മുംബൈ: ഗാംഗുലിയുടെ കീഴിൽ ക്രിക്കറ്റ് മൈതാനങ്ങളിൽ ഇന്ത്യ തലയുയർത്തി വിജയിച്ചുവന്ന കാലം. അന്ന് ദ്രാവിഡ്, ഇനിയും വിക്കറ്റ് കീപ്പറാകാൻ പറ്റില്ലെന്ന് തറപ്പിച്ച് പറഞ്ഞപ്പോഴാണ് ബിസിസിഐ ഈ സ്ഥാനത്തേക്ക് പുതിയ താരത്തെ തേടിയത്. പുതിയൊരു വിക്കറ്റ് കീപ്പർക്ക് വേണ്ടി ഇന്ത്യ തിരച്ചിൽ നടത്തുന്ന കാലത്താണ് 17 വയസും 153 ദിവസവും മാത്രം പ്രായമുണ്ടായിരുന്ന പാർത്ഥിവ് പട്ടേൽ ദേശീയ ടീമിലേക്ക് കയറുന്നത്.

നീണ്ട മൂന്ന് വർഷം ഇന്ത്യൻ ടീമിൽ സ്ഥിരം വിക്കറ്റ് കീപ്പറെന്ന സ്ഥാനത്തിൽ കളിച്ച പാർത്ഥിവിന് പക്ഷെ പലപ്പോഴും ബാറ്റിംഗിൽ തിളങ്ങാനായില്ല. ഈ സ്ഥാനത്തേക്ക് പിന്നീട് വന്ന മഹേേന്ദ്ര സിംഗ് ധോണി സെലക്ടർമാരുടെയും ക്യാപ്റ്റന്റെയും മനസ് നിറച്ച് കളിച്ചു. ധോണി പിന്നീട് ഇന്ത്യൻ സംഘത്തിലെ നിർണ്ണായക കേന്ദ്രമായി വളർന്നതോടെ പാർത്ഥിവ് കളത്തിന് പുറത്തായി.

ഇന്ത്യൻ ടെസ്റ്റ് ടീം കാപ് അഴിച്ചുവെച്ച് വിരമിക്കൽ പ്രഖ്യാപിച്ച ധോണി, പിന്നീട് പരിമിത ഓവർ മത്സരങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു. ഇതോടെ വൃദ്ധിമാൻ സാഹയാണ് സ്ഥിരം വിക്കറ്റ് കീപ്പറായി ഇന്ത്യൻ ടീമിലേക്ക് വന്നത്. 2016 ൽ ഇന്ത്യയിലെത്തിയ ഇംഗ്ലണ്ടുമായുളള ടെസ്റ്റ് മത്സരത്തിലേക്കാണ് നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും താരത്തെ വിളിച്ചത്. ബാറ്റിംഗിൽ മികവുകാട്ടിയ പാർത്ഥിവ് സെലക്ടർമാരുടെ തീരുമാനത്തിന് കളിമികവ് കൊണ്ട് സാക്ഷ്യപ്പെടുത്തി. ഇക്കഴിഞ്ഞ ദക്ഷിണാഫ്രിക്കൻ പരമ്പരയിലും മൂന്നിൽ രണ്ട് ടെസ്റ്റിലും പാർത്ഥിവ് ഇന്ത്യൻ ടീമിലുണ്ടായിരുന്നു.

അദ്ദേഹത്തിന്റെ പിറന്നാളാണിന്ന്. ഇന്നേക്ക് 32 വയസ് പ്രായമായിരിക്കുന്നു ഈ അന്താരാഷ്ട്ര താരത്തിന്. പക്ഷെ സാക്ഷാൽ സച്ചിൻ ടെണ്ടുൽക്കർക്ക് ഇപ്പോഴും പാർത്ഥിവ് പട്ടേൽ കുഞ്ഞുകുട്ടിയെ പോലെയാണ്. താരത്തിന് ആശംസ പറഞ്ഞ് സച്ചിൻ തന്റെ ഫെയ്‌സ്ബുക്ക് പേജിൽ കുറിച്ചതിങ്ങനെ, “പ്രായമാകാത്ത ആൺകുട്ടിക്. ഹാപ്പി ബർത്ത്ഡേ പാർത്ഥിവ് പട്ടേൽ. ഒരു മഹത്തായ വർഷം ആശംസിക്കുന്നു. നിശ്ചയദാർഢ്യത്തോടെ മുൻപത്തേത് പോലെ കളിക്കുക,” സച്ചിൻ കുറിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ