മുംബൈ: പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ലോകകപ്പില്‍ പാക്കിസ്ഥാനെതിരായ മത്സരത്തില്‍ നിന്നും ഇന്ത്യ പിന്മാറണമെന്ന വാദം ശത്മാവുകയാണ്. ഈ സാഹചര്യത്തില്‍ പിന്‍മാറുന്നതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് ക്രിക്കറ്റ് ഇതിഹാസം സച്ചില്‍ ടെണ്ടുല്‍ക്കര്‍. രണ്ട് പോയന്റ് വെറുതെ പാക്കിസ്ഥാന് നല്‍കുന്നതിനോട് സച്ചിന് താല്‍പര്യമില്ല.

”ലോകകപ്പില്‍ എന്നും ഇന്ത്യ പാക്കിസ്ഥാന പരാജയപ്പെടുത്തിയിട്ടുണ്ട്. ഒരിക്കല്‍ കൂടി അത് ആവര്‍ത്തിക്കാനുള്ള അവസരമാണ്. രണ്ട് പോയന്റ് അവര്‍ക്ക് വെറുതെ നല്‍കുന്നതിനോട് വ്യക്തിപരമായി യോജിക്കുന്നില്ല” സച്ചിന്‍ പറഞ്ഞു. അതേസമയം, പൗരനെന്ന നിലയില്‍ രാജ്യമാണ് പ്രധാനമെന്നും രാജ്യത്തിന്റെ തീരുമാനം എന്തായാലും പിന്തുണക്കുമെന്നും സച്ചിന്‍ പറഞ്ഞു.

”എനിക്ക് എന്നും ഇന്ത്യയാണ് ആദ്യം. അതുകൊണ്ട് എന്റെ രാജ്യം എന്തു തീരുമാനിക്കുന്നുവോ ആ തീരുമാനത്തെ അംഗീകരിക്കും” സച്ചിന്‍ വ്യക്തമാക്കി. നേരത്തെ സമാനമായ അഭിപ്രായം തന്നെയായിരുന്നു സുനില്‍ ഗവാസ്‌കറും മുന്നോട്ട് വച്ചത്. അതേസമയം, മുന്‍ നായകന്‍ സൗരവ്വ് ഗാംഗുലി മത്സരത്തില്‍ നിന്നും പിന്മാറണമെന്നാണ് അഭിപ്രായപ്പെട്ടത്.

അന്തിമ തീരുമാനം കേന്ദ്ര സര്‍ക്കാരിന് വിടാനാണ് ബിസിസിഐ തീരുമാനിച്ചിരിക്കുന്നത്. സിഒഎ തലവന്‍ വിനോദ് റായിയാണ് തീരുമാനം അറിയിച്ചത്. ലോകകപ്പിന് ഇനിയും മൂന്ന മാസം ബാക്കിയുള്ളതിനാല്‍ തിടുക്കപ്പെടേണ്ടതില്ലെന്നാണ് സിഒഎ തീരുമാനം.

”ലോകകപ്പില്‍ ഇന്ത്യയും പാക്കിസ്ഥാനും കളിക്കുന്നത് ജൂണ്‍ 16നാണ്. അന്തിമതീരുമാനം പിന്നീട് എടുക്കും. സര്‍ക്കാരുമായി ആലോചിച്ചായിരിക്കും തീരുമാനമെടുക്കുക” പ്രത്യേക ജനറല്‍ മീറ്റിങിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു റായി. ഇതുമായി ബന്ധപ്പെട്ട് ഐസിസിക്ക് എഴുതുമെന്നും അദ്ദേഹം അറിയിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook