അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇതിഹാസ താരം സച്ചിൻ ടെണ്ടുൽക്കറുടെ മറ്റൊരു റെക്കോർഡ് കൂടി തിരുത്തപ്പെട്ടിരിക്കുന്നു. അന്താരാഷ്ട്ര ക്രിക്കറ്റിൽ അർദ്ധസെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന റെക്കോർഡ് ഇനി നേപ്പാളിന്റെ രോഹിത് പൗഡലിന് സ്വന്തം. യുഎഇയ്ക്കെതിരായ മത്സരത്തിൽ അർദ്ധസെഞ്ചുറി തികച്ചുകൊണ്ടായിരുന്നു രോഹിത് സച്ചിന്റെ റെക്കോർഡ് തിരുത്തിയെഴുതിയത്.
യുഎഇയ്ക്കെതിരെ 58 പന്തിൽ 55 റൺസ് നേടുമ്പോൾ രോഹിതിന്റെ പ്രായം 16 വയസും 146 ദിവസവുമാണ്. പാക്കിസ്ഥാനെതിരെ 16 വയസും 213 ദിവസവും പ്രായമുള്ളപ്പോഴാണ് സച്ചിൻ ആദ്യ അർദ്ധസെഞ്ചുറി തികയ്ക്കുന്നത്. അന്ന് 59 റൺസാണ് താരം അടിച്ചുകൂട്ടിയത്. ഏകദിനത്തിൽ പ്രായം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരവും ഇനി രോഹിത് തന്നെയായിരിക്കും. പാക്കിസ്ഥാൻ ഇതിഹാസ താരം ഷാഹിദ് അഫ്രീദിയുടെ 16 വയസും 217 ദിവസവും ഇനി പഴങ്കഥയായി.
എന്നാൽ ഏകദിനത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അർദ്ധസെഞ്ചുറിയൻ ഒരു വനിത താരമാണ്. തന്റെ പതിനാലാം വയസിൽ ഏകദിനത്തിലും ടെസ്റ്റിലും അർദ്ധസെഞ്ചുറി നേടിയ ജോമറി ലോങ്ടണബർഗിന്റെ പേരിലാണ് ആ റെക്കോർഡ്.