/indian-express-malayalam/media/media_files/uploads/2018/08/sajan-.jpg)
ജക്കാർത്ത: ദുരന്തമുഖത്ത് ഒറ്റപ്പെട്ടുപോയ ഉറ്റവരെക്കുറിച്ചുളള വേദനയും നെഞ്ചിലേറ്റിയാണ് മലയാളി നീന്തൽ താരം സജൻ പ്രകാശ് ഇന്തോനേഷ്യയിൽ നടക്കുന്ന 18-ാം ഏഷ്യൻ ഗെയിംസിൽ മൽസരത്തിനിറങ്ങിയത്. ആ വേദനയിൽ സജൻ നീന്തിക്കയറിയത് 200 മീറ്റർ ബട്ടർഫ്‌ളൈ വിഭാഗത്തിലെ ഫൈനലിലേക്കായിരുന്നു. 32 വർഷങ്ങൾക്ക് ശേഷമാണ് ഒരു ഇന്ത്യൻ താരം ഈ വിഭാഗത്തിൽ ഫൈനലിന് യോഗ്യത നേടിയത്. ഫൈനലിൽ എത്തിയ സജൻ അഞ്ചാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.
വെള്ളപൊക്കം നാട്ടിൽ വിതച്ച നാശനഷ്ടങ്ങളുടെ കടുത്ത സമ്മർദ്ദത്തിലായിരുന്നു സജന്റെ പ്രകടനം. ഇടുക്കി സ്വദേശിയായ സജന്റെ അമ്മയുടെ വീട് ചെറുതോണി ഡാമിന് താഴെ പെരിയാർ തീരത്ത് തന്നെയാണ്. ബന്ധുക്കളുമായി കഴിഞ്ഞ മൂന്ന് ദിവസങ്ങളായി സജന് ബന്ധപ്പെടാൻ സാധിച്ചിരുന്നില്ല. അദ്ദേഹത്തിന്റെ അമ്മൂമ്മ ഉൾപ്പടെ അഞ്ച് പേരടങ്ങുന്ന കുടുംബത്തെ കുറിച്ച് ഒരു വിവരവും ഇല്ല. ഈ കടുത്ത സമ്മർദ്ദത്തിലായിരുന്നു ഏഷ്യൻ ഗെയിംസിൽ സജൻ മത്സരിക്കാനിറങ്ങിയത്.
ഈ ഏഷ്യൻ ഗെയിംസിലെ മികച്ച മൂന്നാമത്തെ സമയം കുറിച്ചാണ് സജൻ ഫൈനലിന് യോഗ്യത നേടിയത്. എന്നാൽ ഫൈനലിൽ അദ്ദേഹം അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയായിരുന്നു. മെഡൽ നേടിയില്ലെങ്കിലും ദേശീയ റെക്കോർഡ് തിരുത്തിയെഴുതിയ പ്രകടനമായിരുന്നു അദ്ദേഹത്തിന്റെത്. 1 മിനിറ്റ് 57.75 സെക്കന്റിലാണ് താരം ഫിനിഷ് ചെയ്തത്. 1986 ഏഷ്യൻ ഗെയിംസിൽ ഖസൻ സിങ്ങാണ് അവസാനമായി ഈ ഇനത്തിൽ ഫൈനലിൽ എത്തിയത്.
കഴിഞ്ഞ ദിവസങ്ങളിലെല്ലാം സജൻ തന്നെ വിളിക്കുന്നുണ്ടെന്നും നാട്ടിലെ സാഹചര്യം കാരണം അവന് മത്സരത്തിൽ കൂടുതൽ ശ്രദ്ധിക്കാൻ കഴിയുന്നില്ലെന്നും സജന്റെ അമ്മ ഷാന്റിമോൾ പറഞ്ഞു. ഇടുക്കിയിലെ വീടും സാധനങ്ങളുമെല്ലാം നഷ്ടപ്പെട്ടെന്നും അമ്മയും വീട്ടുകാരും സുരക്ഷിതരാണെന്നും എന്നാൽ അവരുമായി ബന്ധപ്പെടാൻ സാധിക്കുന്നില്ലെന്നും ഷാന്റിമോൾ ഇന്ത്യൻ എക്‌സ്‌പ്രസ്സിനോട് പറഞ്ഞു.
2016ൽ ബ്രസീലിൽ നടന്ന റിയോ ഒളിംപിക്സിൽ സജൻ ഇന്ത്യയെ പ്രതിനിധികരിച്ച് മത്സരിച്ചിരുന്നു. സജന്റെ അമ്മയുടെ ബന്ധുക്കളാണ് ഇടുക്കിയിൽ ഉള്ളത്. സജനും കുടുംബവും പുതുച്ചേരിയിലാണ് താമസം.
ഏഷ്യൻ ഗെയിംസിൽ മറ്റ് രണ്ടിനങ്ങളിലും സജൻ മത്സരിക്കുന്നുണ്ട്. ഇന്ന് 4×200 മീറ്റർ ഫ്രീസ്റ്റൈൽ റിലേ ടീമിൽ സജൻ അംഗമാണ്. 22-ാം തിയതി 100 മീറ്റർ ബട്ടർഫ്‌ളൈ വിഭാഗത്തിലും സജൻ മത്സരിക്കുന്നുണ്ട്. ഈ വിഭാഗങ്ങളിൽ താരം മെഡൽ നേടുമെന്ന പ്രതീക്ഷയിലാണ് സജന്റെ കുടുംബവും കേരളവും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us