ന്യുഡെല്‍ഹി: റിയോ ഒളിംപിക് മെഡല്‍ ജേതാവും ഗുസ്തി താരവുമായ സാക്ഷി മാലിക്ക് ഹരിയാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്ത്. സര്‍ക്കാര്‍ തനിക്ക് വാഗ്ദാനം ചെയ്ത വാക്കുകള്‍ പാലിച്ചില്ലെന്ന് സാക്ഷി പറഞ്ഞു. തന്റെ ട്വിറ്റര്‍ പേജിലൂടെയാണ് താരത്തിന്റെ വിമര്‍ശനം.
റിയോയിലെ ഇന്ത്യയുടെ ആദ്യ മെഡല്‍ ആയിരുന്നു സാക്ഷി നേടിയത്. കായിക ചരിത്രത്തില്‍ ഗുസ്തിയില്‍ ഇന്ത്യക്കായി ഒരു മെഡല്‍ നേടുന്ന ആദ്യ വനിത കൂടിയാണ് വെങ്കല്‍ മെഡല്‍ ജേതാവായ സാക്ഷി മാലിക്ക്. ഇന്ത്യയ്ക്ക് വേണ്ടി മെഡല്‍ നേടുമെന്ന തന്റെ വാഗ്ദാനം താന്‍ പാലിച്ചുവെങ്കിലും സര്‍ക്കാര്‍ പ്രഖ്യാപിച്ച വാഗ്ദാനങ്ങള്‍ ഇതുവരെ പാലിക്കപ്പെട്ടില്ലെന്ന് സാക്ഷി പറഞ്ഞു. മാധ്യമങ്ങളില്‍ നിറഞ്ഞു നില്ക്കാന് വേണ്ടി മാത്രമാണോ വാഗ്ദാനങ്ങള്‍ നടത്തിയത് എന്നും സാക്ഷി മാലിക്ക് ചോദിച്ചു.
റിയോയില്‍ മെഡല്‍ നേടിയ താരത്തിന് വന്‍ വാഗ്ദാനങ്ങളാണ് ഹരിയാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നത്. 3.5 കോടി രൂപയായിരുന്നു സാക്ഷിക്കുള്ള ഹരിയാന സര്‍ക്കാരിന്റെ വാഗ്ദാനം. കൂടാതെ ബേട്ടി പഠാവോ ബേട്ടി ബച്ചാവോ പദ്ധിയുടെ സംസ്ഥാനത്തെ ബ്രാന്‍ഡ് അംബാസിഡര്‍ ആക്കിയ താരത്തിന് ഇന്ത്യന്‍ റെയില്‍വേയില്‍ ക്ലാസ് 2 റാങ്ക് ജോലിയും വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ ഇതൊന്നും പാലിക്കപ്പെട്ടില്ലെന്ന് താരം പറഞ്ഞു.
സര്‍ക്കാര്‍ 2.5 കോടി രൂപ ചെക്ക് മുഖേന സാക്ഷിക്ക് നല്‍കിയെന്ന് മന്ത്രി അനില്‍ വിജ് പറയുന്നു. എംഡി സര്‍വകലാശാലയില്‍ ജോലി വേണമെന്ന ആഗ്രഹം അറിയിച്ചപ്പോള്‍ അധികമായി ഒരു പോസ്റ്റ് ഉണ്ടാക്കിയെന്നും മന്ത്രി പറഞ്ഞു. ഒളിമ്പിക്സില്‍ സ്വര്‍ണ മെഡല്‍ നേടുന്ന താരത്തിന് ആറ് കോടിയും വെള്ളി മെഡല്‍ നേടിയാല്‍ നാല് കോടിയും വെങ്കലം നേടിയാല്‍ 2.5 കോടിയുമാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നത്. ഈ വാഗ്ദാനങ്ങള്‍ പാലിക്കാത്തതിനെതിരെയാണ് സാക്ഷി രംഗത്തെത്തിയത്.