ഒളിമ്പിക് മെഡൽ ജേതാവ് സാക്ഷി മാലിക്കിന് ലോക ഗുസ്തി ചാമ്പ്യൻഷിപ്പിൽ തിരിച്ചടി. ലോക ചാമ്പ്യൻഷിപ്പിന്റെ പ്രിക്വാർട്ടറിൽ സാക്ഷി മാലിക്ക് പുറത്തായി. ജർമ്മനിയുടെ ലൂസിയ നിമേഷ്ക്കാണ് ഇന്ത്യൻ താരത്തെ അട്ടിമറിച്ചത്. അതേസമയം മറ്റൊരു ഇന്ത്യൻ പ്രതിനിധിയായ വിനേഷ് ഫോഗട്ട് രണ്ടാം റൗണ്ടിൽ പുറത്തായി.

53 കിലോ വിഭാഗത്തിൽ മെഡൽ സ്വപ്നവുമായി ഇറങ്ങിയ സാക്ഷിമാലിക്കിന് ആദ്യ രണ്ട് റൗണ്ടുകൾ എളുപ്പമായിരുന്നു. എന്നാൽ പ്രീക്വാർട്ടർ പോരാട്ടത്തിൽ ജർമ്മനിയുടെ ലൂസിയയുടെ മുന്നിൽ സാക്ഷിയുടെ തന്ത്രങ്ങൾ പാളി. പ്രതിരോധത്തിലൂന്നി കളിച്ച ജർമ്മൻ താരം സാക്ഷിയെ പ്രകോപിപ്പിച്ചു കൊണ്ടുരുന്നു. ഇതിനിടെ സാക്ഷിയുടെ പിഴവ് മുതലെടുത്ത് ലൂസിയ 3 പോയിന്റുകൾ സ്വന്തമാക്കുകയും ചെയ്തു. അവസാന മിനുറ്റുകളിൽ സാക്ഷി മാലിക്ക് തിരിച്ചു വരവ് നടത്തിയെങ്കിലും 3-2 എന്ന സ്കോറിന് ജർമ്മൻ താരം സാക്ഷിയെ അട്ടിമറിക്കുകയായിരുന്നു. ഇതോടെ റെപ്പെഷാഘ റൗണ്ടിൽ മത്സരിക്കാനുള്ള അവസരവും സാക്ഷിക്ക് നഷ്ടമായി.

ഇന്ത്യയുടെ മെഡൽ പ്രതീക്ഷയായിരുന്ന വിനേഷ് ഫോഗോട്ട് രണ്ടാം റൗണ്ടിലാണ് പുറത്തായത്. അമേരിക്കയുടെ വിക്ടോറിയ ആന്റണിയോടാണ് വിനേഷ് തോറ്റത്. ഇതോടെ ലോകചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ അവസാനിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ