വിന്‍ഡീസിനെതിരായ ആദ്യ ഏകദിനത്തിന്റെ ഹൈലൈറ്റുകളിലൊന്നായിരുന്നു ഓപ്പണര്‍ രോഹിത് ശര്‍മ്മയുടെ തകര്‍പ്പന്‍ സെഞ്ച്വറി. തന്റെ കറിയറില്‍ ആറാമത്തെ വട്ടം 150 കടന്ന് റെക്കോര്‍ഡ് ബുക്കില്‍ പേരെഴുതി ചേര്‍ത്ത രോഹിതിനെ കാത്ത് അടുത്ത ഏകദിനത്തിലും ഒരു റെക്കോര്‍ഡ് ഇരിപ്പുണ്ട്.
കഴിഞ്ഞ മത്സരത്തില്‍ മുന്‍ നായകനും ഇന്ത്യന്‍ ഇതിഹാസവുമായ സൗരവ്വ് ഗാംഗുലിയുടെ 190 സിക്സുകളുടെ റെക്കോര്‍ഡ് തകര്‍ത്ത രോഹിതിന് മുന്നിലുള്ളത് സാക്ഷാല്‍ സച്ചിന്റെ തന്നെ റെക്കോര്‍ഡാണ്. ഒരു സിക്സ് അകലെ മാത്രമാണ് ഈ റെക്കോര്‍ഡും രോഹിത്തും തമ്മിലുള്ള അകലം. 194 സിക്സുകളാണണ് രോഹിത്തിന്റെ അക്കൗണ്ടിലുള്ളത്. സച്ചിന് 195 ഉം.
അടുത്ത ഏകദിനത്തില്‍ സച്ചിനെ മറികടന്നാല്‍ പിന്നെ രോഹിത്തിന് മുന്നിലുള്ള ഏക ഇന്ത്യന്‍ താരം എംഎസ് ധോണിയാകും. 351 സിക്സുകളടിച്ച പാക് താരം ഷാഹിത് അഫ്രീദിയാണ് പട്ടികയില്‍ ഒന്നാമത്. ധോണി 214 സിക്സുകള്‍ അടിച്ചിട്ടുണ്ട്. വിന്‍ഡീസ് വെടിക്കെട്ട് താരം ക്രിസ് ഗെയില്‍, ശ്രീലങ്കന്‍ ഇതിഹാസം സനത് ജയസൂര്യ എന്നിവരും പട്ടികയില്‍ രോഹിത്തിന് മുമ്പിലുള്ളവരാണ്.
എട്ട് സിക്സുകളാണ് ഗുവാഹത്തിയില്‍ രോഹിത് അടിച്ച് കൂട്ടിയത്. 152 റണ്‍സ് ആണ് ആകെ നേടിയത്. ഈ ഫോം അടുത്ത മത്സരത്തിലും തുടര്‍ന്നാല്‍ സച്ചിന്റെ റെക്കോര്‍ഡ് അനായാസം മറി കടക്കാന്‍ രോഹിത്തിനാകും. നാളെ വിശാഖ പട്ടണത്താണ് ഇന്ത്യ-വിന്‍ഡീസ് പരമ്പരയിലെ രണ്ടാമത്തെ ഏകദിനം.