ഇന്ത്യൻ സൂപ്പർ ലീഗിൽ ടൂർണമെന്റിന്റെ പകുതിയിലേറെ മത്സരങ്ങൾ പിന്നിടുമ്പോഴും ഉദ്ഘാടന മത്സരത്തിൽ നേടിയ വിജയം മാത്രമാണ് കേരള ബ്ലാസ്റ്റേഴ്സിന് ആകെ മൂന്ന് പോയിന്റ് തികച്ച് സമ്മാനിച്ചത്. പതിനൊന്ന് മത്സരങ്ങളിൽ ജയത്തേക്കാളും തോൽവിയെക്കാളും ഏറെ സമനിലയാണ് കേരളത്തിന്. ആറ് മത്സരങ്ങൾ സമനിലയിൽ അവസാനിച്ചപ്പോൾ നാലെണ്ണം പരാജയപ്പെട്ടു. എന്നാൽ ടീം ശക്തമായി മടങ്ങിവരുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിക്കുകയാണ് ബ്ലാസ്റ്റേഴ്സിന്റെ മലയാളി താരം സഹൽ അബ്ദുൾ സമദ്.
തുടക്കത്തിലെ അവസ്ഥയിലല്ല ടീം. പക്ഷെ ഇനി വരുന്ന മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ ടീമിനാകും. എല്ലാ ആരാധകരുടെയും ആഗ്രഹം അവരുടെ ടീം മികച്ചതാകണമെന്നാണ്. എന്നാൽ ഈ സീസണിൽ ഇതുവരെ ആരാധകരെ തൃപ്തിപ്പെടുത്താൻ തങ്ങൾക്കായില്ലെന്നും എന്നാൽ ആരാധകർ തന്നെയാണ് തങ്ങളുടെ കരുത്തെന്നും സഹൽ പറഞ്ഞു.
മറ്റ് പരിശീലകരെ പോലെ ഡേവിഡ് ജെയിംസിനും വ്യത്യസ്തമായ ശൈലിയാണുള്ളതെന്ന് കേരള ബ്ലാസ്റ്റേഴ്സിന്റെ മലയാളി താരം സഹൽ അബ്ദുൾ സമദ്. കളിക്കാരെന്ന രീതിയിൽ തങ്ങൾ അത് അനുസരിക്കണമെന്നും സഹൽ കൂട്ടിച്ചേർത്തു. ട്വിറ്ററിലൂടെ മുംബൈക്കെതിരെ ടീമിന്റെ വിജയപ്രതീക്ഷകൾ പങ്കുവയ്ക്കുകയായിരുന്നു സഹൽ.
“ഫുട്ബോളിൽ ഓരോ പരിശീലകർക്കും ഓരോ ശൈലിയാണ്, വ്യത്യസ്തമായ തന്ത്രങ്ങളും. ഡേവിഡ് ജെയിംസിന്റെ കാര്യത്തിലും അത് അങ്ങനെ തന്നെയാണ്. കളിക്കാരെന്ന നിലയ്ക്ക് ഞങ്ങൾ അദ്ദേഹത്തെ പിന്തുടരുക തന്നെ വേണം,” സഹൽ പറഞ്ഞു. ലീഗിൽ ബ്ലാസ്റ്റേഴ്സിനായി കളിക്കാൻ അവസരം നൽകിയതിൽ കോച്ചിനോട് നന്ദി ഉണ്ടെന്നും സഹൽ കൂട്ടിച്ചേർത്തു.
ഇന്ത്യൻ സൂപ്പർ ലീഗിന്റെ അഞ്ചാം പതിപ്പിൽ തങ്ങളുടെ രണ്ടാം വിജയം തേടി കേരള ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങുകയാണ്. രാത്രി 7.30ന് മുംബൈയിൽ അവരുടെ തട്ടകത്തിലാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ പോരാട്ടം. ടൂർണമെന്റിൽ പ്ലേ ഓഫ് സാധ്യത നിലനിർത്താൻ കേരളത്തിന് ഇന്ന് ജയം അനിവാര്യമാണ്. മുംബൈയാകട്ടെ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ള ടീമാണ്. 11 മത്സരങ്ങളിൽ ആറ് ജയവും മൂന്ന് സമനിലയും രണ്ട് തോൽവിയുമായി 21 പോയിന്റാണ് മുംബൈയ്ക്കുള്ളത്.