ഫുട്‌ബോള്‍ ലോകത്തെ പുത്തന്‍ താരോദയമാണ് മുഹമ്മദ് സലാഹ്. ഈജിപ്തിനും ലിവര്‍പൂളിനും വേണ്ടി അസാമാന്യ പ്രകടനം പുറത്തെടുക്കുന്ന താരത്തെ മെസിയോടും ക്രിസ്റ്റ്യാനോയോടുമാണ് താരതമ്യം ചെയ്യുന്നത്. കഴിഞ്ഞ സീസണില്‍ റെക്കോര്‍ഡ് ഗോള്‍ വേട്ട നടത്തിയ സലാഹിന് ഇന്ന് ലോകത്തെമ്പാടും ആരാധകരുണ്ട്.
കോടിക്കണക്കിന് വരുന്ന സലാഹ് ആരാധകരില്‍ ചിലര്‍ കഴിഞ്ഞ ദിവസം ഈജിപ്തില്‍ ഉദ്ഘാടനം ചെയ്ത സലാഹിന്റെ പ്രതിമ കണ്ട് ഞെട്ടിയിരിക്കുകയാണ്. സലാഹിന്റെ രൂപവുമായി യാതൊരു സാമ്യവുമില്ലാത്ത പ്രതിമയ്‌ക്കെതിരെ വ്യാപക പ്രതിഷേധവുമാണ് ആരാധകരില്‍ നിന്നും ഉയരുന്നത്.
സലാഹിന്റെ ട്രേഡ് മാര്‍ക്കായ കൈകള്‍ ഇരുവശത്തേക്കും വിരിച്ച് പിടിച്ചു നിന്നു കൊണ്ടുള്ള ഗോള്‍ ആഘോഷത്തിന്റേതാണ് പ്രതിമ. എന്നാല്‍ പ്രതിമ സലാഹിന്റേതാണെന്ന് പറഞ്ഞാല്‍ പോലും ആര്‍ക്കും വിശ്വസിക്കാനാവില്ല. സാമാന്യത്തില്‍ കവിഞ്ഞ വലിപ്പമുള്ള തലയും ചെറിയ ശരീരവുമാണ് പ്രതിമയ്ക്കുള്ളത്. മുഖം സലാഹിനെ ഓര്‍മ്മിപ്പിക്കുന്നതേയില്ല.
ശില്‍പ്പിയായ മായി അബ്ദുള്ളയാണ് സലാഹിന്റെ ശില്‍പ്പമുണ്ടാക്കിയത്. പ്രതിമയെ കുറിച്ച് വിമര്‍ശനം ഉയര്‍ന്നെങ്കിലും സലാഹ് ഇതിനോട് പ്രതികരിച്ചിട്ടില്ല. ഈജിപ്തിന്റെ ദേശീയ ഹീറോയായ സലാഹിന് രാജ്യത്തുടനീളം പ്രതിമകളും ചുമര്‍ചിത്രങ്ങളും തയ്യാറാക്കിയാണ് ആരാധകര്‍ സ്‌നേഹം അറിയിക്കുന്നത്.
എന്നാല്‍ വിമര്‍ശനം ശക്തമായതോടെ ശില്‍പ്പി പ്രതികരണവുമായി രംഗത്തെത്തിയിട്ടുണ്ട്. ശില്‍പ്പ നിര്‍മ്മാണ വിദ്യാര്‍ത്ഥികള്‍ക്കായി തയ്യാറാക്കിയതാണ് ശിൽപ്പമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. വിമര്‍ശനങ്ങള്‍ മാന്യമായിരിക്കണമെന്നും അബ്ദുള്ള പറയുന്നു.
നേരത്തെ പ്രതിമ കാരണം ഇതേ രീതിയില്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോയും നാണം കെട്ടിരുന്നു.