ന്യൂഡൽഹി: റിയോ ഒളിംപിക്സിനു ശേഷം പങ്കെടുക്കുന്ന ആദ്യ പ്രധാന ചാന്പ്യൻഷിപ്പിൽ തന്നെ സാക്ഷി മാലിക് ഫൈനലിൽ പ്രവേശിച്ചു. ഏഷ്യൻ ഗുസ്തി ചാന്പ്യൻഷിപ്പിന്റെ 60 കിലോഗ്രാം വിഭാഗത്തിലാണ് സാക്ഷി മാലിക് ഫൈനലിൽ പ്രവേശിച്ചത്. ഖസാക്കിസ്ഥാന്റെ അയൊലിം കാസിമോവയെയാണ് സെമിപോരാട്ടത്തിൽ സാക്ഷി അനായാസം മറികടന്നത് (15-3). ജപ്പാന്റെ റിസാക്കോ കവായിയെയാണ് ഫൈനലിൽ സാക്ഷി നേരിടുക.
ഗുസ്തിയിൽ ഇന്ത്യക്ക് വേണ്ടി ആദ്യ ഒളിന്പിക്സ് മെഡൽ കരസ്ഥമാക്കിയ സാക്ഷിയിലൂടെ ടീം ഇന്ത്യ ചാന്പ്യൻഷിപ്പിൽ ഒരു വെള്ളി മെഡൽ ഉറപ്പിച്ചു. 2014 ഗ്ലാസ്കോ കോമൺവെൽത്ത് ഗെയിംസിൽ വെള്ളി മെഡൽ നേടിയിട്ടുള്ള സാക്ഷി മാലിക് 2015ലെ ഏഷ്യൻ ചാന്പ്യൻഷിപ്പിൽ വെങ്കലവും നേടിയിട്ടുണ്ട്. കഴിഞ്ഞ വർഷം ബാങ്കോക്കിൽ നടന്ന ഏഷ്യൻ ചാന്പ്യൻഷിപ്പിൽ ഒരു സ്വർണവും മൂന്ന് വെള്ളിയും അഞ്ച് വെങ്കലവും അടക്കം ഒൻപത് മെഡലുകളായിരുന്നു ഇന്ത്യയുടെ സന്പാദ്യം.