scorecardresearch

Latest News

IPL Auction: ‘ഐപിഎല്ലിന്റെ വിഷമകരമായ വശം’; ലേലത്തിനിടയിലെ നിമിഷത്തെക്കുറിച്ച് ഹര്‍ഭജന്‍

രണ്ടാം ദിനത്തില്‍ താരത്തിനെ വാങ്ങാന്‍ ആരെങ്കിലും തയാറായേക്കുമെന്ന പ്രതീക്ഷയും ഹര്‍ഭജന്‍ പങ്കുവച്ചു

Harbhajan Singh

ബെംഗളൂരു: മിസ്റ്റര്‍ ഐപിഎല്‍ എന്ന് വിശേഷണം ലഭിച്ച സുരേഷ് റെയ്നയെ താരലേലത്തില്‍ ഒരു ടീമും വാങ്ങിക്കാതെ പോയതില്‍ പ്രതികരണവുമായി മുന്‍ താരം ഹര്‍ഭജന്‍ സിങ്. രണ്ട് കോടി രൂപയായിരുന്നു റെയ്നയുടെ അടിസ്ഥാന വില. ഇതാണ് ഐപിഎല്ലിന്റെ വിഷമകരമായ വശമെന്നായിരുന്നു ഹര്‍ഭജന്റെ ആദ്യ മറുപടി.

“ലേലത്തിനിടയില്‍ എന്നെ ഏറ്റവും വിഷമിപ്പിച്ച ഒന്നായിരുന്നു റെയ്നയെ ആരും വാങ്ങാന്‍ തയാറാകാതിരുന്നത്. ഉറപ്പായും ഏതെങ്കിലും ടീം അയാള്‍ക്കായി വരുമായിരിക്കണം. പക്ഷെ റെയ്ന ഒരുപാട് നാളായി കളത്തില്‍ സജീവമല്ലാത്തതുകൊണ്ട് ഉറപ്പു പറയാന്‍ സാധിക്കില്ല,” ഹര്‍ഭജന്‍ ഇന്ത്യ ടുഡെയോട് പറഞ്ഞു.

ചെന്നൈ സൂപ്പര്‍ കിങ്സ് ഐപിഎല്ലിന്റെ ഭാഗമായ 12 സീസണുകളില്‍ 11 ലും റെയ്ന ഭാഗമായിരുന്നു. ഐപിഎല്ലിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ബാറ്റര്‍മാരിലൊരാളായാണ് റെയ്നയെ വിലയിരുത്തുന്നത്.

“ചെന്നൈ സൂപ്പര്‍ കിങ്സിലെ സ്ഥിരാംഗമായിരുന്നു റെയ്ന. റെയ്നയോടൊപ്പം ഉമേഷ് യാദവിനേയും ആരു വാങ്ങാന്‍ തയാറാകാത്തതും വിഷമകരമായ ഒന്നാണ്. ചിലപ്പോള്‍ ചെന്നൈ റെയ്നയെ ഇന്ന് വാങ്ങിക്കാനുള്ള സാധ്യതയുണ്ട്. പക്ഷെ ആദ്യ അവസരത്തില്‍ അതുണ്ടായില്ല,” ഹര്‍ഭജന്‍ കൂട്ടിച്ചേര്‍ത്തു.

“ഏറ്റവും മികച്ച ഫോമില്‍ തുടര്‍ന്ന കാലഘട്ടത്തില്‍ ചെന്നൈയുടെ മാത്രമായിരുന്നില്ല, എല്ലാ ടീമും ലക്ഷ്യമിടുന്ന താരമായിരുന്നു റെയ്ന. 13, 14 വര്‍ഷങ്ങള്‍ക്ക് ശേഷമിപ്പോള്‍ നിരവധി താരങ്ങളുണ്ട്. അന്തിമ ഇലവനില്‍ ഇടം നേടാന്‍ പോലും റെയ്നയ്ക്ക് സാധിക്കാതെ വന്നേക്കാം,” ഹര്‍ഭജന്‍ വ്യക്തമാക്കി.

Also Read: IPL Mega Auction Live Updates: ഇന്ന് മോര്‍ഗനും എന്‍ഗിഡിയുമടങ്ങിയ വമ്പന്‍ താരനിര; ശ്രീശാന്തും പട്ടികയില്‍

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Sad sight of ipl says harbhajan on raina going unsold