ഇന്ത്യൻ പ്രീമിയർ ലീഗിൽ ഏറ്റവും കൂടുതൽ തവണ ഫൈനൽ കളിച്ച ടീമും മൂന്ന് പ്രാവിശ്യം കിരീടം സ്വന്തമാക്കുകയും ചെയ്ത ചെന്നൈ സൂപ്പർ കിങ്സ് ഇത്തവണ പ്ലേ ഓഫ് പോലും കാണാതെ പുറത്തായിരിക്കുന്നു. ഞായറാഴ്ച നടന്ന മത്സരത്തിൽ ബാംഗ്ലൂരിനെ പരാജയപ്പെടുത്തിയെങ്കിലും മുംബൈക്കെതിരെ രാജസ്ഥാൻ വിജയിച്ചതോടെ ചെന്നൈയുടെ പ്ലേ ഓഫ് സാധ്യതകൾ അവസാനിച്ചു.

എംഎസ് ധോണി നയിക്കുന്ന ചെന്നൈ പ്ലേ ഓഫിന് യോഗ്യത നേടാതെ പുറത്തായതിന് പിന്നാലെ താരങ്ങൾക്കും ആരാധകർക്കും ആശ്വാസപകരുന്ന വാക്കുകളുമായി എത്തിയിരിക്കുകയാണ് ധോണിയുടെ ഭാര്യ സാക്ഷി. ഒരു കവിതയായാണ് സാക്ഷി തന്റെ വരികൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുന്നത്. ഇത് വെറും കളി മാത്രമാണെന്നും ചിലർ ജയിക്കും, ചിലർ തോൽക്കുമെന്നും സാക്ഷി വ്യക്തമാക്കുന്നു.

Also Read: ഇത്തവണ ഞങ്ങൾ വിചാരിച്ച പോലെ കാര്യങ്ങൾ നടന്നില്ല; ധോണിയുടെ ദുഃഖം

ഇത് വെറും കളി മാത്രമാണ്…
ചിലപ്പോൾ നിങ്ങൾ ജയിക്കും മറ്റു ചിലപ്പോൾ തോൽക്കും!!

കഴിഞ്ഞുപോയ വർഷങ്ങൾ ആവേശക്കൊടുമുടിയേറ്റിയ എത്രയോ വിജയങ്ങൾക്കും അപൂർവമെങ്കിലും കുത്തിനോവിച്ച തോൽവികൾക്കും സാക്ഷിയായി!

ഒന്ന് ആഘോഷിക്കുമ്പോൾ രണ്ടാമത്തേത് ഹൃദയം തകർക്കുന്നതാണ്
ചിലപ്പോൾ യുക്തിസഹമായ പ്രതികരണം, ചിലപ്പോൾ അല്ലാതെയും…

ചിലർ ജയിക്കും, ചിലർ തോൽക്കും, മറ്റുള്ളവർക്ക് നഷ്ടബോധം…
ഇത് വെറുമൊരു കളി മാത്രം!!

ഒട്ടേറെ അഭിപ്രായക്കാർ, വ്യത്യസ്ത പ്രതികരണങ്ങൾ…
വികാരങ്ങൾ സ്പോർട്സ്മാൻ സ്പിരിറ്റിനെ തകർക്കാതിരിക്കട്ടെ..

ഇതൊരു കളി മാത്രമാണ്… തോൽക്കാൻ ആരും ഇഷ്ടപ്പെടുന്നില്ല, എല്ലാവർക്കും ജയിക്കാനുമാകില്ല തോറ്റ് സ്തബ്ധരാകുമ്പോൾ കളത്തിൽനിന്നുള്ള മടക്കം സുദീർഘമെന്ന് തോന്നും

ആഘോഷശബ്ദങ്ങളും നിശ്വാസങ്ങളും വേദന കൂട്ടും, പിടിച്ചുനിൽക്കാൻ തുണ ഉൾക്കരുത്ത് മാത്രം..

ഇതെല്ലാം വെറുമൊരു കളി മാത്രം!! നിങ്ങൾ മുൻപേ വിജയികളാണ്, ഇപ്പോഴും വിജയികൾ തന്നെ!

പോരാളികൾ പൊരുതാൻ ജനിച്ചവരാണ്, അവർ നമ്മുടെ ഹൃദയങ്ങളിലും മനസ്സിലും എന്നും സൂപ്പർ കിങ്സ് തന്നെ!!!

ഐപിഎല്ലിൽ ഇതാദ്യമായാണ് ചെന്നൈ സൂപ്പർ കിങ്സ് പ്ലേ ഓഫ് കളിക്കാതെ പുറത്താകുന്നത്. 2008ൽ ലീഗ് ആരംഭിച്ചതുമുതൽ സസ്പെൻഷൻ നേരിട്ട രണ്ട് സീസൺ ഒഴിച്ച് എല്ലാ സീസണുകളിലും ധോണി നയിച്ച ചെന്നൈ പ്ലേ ഓഫ് കളിച്ചിട്ടുണ്ട്. 2018ൽ ലീഗിലേക്ക് മടങ്ങിയെത്തിയ ചെന്നൈ കിരീടം നേടിയാണ് മടങ്ങിവരവ് അറിയിച്ചത്. അടുത്ത വർഷം ഫൈനലിലും ചെന്നൈ കളിച്ചിരുന്നു.

ഇത്തവണയും മുംബൈയെ പരാജയപ്പെടുത്തി സീസൺ തുടങ്ങിയ ചെന്നൈയ്ക്ക് എന്നാൽ പിന്നീട് കാര്യമായി തിളങ്ങാനായില്ല. നിലവിൽ 12 മത്സരങ്ങളിൽനിന്ന് നാലു വിജയങ്ങൾ സഹിതം എട്ടു പോയിന്റുള്ള ധോണിയും സംഘവും, ശേഷിക്കുന്ന രണ്ടു മത്സരങ്ങളും ജയിച്ചാലും പ്ലേ ഓഫ് കടക്കില്ല.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook