ഹൈദരാബാദ്: നീണ്ട പത്ത് വര്‍ഷക്കാലത്തെ പ്രണയത്തിനൊടുവില്‍ ഇന്ത്യൻ ബാഡ്മിന്റണിന്റെ നെടുംതൂണുകളായ സൈനയും കശ്യപും വിവാഹിതരായി. സൈനയാണ് വിവാഹചിത്രം ട്വിറ്ററിൽ പങ്കുവച്ച് ഇക്കാര്യം ലോകത്തെ അറിയിച്ചത്.
സൈനയുടെ നാടായ ഹൈദരാബാദിലായിരുന്നു വിവാഹച്ചടങ്ങുകൾ നടന്നത്. സിനിമ-രാഷ്ട്രീയം-കായിക രംഗങ്ങളിൽ നിന്നുളള പ്രമുഖർ വിവാഹത്തിൽ പങ്കെടുക്കാനെത്തി. മാധ്യമങ്ങളെ അറിയിക്കാതെ വളരെ രഹസ്യമായാണ് വിവാഹം നടന്നത്.
Best match of my life …#justmarried ☺️ pic.twitter.com/cCNJwqcjI5
— Saina Nehwal (@NSaina) December 14, 2018
ഡിസംബർ 16 ന് വിവാഹം നടത്താനായിരുന്നു നിശ്ചയിച്ചിരുന്നത്. ഡിസംബർ 21 ന് വിവാഹ സത്കാരം നടത്താനാണ് ഉദ്ദേശിച്ചിരിക്കുന്നത്. പപി ഗോപീചന്ദിന് കീഴിൽ പരിശീലിക്കുന്നതിനിടെ 2005 ലാണ് കശ്യപും സൈനയും സുഹൃത്തുക്കളായത്. ഇത് പിന്നീട് പ്രണയമായി വളർന്നു.
അക്കാദമി ലോകത്തിന് പുറത്തേക്ക് പക്ഷെ പ്രണയകഥ ആർക്കും അറിയില്ലായിരുന്നു. ലോക ബാഡ്മിന്റൺ റാങ്കിങിൽ പുരുഷ വിഭാഗത്തിൽ ആറാം സ്ഥാനത്ത് വരെ എത്തിയ താരമാണ് കശ്യപ്. ലോക ഒന്നാം നമ്പർ താരത്തെ വരെ അട്ടിമറിച്ച് പുരുഷ ബാഡ്മിന്റണിൽ ഇന്ത്യക്ക് 2014 ലെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണവും നേടിത്തന്നു. 32 വയസുണ്ട്.
വനിത ബാഡ്മിന്റണിൽ ഇതിനോടകം 20 കിരീടങ്ങൾ സ്വന്തമാക്കിയിട്ടുളള താരമാണ് 28 കാരിയായ സൈന. ഒളിമ്പിക്സ് വെങ്കല മെഡലും ലോകചാമ്പ്യന്‍ഷിപ്പില്‍ വെള്ളിയും സൈനയുടെ അക്കൗണ്ടിലുണ്ട്.
ദിനേശ് കാര്‍ത്തിക്-ദീപിക പള്ളിക്കല്‍, ഇഷാന്ത് ശര്‍മ്മ-പ്രതിമ സിങ്, പവന് കുമാര്‍-ഗീത ഫൊഗട്ട്, എന്നീ കായിക താര ദമ്പതിമാരുടെ നിരയിലാണ് കശ്യപും സൈനയും എത്തിയിരിക്കുന്നത്.