ധാക്ക: സാഫ് കപ്പിൽ ഗ്രൂപ്പ് ചാമ്പ്യന്മാരായി ഇന്ത്യ സെമിപോരാട്ടത്തിന്. അവസാന ഗ്രൂപ്പ് മത്സരത്തിൽ മാലിദ്വീപിനെ പരാജയപ്പെടുത്തിയതോടെയാണ് ഇന്ത്യ ഗ്രൂപ്പിൽ ഒന്നാമതെത്തിയത്. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ഇന്ത്യ മാലിദ്വീപിനെ പരാജയപ്പെടുത്തിയത്.

കളിയുടെ 36-ാം മിനിറ്റിൽ നിഖിൽ പൂജാരിയാണ് ഇന്ത്യക്കായി അക്കൌണ്ട് തുറന്നത്. ഇന്ത്യൻ ജേഴ്സിയിൽ യുവതാരത്തിന്റെ ആദ്യ ഗോൾ. ഒന്നാം പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് മൻവീർ സിങ് ലീഡ് രണ്ടാക്കി ഉയർത്തി. 45-ാം മിനിറ്റിലായിരുന്നു മൻവീറിന്റെ ഗോൾ.

സെമിയിൽ ഇന്ത്യയുടെ എതിരാളികൾ ചിരവൈരികളായ പാകിസ്ഥാനാണ്. ഇന്ത്യ ഗ്രൂപ്പ് ബിയിൽ ചാമ്പ്യന്മാരായതോടെയാണ് ഗ്രൂപ്പ് എയിലെ രണ്ടാം സ്ഥാനക്കാരായ പാകിസ്ഥാൻ ഇന്ത്യയുടെ എതിരാളികളായത്. സെപ്റ്റംബർ 12 നാണ് ഇന്ത്യ-പാക് സെമിഫൈനൽ.

ആദ്യ മത്സരത്തിൽ ശ്രീലങ്കയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് നിലവിലെ ചാമ്പ്യന്മാർ സാഫ് കപ്പിലെ തുടക്കം ഗംഭീരമാക്കിയത്. മലയാളി താരം ആഷിക് കുരുണിയനും ലാലിയൻസുവാല ചങ്തേയുമാണ് അന്ന് ഇന്ത്യക്കായി ഗോൾ നേടിയത്.

പുതിയ ക്യാപ്റ്റൻ അനിരുദ്ധ് താപ്പക്ക് കീഴിലും ഇന്ത്യ വിജയം ആവർത്തിച്ചതോടെ കിരീട പോരാട്ടത്തിൽ ഒരടികൂടി അടുത്തിരിക്കുകയാണ് ഇന്ത്യ. സീനിയർ താരങ്ങളാരുമില്ലാതെ അണ്ടർ 23 ടീമുമായായി സാഫ് കപ്പിന് ഇന്ത്യ എത്തിയത്. സെമിയിലെത്തിയെങ്കിലും അത്ര മികച്ച പ്രകടനമല്ല പുറത്തെടുക്കുന്നതെന്ന വിമർശനവുമുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook