ബെംഗളൂരു: എം.എസ്.ധോണി, എത്ര തവണയാണ് ആ മനുഷ്യന്‍ ഇങ്ങനെ കട്ട ആരാധകരെ പോലും ഞെട്ടിച്ചിട്ടുള്ളത്. ഓരോ തവണയും കണക്കുകള്‍ പറഞ്ഞ് അയാളെ സട കൊഴിഞ്ഞ സിംഹമാക്കാന്‍ ശ്രമിക്കുമ്പോള്‍ തന്റെ പ്രകടനം കൊണ്ട് അയാള്‍ വിമര്‍ശകരുടെ വായടപ്പിക്കും. ഇന്നലെ റോയല്‍ ചലഞ്ചേഴ്‌സിനെതിരെ 33 പന്തില്‍ നിന്നും 70 റണ്‍സ് എടുത്ത് ചെന്നൈയെ വിജയ തീരത്തേക്ക് എത്തിക്കുമ്പോള്‍ അയാള്‍ ഒരിക്കല്‍ കൂടി ഓര്‍മ്മപ്പെടുത്തുകയാണ്, എന്തുകൊണ്ട് ധോണി ഏറ്റവും മികച്ച ഫിനിഷര്‍ ആകുന്നുവെന്ന്.

എണ്ണം പറഞ്ഞ ഏഴ് സിക്‌സുകള്‍ അടങ്ങുന്നതായിരുന്നു ധോണിയുടെ ഇന്നിങ്സ്. കോഹ്‌ലിപ്പട ഉയര്‍ത്തിയ 206 റണ്‍സിന്റെ വിജയലക്ഷ്യം രണ്ട് പന്ത് ബാക്കി നില്‍ക്കെയായിരുന്നു ധോണി മറികടന്നത്. നായകന്റെ മാച്ച് വിന്നിങ് പ്രകടനം കണ്ടു കൊണ്ട് ഗ്യാലറിയും ഡ്രെസിങ് റൂമും ആവേശഭരിതരാകുമ്പോള്‍ അതെല്ലാം കണ്ടു കൊണ്ട് ഒരാള്‍ പുഞ്ചിരിക്കുന്നുണ്ടായിരുന്നു, ഭാര്യ സാക്ഷി.

വെടിയുണ്ട പോലെ ഓരോ പന്തും ബൗണ്ടറി കടക്കുമ്പോള്‍ ധോണിയ്ക്കായി സാക്ഷി ഗ്യാലറിയില്‍ ആര്‍പ്പു വിളിക്കുന്നുണ്ടായിരുന്നു. ധോണിയുടെ ലേഡി ലക്ക് ചെന്നൈയുടെ ലക്ക് കൂടിയായി മാറുകയായിരുന്നു. വിമര്‍ശകരുടെ വായടപ്പിക്കുന്നതായിരുന്നു എംഎസ് ധോണിയുടെ വെടിക്കെട്ട് ബാറ്റിങ്. കൊടുങ്കാറ്റായി മാറിയ ധോണിയ്ക്ക് മുന്നില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ഉയര്‍ത്തിയ 206 റണ്‍സിന്റെ വിജയലക്ഷ്യം ഒന്നുമല്ലതായി മാറി. രണ്ട് പന്ത് ബാക്കി നില്‍ക്കെ ധോണി തന്റെ സ്വതസിദ്ധമായ ശൈലിയില്‍ ഫിനിഷ് ചെയ്യുകയായിരുന്നു. അഞ്ച് വിക്കറ്റിനായിരുന്നു ചെന്നൈയുടെ വിജയം.

ധോണിയുടേയും അമ്പാട്ടി റായിഡുവിന്റേയും ബാറ്റിങ് മികവാണ് പടുകൂറ്റന്‍ സ്‌കോര്‍ മറി കടക്കാന്‍ ചെന്നൈ സൂപ്പര്‍ കിങ്സിനെ സഹായിച്ചത്. 34 പന്തില്‍ നിന്നും ഏഴ് സിക്‌സും ഒരു ഫോറുമായി 70 റണ്‍സെടുത്ത ധോണി നിറഞ്ഞാടുകയായിരുന്നു. വാട്‌സണും റെയ്‌നയുമെല്ലാം പരാജയപ്പെട്ടിടത്തായിരുന്നു ധോണിയുടെ പ്രകടനം എന്നതും ശ്രദ്ധേയമാണ്. വാട്‌സണ്‍ ഏഴും റെയ്‌ന പതിനൊന്ന് റണ്‍സുമാണ് എടുത്തത്. അതേസമയം, വിന്‍ഡീസ് താരം ബ്രാവോ ധോണിയ്‌ക്കൊപ്പം പുറത്താകാതെ നിന്നു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ബാംഗ്ലൂര്‍ എട്ടു വിക്കറ്റു നഷ്ടത്തില്‍ 205 റണ്‍സെടുത്തിരുന്നു. പോര്‍ട്ടീസ് താരങ്ങളായ എബി ഡിവില്ലിയേഴ്‌സിന്റേയും ക്വിന്റന്‍ ഡികോക്കിന്റേയും വെടിക്കെട്ട് അര്‍ധസെഞ്ചുറി പ്രകടനങ്ങള്‍ റോയല്‍ ചലഞ്ചേഴ്‌സിന് മികച്ച സ്‌കോര്‍ സമ്മാനിക്കുകയായിരുന്നു. ഡിവില്ലിയേഴ്‌സ് 68 റണ്‍സും ഡികോക്ക് 53 റണ്‍സുമെടുത്തു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ