ജക്കാർത്ത: ഇന്തോനേഷ്യയിൽ നടക്കുന്ന 18-ാം എഷ്യൻ ഗെയിംസ് ബാഡ്മിന്റണിൽ ഇന്ത്യയുടെ പി.വി സിന്ധു ഫൈനലിൽ. സെമിഫൈനലിൽ ജപ്പാന്റെ അകനെ യമഗുച്ചിയെ പരാജയപ്പെടുത്തിയാണ് സിന്ധുവിന്റെ ഫൈനൽ പ്രവേശനം. ഫൈനലിൽ ലോക ഒന്നാം നമ്പർ താരം തായ് സൂ യിങിനെയാണ് സിന്ധു നേരിടുക.
ഒന്നിനെതിരെ രണ്ട് സെറ്റുകൾ നേടിയായിരുന്നു സിന്ധുവിന്റെ ജയം. ആദ്യ സെറ്റ് 21-17ന് നേടിയ താരം രണ്ടാം സെറ്റിൽ 15-21ന് യമഗുച്ചിയോട് കീഴടങ്ങി. മൂന്നാം സെറ്റിൽ 21-10 എന്ന സ്കോറിൽ ശക്തമായ തിരിച്ചുവരവ് നടത്തിയ സിന്ധു ഫൈനൽ ബെർത്ത് ഉറപ്പിച്ചു.റങ്കിങിൽ രണ്ടാം സ്ഥാനത്തുള്ള താരമാണ് ജപ്പാന്റെ അകനെ യമഗുച്ചി.സിന്ധു-സൈന ഇന്ത്യൻ ഫൈനൽ പോരാട്ടമാണ് ആരാധകർ പ്രതീക്ഷിച്ചിരുന്നതെങ്കിലും തായ് സൂ യിങിനോട് പരാജയപ്പെട്ട് സൈന വെങ്കല നേട്ടത്തിലൊതുങ്ങി.
ഒളിമ്പിക് വെള്ളി മെഡൽ ജേതാവ് കൂടിയായ സിന്ധു ഇതാദ്യമായാണ് എഷ്യൻ ഗെയിംസ് ഫൈനലിൽ മത്സരിക്കുന്നത്. സിന്ധു സ്വർണ്ണം നേടുകയാണെങ്കിൽ ബാഡാമിന്റണിൽ എഷ്യൻ ഗെയിംസ് ചരിത്രത്തിലെ തന്നെ ഇന്ത്യയുടെ ആദ്യ വ്യക്തിഗത സ്വർണ്ണനേട്ടമാകും അത്. ലോകറങ്കിങിൽ ഒന്നാം സ്ഥാനത്തുള്ള തായ് സൂ യിങ് ഫൈനലിൽ സിന്ധുവിന് ശക്തമായ വെല്ലുവിളിയാകുമെന്നുറപ്പാണ്.
നേരിട്ടുളള സെറ്റുകൾക്കായിരുന്നു സൈനയുടെ തോൽവി. 17-21, 14-21 എന്നായിരുന്നു സ്കോർ. ഇക്കുറി സൈനയും പിവി സിന്ധുവും സെമിഫൈനലിലേക്ക് യോഗ്യത നേടിയപ്പോൾ ഇന്ത്യ പ്രതീക്ഷിച്ചത് സ്വർണ്ണം തന്നെയാണ്. എന്നാൽ സൈന നേഹ്വാളിന് കനത്ത വെല്ലുവിളിയാണ് നേരിടേണ്ടി വന്നത്.
ചരിത്രത്തിലാദ്യമായാണ് ഇന്ത്യക്ക് ഏഷ്യൻ ഗെയിംസിൽ ബാഡ്മിന്റണിൽ വനിത വിഭാഗത്തിൽ വ്യക്തിഗത മെഡൽ ലഭിക്കുന്നത്. 1982 എഷ്യൻ ഗെയിംസിൽ സെയ്ദ് മോദി വെങ്കലം നേടിയതിന് ശേഷം ആദ്യമായാണ് ഇന്ത്യ വ്യക്തിഗത വിഭാഗത്തിൽ ബാഡ്മിന്റണിൽ മെഡൽ നേടുന്നതും.