ഇന്തോനേഷ്യൻ മാസ്റ്റേഴ്സ് കിരീടം സൈന നെഹ്വാൾ സ്വന്തമാക്കി. ഫൈനൽ മത്സരത്തിനിടയിൽ മുൻ ലോക ചാമ്പ്യൻ കരോലിന മാരിൻ പരുക്കേറ്റ് പിന്മാറിയതിനെ തുടർന്നാണ് സൈന കിരീടം സ്വന്തമാക്കിയത്. കഴിഞ്ഞ ദിവസം മലേഷ്യൻ മാസ്റ്റേഴ്സ് സെമിയിൽ കരോലിന മാരിനോട് തോറ്റാണ് സൈന പുറത്തായത്.
മത്സരം ആരംഭിച്ച് മിനിറ്റുകൾക്കുള്ളിൽ പരുക്ക് കരോലിന മാരിനെ പിടികൂടുകയായിരുന്നു. തുടക്കത്തിൽ മുന്നിട്ട് നിന്നതും കരോലിന മാരിനായിരുന്നു. സ്കോർ 4-1ന് മുന്നിട്ട് നിൽക്കുമ്പോഴായിരുന്നു പരുക്കിനെ തുടർന്ന് പിന്മാറാൻ കരോലിന തീരുമാനിച്ചത്.
2019ലെ തുടർച്ചയായ രണ്ടാം കിരീടം നേട്ടമെന്ന മാരിന്റെ ലക്ഷ്യം പൂർത്തിയാക്കാൻ കഴിയാതെയാണ് താരം പിന്മാറിയത്. ഒരു ഇടവേളയ്ക്ക് ശേഷം മുൻ ലോക ഒന്നാം നമ്പരുകൾ രണ്ടുപേരും ബാഡ്മിന്റൺ കോർട്ടിൽ സജീവമാകുന്ന കാഴ്ചയാണ് 2019ൽ കാണുന്നത്. മലേഷ്യൻ മാസ്റ്റേഴ്സിലും മിന്നും പ്രകടനമാണ് ഇരുതാരങ്ങളും പുറത്തെടുത്തത്.
ചൈനയുടെ ഹെ ബിങ്ജിയാവോയെ തോൽപ്പിച്ചാണ് സൈന ഫൈനലിലേക്ക് പ്രവേശിച്ചത്. ആദ്യ സെറ്റ് നഷ്ടപ്പെടുത്തിയ സൈന അടുത്ത രണ്ട് സെറ്റുകളും സ്വന്തമാക്കിയാണ് ഫൈനൽ ബെർത്ത് ഉറപ്പിച്ചത്. 18-21, 21-12, 21-18 എന്ന സ്കോറിനായിരുന്നു ജയം.