മലേഷ്യൻ മാസ്റ്റേഴ്സ് ഓപ്പണിന്റെ സെമിയിൽ ഇന്ത്യൻ താരം സൈന നെഹ്വാളിന് പരാജയം. സ്പെയിനിന്റെ ഒളിമ്പിക് സ്വർണമെഡൽ ജേതാവ് കരോളിന മാരിനോട് നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു സൈനയുടെ തോൽവി. സൈന പോരാടി നോക്കിയെങ്കിലും പോയിന്റ് സ്കോർ ചെയ്യുന്നതിൽ കരോളിന വിജയിക്കുകയായിരുന്നു. സ്കോർ 21-16, 21-13.
ആദ്യ സെറ്റിൽ 4-1ന്റെ ലീഡുണ്ടായിരുന്ന സൈന പിന്നീട് പുറകിലേക്ക് പോവുകയായിരുന്നു. അതിന് ശേഷം മത്സരത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത മാരിന് വെല്ലുവിളി ഉയർത്താൻ ഒരിക്കൽ പോലും സൈനയ്ക്ക് സാധിച്ചില്ല. എന്നാൽ ഒരു സമയം ഒപ്പത്തിനൊപ്പമെത്തിയ സൈന മാരിനെ ഞെട്ടിച്ചു. എന്നാൽ ആദ്യ സെറ്റ് അവസാനിക്കുമ്പോൾ മാരിന് തന്നെയായിരുന്നു ജയം.
രണ്ടാം സെറ്റിന്റെ തുടക്കം മുതൽ കളിയിൽ ആധിപത്യം മാരിനായിരുന്നു. 21-13ന് സെറ്റ് സ്പാനിഷ് താരം സ്വന്തമാക്കുകയായിരുന്നു. ജയത്തോടെ നേർക്കു നേർ വന്ന മത്സരങ്ങളിൽ ആധിപത്യവും കരോളിൻ നേടി. ഇതുവരെ കളിച്ച 11 മത്സരങ്ങളിൽ കരോളിന മാരിൻ ആറും സൈന അഞ്ചുമാണ് ജയിച്ചത്.
ക്വാർട്ടറിൽ നിലവിലെ ലോക രണ്ടാം നമ്പർ താരം നസോമി ഒക്കുഹാരെ നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് സൈനയുടെ സെമി പ്രവേശനം. ആദ്യ സെറ്റ് 21-18 നേടിയ സൈനയ്ക്ക് കനത്ത വെല്ലുവിളിയാണ് രണ്ടാം സെറ്റിൽ നേരിടേണ്ടി വന്നത്. ഒടുവിൽ രണ്ടാം സെറ്റും 23-21ന് സ്വന്തമാക്കി സൈന സെമി യോഗ്യത നേടുകയായിരുന്നു.