അബുദാബി: ഇന്ത്യയിന്ന് ചിരവൈരികളായ പാക്കിസ്ഥാനെതിരെ വീണ്ടും ഇറങ്ങുകയാണ്. കഴിഞ്ഞ മത്സരത്തില്‍ 14 മാസങ്ങള്‍ക്ക് ശേഷമുള്ള തന്റെ തിരിച്ചുവരവ് ഗംഭീരമാക്കിയ രവീന്ദ്ര ജഡേജയായിരിക്കും ഇന്നത്തേയും ശ്രദ്ധാ കേന്ദ്രം. കഴിഞ്ഞ തവണ നാല് വിക്കറ്റെടുത്ത ജഡേജ ഇന്നും ആ പ്രകടനം ആവര്‍ത്തിക്കുകയാണെങ്കില്‍ താരത്തെ തേടി എത്തുക അപൂര്‍വ്വമായൊരു റെക്കോര്‍ഡായിരിക്കും.
ഏഷ്യാ കപ്പില്‍ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടുന്ന താരം എന്ന റെക്കോര്‍ഡാണ് ഒരു വിക്കറ്റ് അകലെ ജഡേജയെ കാത്തു നില്‍ക്കുന്നത്. കഴിഞ്ഞ ദിവസനത്തെ പ്രകടനത്തോടെ ഏഷ്യാകപ്പില്‍ 16 വിക്കറ്റുകളാണ് ജഡേജ നേടിയത്. രസകരമായൊരു വസ്തുത നിലവില്‍ ഈ റെക്കോര്‍ഡ് സാക്ഷാല്‍ സച്ചിന്റെ പേരിലാണ് എന്നതാണ്.
23 കളികളിലായി 17 വിക്കറ്റുകളാണ് സച്ചിന്റെ സമ്പാദ്യം. എന്നാല്‍ വെറും 11 മത്സരങ്ങളില്‍ നിന്നാണ് ജഡേജ 16 വിക്കറ്റുകള്‍ നേടിയത്. മൂന്നാം സ്ഥാനത്ത് 14 വിക്കറ്റ് നേടിയ അശ്വിനാണ്. മികച്ച ഫോമില്‍ പന്തെറിയുന്ന ജഡേജ പാക്കിസ്ഥാനെതിരായ മത്സരത്തില്‍ തന്നെ റെക്കോർഡ് സ്വന്തമാക്കുമെന്നാണ് ക്രിക്കറ്റ് ലോകം പ്രതീക്ഷിക്കുന്നത്.
പരുക്കേറ്റ ഹാര്‍ദിക് പാണ്ഡ്യയ്ക്ക് പകരക്കാരനായാണ് ജഡേജ ടീമിലെത്തിയത്. ബംഗ്ലാദേശിനെതിരെ 10 ഓവറില്‍ 29 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് ജഡേജ 4 വിക്കറ്റ് സ്വന്തമാക്കിയത്.