സ്കൂള്‍ കാലത്തുണ്ടായ ഒരനുഭവമാണ് സച്ചിന്‍ ആരാധകരുമായി പങ്കു വച്ചത്. അധ്യാപക  ദിനമായ ഇന്ന്  തന്‍റെ സോഷ്യല്‍ മീഡിയയിലൂടെയാണ് സച്ചിന്‍ വീഡിയോ പങ്കു വച്ചത്.

‘അപ്പോള്‍ ഞാന്‍ ജൂനിയര്‍ ടീമിന് വേണ്ടി മാത്രമാണ് കളിച്ചിരുന്നത്. ഞങ്ങളുടെ സീനിയര്‍ ടീം അന്ന് വാന്‍ഖടെ സ്റ്റേഡിയത്തില്‍ ഹാരിസ് ഷീല്‍ഡ്സ് ഫൈനല്‍ കളിക്കുന്നുണ്ടായിരുന്നു. ഞങ്ങളുടെ കോച്ച് രമാകാന്ത് അച്റെക്കര്‍ സാര്‍ എനിക്ക് വേണ്ടി ഒരു പരിശീലന മാച്ച്  ഏര്‍പ്പെടുത്തിയിരുന്നു.

 

അദ്ദേഹം എന്നോട് പറഞ്ഞു ‘സ്കൂള്‍ കഴിഞ്ഞതിന് ശേഷം നീ അങ്ങോട്ട്‌ ചെല്ലണം. ഞാന്‍ ക്യാപ്റ്റനോട് പറഞ്ഞിട്ടുണ്ട്. നിന്നെ നാലാമതായി ബാറ്റ് ചെയ്യിക്കാന്‍. ഫീല്‍ഡിംഗ് ഒന്നും ചെയ്യേണ്ട’

അതായിരുന്നു എന്‍റെ മാച്ച് പരിശീലനം. എങ്ങനെ ബാറ്റ് ചെയ്യണം, എങ്ങനെ റണ്‍സ് എടുക്കണം എന്നുള്ളതൊക്കെ ഞാന്‍ പഠിച്ചത് അവിടെ നിന്നാണ്. ഇതൊന്നും നെറ്റ് പരിശീലനത്തിലൂടെ ലഭിക്കുന്നതല്ല.

സീനിയര്‍ ടീം കളിക്കുന്ന ദിവസം വാന്‍ഖടെ സ്റ്റേഡിയത്തില്‍ ഞാന്‍ പോയിരുന്നു. വെറുതെ അവരെ പ്രോത്സാഹിപ്പിക്കാന്‍. മാച്ച് കഴിഞ്ഞപ്പോള്‍ ഞാന്‍ അച്റെക്കര്‍ സാറിനെ കണ്ടു. അദ്ദേഹം എന്നോട് ചോദിച്ചു, ‘നിനക്കിന്നെത്ര റണ്‍സ് കിട്ടി’,

‘എന്‍റെ സീനിയര്‍ ടീം കളിക്കുന്ന മാച്ച് കാണാന്‍ വന്നതാണ്, അവരെ ചീര്‍ ചെയ്യാം, കൈയ്യടിക്കാം എന്ന് കരുതി’, ഞാന്‍ മറുപടി പറഞ്ഞു.

‘ഇവിടെയിരുന്നു മറ്റുള്ളവര്‍ക്ക് വേണ്ടി കൈയ്യടിക്കാതെ, എങ്ങനെ കൈയ്യടി നേടാം എന്നാലോചിക്ക്, നിന്‍റെ ക്രിക്കറ്റില്‍ ശ്രദ്ധിക്കൂ’

ആ ദിവസത്തിന് പിന്നീട് ഞാനൊരിക്കലും മാച്ച് മുടക്കിയിട്ടില്ല.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ