കൊച്ചി: മലയാളി താരം സഹൽ അബ്ദുൾ സമദ് കേരള ബ്ലാസ്റ്റേഴ്സിൽ തുടരും. അഞ്ച് വർഷത്തേക്കാണ് ക്ലബ്ബുമായുള്ള കരാർ സഹൽ നീട്ടിയിരിക്കുന്നത്. ഇതോടെ 2025വരെ ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച മിഡ്ഫീൽഡർമാരിൽ ഒരാളായ സഹൽ കേരള ബ്ലാസ്റ്റേഴ്സിൽ തുടരും.
കണ്ണൂർ സ്വദേശിയായ 23 കാരൻ സഹൽ എട്ടാം വയസ്സിൽ അബുദാബിയിലെ അൽ-ഇത്തിഹാദ് സ്പോർട്സ് അക്കാദമിയിലൂടെയാണ് ഫുട്ബോളിലേക്ക് എത്തുന്നത്. ഇന്ത്യയിലെത്തിയതിന് ശേഷം കണ്ണൂരിലെ യൂണിവേഴ്സിറ്റി തലത്തിൽ കളിച്ച സഹൽ മികച്ച പ്രകടനങ്ങളുടെ അടിസ്ഥാനത്തിൽ അണ്ടർ 21 കേരള ടീമിലും, സന്തോഷ് ട്രോഫി ടീമിലും ഇടം പിടിച്ചു. സഹലിന്റെ മൈതാനത്തെ സർഗ്ഗാത്മകതയും കഴിവും കണ്ടെത്തിയ കെബിഎഫ്സി അദ്ദേഹത്തെ ക്ലബ്ബിന്റെ ഭാഗമാക്കി.
തന്റെ ആദ്യത്തെ പ്രൊഫഷണൽ കരാർ ഒപ്പിട്ട ശേഷം 2017-18 ഐ-ലീഗ് രണ്ടാം ഡിവിഷനിൽ റിസർവ് ടീമിനായി കളിച്ച അദ്ദേഹം സീനിയർ ടീമിനായി ബെഞ്ചിൽ നിന്ന് കുറച്ച് മത്സരങ്ങൾ കളിച്ചു. 2018-19 ഐഎസ്‌എൽ സീസൺ ഈ യുവ പ്രതിഭക്ക് ഒരു വഴിത്തിരിവായിരുന്നു. എതിരാളികളായ ചെന്നൈയിൻ എഫ്‌സിക്കെതിരെ ക്ലബിനായി തന്റെ ആദ്യ ഗോൾ നേടിയ സഹൽ, ഇതുകൂടാതെ 37ഐ എസ് എൽ മത്സരങ്ങളിൽ നിന്നായി 2അസിസ്റ്റും സ്വന്തമാക്കിയിട്ടുണ്ട്. ഐഎസ്‌എൽ എമർജിംഗ് പ്ലെയർ ഓഫ് ദി സീസൺ, എ ഐ എഫ് എഫ് എമർജിംഗ് പ്ലെയർ ഓഫ് ദ ഇയർ എന്നിവ നേടി സഹൽ ആരാധകരുടെ പ്രിയങ്കരനായി മാറി.
സഹലിന്റെ മികച്ച പ്രകടനങ്ങൾ അദ്ദേഹത്തെ ദേശീയ ടീമിലെത്തിച്ചു. 2019 മാർച്ചിൽ ദേശീയ അണ്ടർ 23 ടീമിനൊപ്പം ചേർന്ന സഹൽ, അതേ വർഷം ജൂണിൽ കുറകാവോയ്‌ക്കെതിരായ കിംഗ്സ് കപ്പ് മത്സരത്തിൽ സീനിയർ ദേശീയ ടീമിൽ അരങ്ങേറ്റം കുറിച്ചു. ആരാധകർ ആവേശത്തോടെ “ഇന്ത്യൻ ഓസിൽ’ എന്ന് വിളിക്കുന്ന സഹൽ രാജ്യാന്തര തലത്തിൽ കേരളത്തിൽ നിന്ന് ഉയർന്നുവരുന്ന താരങ്ങളിൽ ഒരാളാണ്.
“കുട്ടിക്കാലം മുതലുള്ള ഏറ്റവും വലിയ അഭിനിവേശവും പ്രതിബദ്ധതയുമാണ് ഫുട്ബോൾ. എന്റെ പ്രൊഫഷണൽ കരിയറിന്റെ തുടക്കം മുതൽ, കെബിഎഫ്‌സിയുടെ ജേഴ്സിയണിഞ്ഞ് ആവേശഭരിതരായ ആരാധകർക്ക് മുന്നിൽ കളിക്കുന്നത് ഞാൻ ശരിക്കും ആസ്വദിച്ചു. വരും വർഷങ്ങളിൽ ക്ലബിനും എനിക്കും വേണ്ടി കൂടുതൽ നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഇതാണ് എന്റെ നാട്, എന്റെ ആളുകൾ, എന്റെ വീട്. ഞാൻ ഇവിടെതന്നെ തുടരും.”, സഹൽ പറഞ്ഞു
“ക്ലബ്ബിനൊപ്പം സഹൽ തുടരുന്നത് കേരളത്തിനോടുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധതയെ വീണ്ടും ഉറപ്പിക്കുന്നതാണ്. ഒപ്പം വലിയ ഉത്തരവാദിത്തവും. അടുത്ത അഞ്ചുവർഷത്തേക്ക് അദ്ദേഹത്തെ ക്ലബിന്റെ ഭാഗമാക്കുന്നതിലൂടെ ആരാധകർക്ക് വരാനിരിക്കുന്ന സീസണുകളിൽ പ്രിയപ്പെട്ട കളിക്കാരന്റെ കളി ആസ്വദിക്കാനുള്ള അവസരം ലഭിക്കും. ആരാധകരുടെ ഈ സന്തോഷത്തിൽ ഞങ്ങൾ അതീവ സന്തുഷ്ടരാണ്. ഈ സംസ്ഥാനം നിരവധി ഫുട്ബോൾ ഇതിഹാസങ്ങളെ സൃഷ്ടിച്ചിട്ടിണ്ട്. യുവ പ്രാദേശിക പ്രതിഭകളെ വികസിപ്പിക്കുന്നതിലും, പരിപോഷിപ്പിക്കുന്നതിലും, വഴികാട്ടുന്നതിലും അതുവഴി കായികരംഗത്ത് കേരളത്തിന്റെ പാരമ്പര്യത്തെ ശക്തിപ്പെടുത്തുന്നതിലും
ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്.” സഹലിന്റെ കരാർ വിപുലീകരണത്തെക്കുറിച്ച് കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി സ്പോർട്ടിംഗ് ഡയറക്ടർ കരോലിസ് സ്കിൻകിസ് പറഞ്ഞു