/indian-express-malayalam/media/media_files/uploads/2023/06/Sakshi-Malik.jpg)
സാക്ഷി മാലിക്ക്
ന്യൂഡല്‍ഹി: ലൈംഗികാരോപണം നേരിടുന്ന ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരെ നടപടിയെടുക്കാത്തതില്‍ നരേന്ദ്ര മോദി നയിക്കുന്ന ബിജെപി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും കോണ്‍ഗ്രസ് നേതാവുമായ കിര്‍ത്തി ആസാദ്.
"ആദ്യം ദിവസം മുതല്‍ ഞാന്‍ ശബ്ദമുയര്‍ത്തുന്നതാണ്. ഗുസ്തി താരങ്ങളെ തെരുവില്‍ ദയയില്ലാതെ വലിച്ചിഴയ്ക്കുന്നത് കണ്ടതോടെയാണ് പ്രതികരിക്കാന്‍ 1983 ക്രിക്കറ്റ് ലോകകപ്പ് ടീമിലെ അംഗങ്ങള്‍ ഒന്നടങ്കം തീരുമാനിച്ചത്," ആസാദ് ദി ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു.
“ഈ വനിതാ ഗുസ്തിക്കാർ നിരാശരാണ്, അവർ മെഡലുകൾ ഗംഗയിൽ ഉപേക്ഷിക്കാൻ തീരുമാനിച്ചു. ആ മെഡലുകൾ അവരുടെ മാത്രമല്ല, രാജ്യത്തിന്റെ അഭിമാനമാണ്. അവർക്ക് ഉടനടി നീതി ലഭിക്കണം, കാരണം നീതി വൈകിയാല്‍ അത് നീതി നിഷേധമാണ്. ആറുമാസത്തിലേറെയായിട്ടും ഒരു നടപടിയും ഉണ്ടായിട്ടില്ല," അദ്ദേഹം കൂട്ടിച്ചേർത്തു.
സാക്ഷി മാലിക്ക് റിയൊ ഒളിമ്പിക്സില്‍ മെഡല്‍ നേടിയപ്പോള്‍ ഒപ്പം നിന്ന് ഫൊട്ടോയെടുക്കാന്‍ മടിക്കാത്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാറും എന്തുകൊണ്ടാണ് നിശബ്ദത പാലിക്കുന്നെന്നും കിര്‍ത്തി ആസാദ് ചോദിച്ചു.
"1983-ല്‍ പ്രധാനമന്ത്രിയായിരുന്നു ഇന്ദിര ഗാന്ധിക്ക് വേണ്ടിയല്ല ഞങ്ങള്‍ ലോകകപ്പ് നേടിയത്. പ്രതിഷേധം രാഷ്ട്രീയപരമാണെന്ന് പറയുന്നത് കേള്‍ക്കുമ്പോള്‍ ആശ്ചര്യമാണ് ഉണ്ടാകുന്നത്. 2016 റിയൊ ഒളിമ്പിക്സില്‍ സാക്ഷി മാലിക്ക് മെഡല്‍ നേടിയത് നരേന്ദ്ര മോദിക്കൊ ബിജെപിക്കൊ വേണ്ടിയല്ല, രാജ്യത്തിന് വേണ്ടിയാണ്," മുന്‍ ക്രിക്കറ്റ് താരം വ്യക്തമാക്കി.
"മെഡലിനൊപ്പവും മെഡല്‍ നേടിയവര്‍ക്കൊപ്പവും സെല്‍ഫി എടുക്കാന്‍ മോദി മടിക്കാറില്ല. സാക്ഷി മാലിക്കിനെ ഹരിയാനയില്‍ ബേട്ടി ബച്ചാവൊ ബേട്ടി പഠാവൊ പദ്ധതിയുടെ ബ്രാന്‍ അമ്പാസഡറാക്കി മാറ്റി. എന്നാല്‍ അവരിപ്പോള്‍ നിശബ്ദരാണ്," കിര്‍ത്തി ആസാദ് പരിഹസിച്ചു.
ഗുസ്തി താരങ്ങള്‍ നിയമം പിന്തുടര്‍ന്നാണ് വന്നത്. അവര്‍ ജനുവരിയില്‍ സര്‍ക്കാരിനെ സമീപിച്ചു. രാജ്യത്തിന്റെ അഭിമാനമായ മറ്റൊരു താരമായ മേരി കോമിന്റെ അധ്യക്ഷതയില്‍ കമ്മിറ്റി രൂപീകരിച്ചു. 30 ദിവസം നല്‍കിയിട്ടും ഫലമുണ്ടായില്ല. ശേഷം അവര്‍ പൊലീസിനെ സമീപിച്ചു, എഫ്ഐആര്‍ പോലും ഫയല്‍ ചെയ്തില്ല. പിന്നീട് സുപ്രീം കോടതിയെ സമീപിച്ചതിന് ശേഷമാണ് എഫ്ഐആര്‍ പോലും ഫയല്‍ ചെയ്തതെന്നും കിര്‍ത്തി ചൂണ്ടിക്കാണിച്ചു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.