യുറോപ്പിലെ ചാമ്പ്യന്‍ ആരാണെന്ന് അറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രമാണ് ബാക്കിയുള്ളത്. ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ ഇംഗ്ലീഷ് പ്രീമയര്‍ ലീഗ് ക്ലബ്ബായ ലിവര്‍പൂളും ലാ ലീഗയിലെ കരുത്തരായ റയല്‍ മാഡ്രിഡും തമ്മിലാണ് മൽസരം. കരുത്തര്‍ തമ്മിലുള്ള പോരാട്ടത്തിനായി കാത്തിരിക്കുകയാണ് ഫുട്‌ബോള്‍ ലോകം മുഴുവന്‍.

ചരിത്ര പോരാട്ടത്തിന് ഇറങ്ങും മുമ്പ് തന്റെ നാട്ടുകാര്‍ക്ക് ക്ലബ്ബിന്റെ ജഴ്‌സി സമ്മാനിച്ചാണ് ലിവര്‍പൂളിന്റെ മുന്നേറ്റ താരം സാഡിയോ മാനെ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചത്. തന്റെ ഗ്രാമമായ ബാംബാലിയിലെ മുന്നൂറ് പേര്‍ക്കാണ് മാനെ ലിവര്‍പൂളിന്റെ ജഴ്‌സി സമ്മാനിച്ചത്. ചെമ്പടയുടെ ജഴ്‌സിയണിഞ്ഞ് അവര്‍ക്ക് കളി കാണാനുള്ള അവസരം ഒരുക്കുകയാണ് മാനെ. ഉക്രെയിനിലെ കീവിലാണ് ഫൈനല്‍.

‘ഞാന്‍ ഫൈനലില്‍ കളിക്കുകയാണെങ്കില്‍ അതെന്റെ ജീവിതത്തിലെ ഏറ്റവും നിർണായക മുഹൂര്‍ത്തമാകും. എന്റെ അമ്മയും അങ്കിളുമെല്ലാം ഇപ്പോഴും ഗ്രാമത്തില്‍ തന്നെയാണ് ജീവിക്കുന്നത്. എതാണ്ട് 2000 പേരുണ്ട് ഗ്രാമത്തില്‍. ഞാന്‍ നല്‍കിയ ജഴ്‌സിയണിഞ്ഞ് അവരില്‍ 300 പേര്‍ കളി കാണാനെത്തും,” മാനെ പറയുന്നു.

2005 ല്‍ എസി മിലാനെ തകര്‍ത്ത് ലിവര്‍പൂള്‍ കപ്പുയര്‍ത്തിയത് മാനെ ഇന്നും ഓര്‍ക്കുന്നുണ്ട്. ”എസി മിലാനും ലിവര്‍പൂളും തമ്മിലുള്ള മൽസരം ഞാന്‍ ഓര്‍ക്കുന്നു. മൂന്ന് ഗോളിന് പിന്നില്‍, പിന്നെ 3-3, പെനാല്‍റ്റി. അതൊരു വലിയ ഓർമയാണ്. ഞാന്‍ ഗ്രാമത്തിലിരുന്നാണ് കണ്ടത്. അന്ന് ഞാന്‍ ലിവര്‍പൂളിനെ ആയിരുന്നില്ല പിന്തുണച്ചിരുന്നത്. ഞാനൊരു ബാഴ്‌സലോണ ഫാന്‍ ആയിരുന്നു. എന്റെ ഒരു സുഹൃത്തിനൊപ്പമായിരുന്നു കളി കണ്ടത്. മൂന്ന് ഗോളിന് പിന്നിലായപ്പോള്‍ അവന്‍ ആകെ തകര്‍ന്നു പോയിരുന്നു.”

”അവന്‍ കളി കാണുന്നത് അവസാനിപ്പിച്ച് പോയി. പിന്നെ തിരികെ വന്നപ്പോള്‍ അവന് എന്താണ് സംഭവിച്ചതെന്ന് വിശ്വസിക്കാന്‍ കഴിഞ്ഞില്ല. അവന്‍ വലിയ ലിവര്‍പൂള്‍ ഫാന്‍ ആയിരുന്നു. അവനിന്നും സെനഗളിലുണ്ട്. അന്നത്തെ പോലെ 3-0 ആകരുതെന്ന് അവനെന്നോട് പറഞ്ഞിട്ടുണ്ട്,” മാനെ പറയുന്നു.

ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ കാണാനായി ഗ്രാമത്തിലുള്ളവര്‍ മറ്റ് ജോലികളെല്ലാം ഉപേക്ഷിച്ച് ടെലിവിഷന് മുന്നിലെത്തുമെന്നാണ് മാനെ പറയുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ