ന്യൂഡൽഹി: ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഫുട്ബോൾ താരങ്ങളിലൊരാളാണ് ബൈചുങ് ബൂട്ടിയ. ദേശീയ ടീമിന്റെ നായകനായി രാജ്യത്ത് ഫുട്ബോളിന്റെ വളർച്ചയിലും പ്രധാന പങ്ക് വഹിച്ച താരം കഴിഞ്ഞ ദിവസം ഒരു പ്രവചനം നടത്തി. ഒരു മലയാളി താരത്തെക്കുറിച്ചായിരുന്നു ആ പ്രവചനം, മറ്റാരുമല്ല മലയാളികളുടെ പ്രിയപ്പെട്ട സഹൽ അബ്ദുൾ സമദ്. ഇന്ത്യൻ നായകൻ സുനിൽ ഛേത്രിക്ക് ശേഷം ദേശീയ ടീമിനായി ഏറ്റവുമധികം ഗോൾ നേടാൻ പോകുന്ന താരം കേരള ബ്ലാസ്റ്റേഴ്സിന്റെ സഹലായിരിക്കുമെന്നാണ് ബൂട്ടിയ പറയുന്നത്.

2019 കിങ്സ് കപ്പിൽ ഇന്ത്യൻ ടീമിൽ അരങ്ങേറ്റം കുറിച്ച സഹൽ ഇതിനോടകം തന്നെ ഇന്ത്യൻ പരിശീലകൻ ഇഗോർ സ്റ്റിമാച്ചിന്റെയും നായകൻ ഛേത്രിയുടെയുമെല്ലാം ഉൾപ്പടെ പല മുതിർന്ന താരങ്ങളുടെയും പ്രശംസ പിടിച്ചുപറ്റിയിരുന്നു. സഹലിന്റെ ഡ്രിബിളിങ് മികവും മികച്ച പാസുകളും ഐഎസ്എൽ അടക്കമുള്ള വേദികളിലും കാണികൾ അത്ഭുതത്തോടെ കണ്ടിരുന്നതാണ്.

Also Read: നമ്പർ 21 ജഴ്സി ഇനിയില്ല: സന്ദേശ് ജിങ്കന് കേരളാ ബ്ലാസ്റ്റേഴ്സിന്റെ ആദരം

“സ്കോറിങ്ങിന്റെ കാര്യത്തിലേക്ക് വന്നാൽ അതിന് ഏറ്റവും ഫിറ്റ് സഹലാണ്. ഒരു അറ്റാക്കിങ് മിഡ്ഫീൽഡറായി മികച്ച പ്രകടനമാണ് സഹലിന്റേത്. അദ്ദേഹത്തിന് സ്കോർ ചെയ്യുമെന്നുള്ള ആത്മവിശ്വാസവും കൂടുതൽ ഷോട്ടുകൾ കണ്ടെത്തുകയുമാണ് വേണ്ടത്,” ഇന്ത്യൻ സൂപ്പർ ലീഗുമായുള്ള ഇൻസ്റ്റഗ്രാം ലൈവിൽ ബൂട്ടിയ പറഞ്ഞു.

2016-2017 സന്തോഷ് ട്രോഫിയിലൂടെയാണ് സഹലിന് ദേശീയ ശ്രദ്ധ ലഭിച്ച് തുടങ്ങുന്നത്. അടുത്ത സീസണിൽ തന്നെ കേരള ബ്ലാസ്റ്റേഴ്സ് ഇന്ത്യൻ സൂപ്പർ ലീഗിലേക്ക് താരത്തെ റാഞ്ചുകയും ചെയ്തു. ആദ്യ സീസണിൽ തന്നെ ഐഎസ്എല്ലിൽ എമേർജിങ് പ്ലെയർ ഓഫ് ദി ഇയറായി തിരഞ്ഞെടുക്കപ്പെട്ട താരം 2018-2019 സീസണിൽ എഐഎഫ്എഫ് എമേർജിങ് പ്ലെയറായും ആദരിക്കപ്പെട്ടു.

Also Read: ഇന്ത്യയില്‍ പുനരാരംഭിക്കാനാകുക ക്രിക്കറ്റ് മാത്രം: ബൈചുങ് ബൂട്ടിയ

ഒരിക്കൽ അദ്ദേഹം സ്കോർ ചെയ്ത് തുടങ്ങിയാൽ മികച്ച ഒരു ഫിനിഷറാകാൻ സഹലിനാകും. സുനിൽ ഛേത്രിയുടെ സ്ഥാനത്തേക്ക് വൈകാതെ തന്നെ സഹലുമെത്തും. സഹൽ ഇന്ത്യയുടെ ഭാവി താരമാണെന്നും ബൂട്ടിയ പറഞ്ഞു. സുനിൽ ഛേത്രി വിരമിച്ച ശേഷം ഇന്ത്യൻ നായകനാകാൻ സാധ്യതയുള്ള രണ്ട് താരങ്ങളെയും ബൂട്ടിയ തിരഞ്ഞെടുത്തു. ഒന്ന് കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രിയപ്പെട്ട താരമായിരുന്ന സന്ദേശ് ജിങ്കനും രണ്ട് സ്റ്റാർ ഗോൾകീപ്പർ ഗുർപ്രീത് സിങ്ങും. ഇരുവരും ഛേത്രിയുടെ അഭാവത്തിൽ ടീമിനെ നയിച്ച് പരിചയമുള്ളവരുമാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook