറിനെ സഹായിക്കാന്‍ പരിശീലകരോ ചികിത്സാസംഘമോ ഒന്നുമില്ല. അങ്ങനെയിരിക്കെയാണ് വിക്രം ഭാട്ടി, വന്ദനാ ഭാട്ടി എന്നീ സഹോദരങ്ങള്‍ സമീര്‍ സിങിനെ ഇന്ത്യയിലെ ആദ്യ ഫെയ്ത്ത് റണ്ണര്‍ എന്ന് വിശേഷിപ്പിച്ചുകൊണ്ട് ഫെയ്സ്ബുക്ക് കാമ്പൈന്‍ ആരംഭിക്കുന്നത്. സമീറിന്‍റെ കഥ കൂടുതല്‍പേരില്‍ എത്തിക്കുക, ഓട്ടം തീര്‍ത്ത ശേഷം സമീറിന്‍റെ ആരോഗ്യനിലവീണ്ടെടുക്കുന്നതിനായി പണം സ്വരൂപിക്കുക എന്നതാണ് കാമ്പൈന്‍ ലക്ഷ്യം.

ദിവസേന നൂറു കിലോമീറ്റര്‍ വച്ച് നൂറു ദിവസംകൊണ്ട് പതിനായിരം കിലോമീറ്റര്‍ ഓടി ലോകറെകോഡ് സൃഷ്ടിക്കുകയെന്ന ഒരൊറ്റ ലക്ഷ്യത്തിലാണ് മധ്യപ്രദേശിലെ മന്ദ്സോറില്‍ നിന്നുമുള്ള സമീര്‍ സിങ് ഓട്ടമാരംഭിക്കുന്നത്. ദിവസേന രാവിലെ നാലുമണിക്ക് ഉറക്കം ഞെട്ടുന്ന സമീര്‍ പ്രാതലിനുശേഷം ഓട്ടം ആരംഭിക്കുകയായി. ദിവസേന പതിനൊന്നു മണിക്കൂറാണ് സമീര്‍ ഓടുന്നത്.

 

ആവേശം  കേരളത്തിലും 

പ്രമുഖ ഷൂ നിര്‍മാണ കമ്പനിയായ അഡിഡാസിന്‍റെ ചാലഞ്ച് ഏറ്റെടുത്താണ് കേരളത്തിലും നൂറു ദിവസത്തെ ഓട്ടം നടക്കുന്നത്. ഏപ്രില്‍ 29നാരംഭിച്ച ചാലഞ്ചേറ്റെടുത്ത് സ്ഥിരമായി ഓടിയത് എഴുപേരാണ്. നാളെ നൂറാം ദിവസം തികയ്ക്കുന്ന വേളയില്‍ രണ്ടുബാച്ചുകളായി ഒരു മാരത്തോണ്‍ സംഘടിപ്പിക്കാനൊരുങ്ങുകയാണ് കൊച്ചിയിലെ ഓട്ടക്കാര്‍. “കടവന്ത്രയില്‍ നിന്നാരംഭിക്കുന്ന ഓട്ടത്തില്‍ നാല്പതോളം പേര്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത് ” മാരത്തോണ്‍ ഓട്ടക്കാരനായ രാജീവന്‍ നമ്പ്യാര്‍ പറഞ്ഞു. രണ്ടു ബാച്ചുകളായായിരിക്കും മാരത്തോണ്‍ സംഘടിപ്പിക്കുക. സമീര്‍ സിങിനുള്ള ആദരവ് കൂടിയായിരിക്കും കൊച്ചിയിലെ മാരത്തോണ്‍ എന്നാണ് മാരത്തോണ്‍ സംഘടിപ്പിക്കുന്ന ‘സോള്‍സ് ഓഫ് കൊച്ചി’ എന്ന സംഘടന അറിയിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ