മാലിദ്വീപ്: സൗത്ത് ഏഷ്യന്‍ ഫുട്ബോള്‍ ഫെഡറേഷന് (സാഫ്) ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്ക് സമനില. ഫിഫ റാങ്കിങ്ങില്‍ 205-ാം സ്ഥാനക്കാരായ ശ്രീലങ്കയാണ് മുന്‍ ചാമ്പ്യന്മാരെ സമനിലയില്‍ തളച്ചത്. ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ രണ്ടാം സമനിലയാണിത്. ആദ്യ മത്സരത്തില്‍ ബംഗ്ലാദേശിനെ മറികടക്കാനും സുനില്‍ ഛേത്രിക്കും കൂട്ടര്‍ക്കും കഴിഞ്ഞിരുന്നില്ല. നിലവില്‍ ഗ്രൂപ്പില്‍ രണ്ട് പോയിന്റുമായി ഇന്ത്യ മൂന്നാമതാണ്.
കളിയില്‍ സമ്പൂര്‍ണ ആധിപത്യം സ്ഥാപിക്കാനായെങ്കിലും ഗോളുകള്‍ മാത്രം നേടാന്‍ ഛേത്രി നയിച്ച മുന്നേറ്റ നിരയ്ക്കായില്ല. 73 ശതമാനം പന്തടക്കം, 11 ഷോട്ടുകള്‍. ഒരു ഷോട്ട് മാത്രമാണ് ടാര്‍ഗറ്റില്‍ എത്തിക്കാനായത്. രണ്ടാം പകുതിയില്‍ നിരവധി സുവര്‍ണാവസരങ്ങളാണ് ഇന്ത്യയെ തേടിയെത്തിയത്. പക്ഷെ ഒന്നു പോലും ശ്രീലങ്കന്‍ വലയില്‍ എത്തിക്കാന്‍ സാധിച്ചില്ല.
കളിയുടെ അവസാന 20 മിനിറ്റുകളില്‍ ഇന്ത്യന്‍ താരങ്ങള്‍ ഗോളിനായ നിരന്തരം ശ്രമിച്ചു. 89-ാം മിനിറ്റില്‍ ഛേത്രി ഒരുക്കിയ അവസരം സുഭാശിഷിന് ഗോളാക്കാനായില്ല. പോസ്റ്റിന് തൊട്ടടുത്ത് നിന്നുള്ള ശ്രമം വിഫലമായി. കളിയുടെ അന്തിമ നിമിഷങ്ങളില്‍ വിജയഗോള്‍ പിറക്കുമെന്ന് തോന്നിയെങ്കിലും ലങ്കന്‍ ഗോളി സുജാന് പെരേര വീണ്ടും വില്ലനായി.