അഫ്ഗാനിസ്ഥാനെതിരായ കളിയില്‍ ഇന്ത്യ ജയിച്ചെങ്കിലും മധ്യനിരയുടെ മെല്ലെപ്പോക്ക് ബാറ്റിങ് വിമര്‍ശന വിധേയമായിരുന്നു. ധോണിയും കേദാര്‍ ജാദവും ചേര്‍ന്നുള്ള കൂട്ടുകെട്ട് റണ്‍ കണ്ടെത്താനാകാതെ ബുദ്ധിമുട്ടിയതിനെതിരെ ആരാധകരില്‍ നിന്നും ക്രിക്കറ്റ് വിദഗ്ധരില്‍ നിന്നും ഒരുപോലെ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിഹാസ താരം സച്ചിനും ഇരുവരേയും വിമര്‍ശിച്ചു. എന്നാൽ, ധോണിക്കെതിരെ വിമർശനമുന്നയിച്ച സച്ചിനെ തേടിയെത്തിയത് പരിഹാസങ്ങളും ആക്ഷേപങ്ങളും. ധോണി ഫാൻസാണ് സച്ചിനെതിരെ കഴിഞ്ഞ ദിവസം രംഗത്തുവന്നത്. ’90 ല്‍ നിന്നും 100 ല്‍ എത്താന്‍ ഇഴയുന്നയാളാണ് ധോണിയെ വിമര്‍ശിക്കുന്നത്’ എന്നൊക്കെയാണ് സച്ചിനെതിരെ ധോണി ഫാൻസ് ഉന്നയിച്ച വിമർശനം.
എന്നാൽ, ലോകകപ്പ് ക്രിക്കറ്റിൽ സച്ചിന് പകരം വയ്ക്കാൻ മറ്റൊരാളില്ലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ആരെയും അതിശയിപ്പിക്കുന്ന നേട്ടങ്ങളുടെ ഉടമയാണ് ലോകകപ്പ് ക്രിക്കറ്റിൽ സച്ചിൻ. ആ കണക്കുകൾ ഇങ്ങനെയാണ്:
1992 മുതല്‍ 2011 വരെ അഞ്ച് ലോകകപ്പുകളിലാണ് സച്ചിന് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനായി കളത്തിലിറങ്ങിയിരിക്കുന്നത്. ഇതുവരെ ലോകകപ്പില്‍ ഒരു കളിക്കാരന് നേടിയ ഏറ്റവും കൂടുതല്‍ റണ്‍സ് എന്ന നേട്ടം സച്ചിന് സ്വന്തമാണ്. 44 ഇന്നിങ്സുകളില്‍ നിന്ന് സച്ചിന് ലോകകപ്പില്‍ നേടിയിരിക്കുന്നത് 2278 റണ്‍സാണ്. ആറ് സെഞ്ചുറികളും 15 അര്‍ധ സെഞ്ചുറികളും നേടിയ സച്ചിന്റെ ലോകകപ്പ് ക്രിക്കറ്റിലെ ആവറേജ് 56.95 ആണ്.
Read Also: ക്രിക്കറ്റ് ദൈവ’ത്തിന്റെ 46 റെക്കോർഡുകൾ
2003 ല്‍ നമീബിയക്കെതിരെ നേടിയ 151 പന്തില്‍ നിന്ന് 152 റണ്‍സാണ് ലോകകപ്പിലെ സച്ചിന്റെ ഏറ്റവും ഉയര്‍ന്ന സ്കോര്‍. 18 ഫോറുകള്‍ അടങ്ങിയതായിരുന്നു ആ ഇന്നിങ്സ്. 2003 ലെ ലോകകപ്പില്‍ തന്നെ ചിരവൈരികളായ പാക്കിസ്ഥാനെതിരെ സച്ചിന് 98 റണ്‍സ് അടിച്ചുകൂട്ടിയത് ഇന്നും ക്രിക്കറ്റ് പ്രേമികളുടെ ഓര്‍മയിലുണ്ടാകും.
1996 ലെ ലോകകപ്പിലാണ് സച്ചിന് ആദ്യമായി ലോകകപ്പ് സെഞ്ചുറി നേടുന്നത്. കെനിയക്കെതിരെ 127 റണ്‍സുമായി സച്ചിന് പുറത്താകാതെ നിന്നു. രണ്ടാഴ്ചക്ക് ശേഷം സച്ചിന് ലോകകപ്പിലെ രണ്ടാം സെഞ്ചുറിയും കരസ്ഥമാക്കി. എതിരാളികള്‍ ശ്രീലങ്കയായിരുന്നു. സച്ചിന് നേടിയത് 137 റണ്‍സും.
ലോകകപ്പ് ക്രിക്കറ്റിലെ ഒരു സീരിസില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് സ്വന്തമാക്കിയ താരം എന്ന നേട്ടവും സച്ചിന് സ്വന്തം. 2003 ലെ ലോകകപ്പിലാണ് സച്ചിന് ഈ നേട്ടം കൈവരിച്ചത്. ഇന്ത്യ ഫൈനല്‍ വരെ എത്തിയ ലോകകപ്പില്‍ സച്ചിന് നേടിയത് 673 റണ്‍സാണ്. 11 കളികളില്‍ നിന്നാണ് ഈ നേട്ടം. ഫൈനലില്‍ ഓസ്ട്രേലിയയോട് ഇന്ത്യ തോറ്റെങ്കിലും ടൂര്‍ണമെന്റിലെ താരം സച്ചിനായിരുന്നു. 2019 ലോകകപ്പ് പുരോഗമിക്കുമ്പോള്‍ സച്ചിന്റെ ഈ റെക്കോര്‍ഡ് ഓസ്ട്രേലിയയുടെ ഡേവിഡ് വാര്‍ണര്‍ മറികടക്കുമെന്നാണ് ക്രിക്കറ്റ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.
Read Also: ’90 ല്‍ നിന്നും 100 ല്‍ എത്താന്‍ ഇഴയുന്നയാളാണ് ധോണിയെ വിമര്‍ശിക്കുന്നത്’; സച്ചിനെതിരെ തല ആരാധകര്‍
ഇന്ത്യ ലോകകപ്പ് കിരീടം ചൂടിയ 2011 ലും സച്ചിന് മികച്ച പ്രകടനമാണ് രാജ്യത്തിന് വേണ്ടി നടത്തിയത്. 2011 ല്‍ ഇംഗ്ലണ്ടിനെതിരെ 120 റണ്‍സും ദക്ഷിണാഫ്രിക്കക്കെതിരെ 111 റണ്‍സും സച്ചിന് നേടിയിരുന്നു. ധോണി ആരാധകരുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്കാന് ഇതില്‍ കൂടുതല്‍ എന്ത് വേണമെന്നാണ് ഇപ്പോള്‍ സച്ചിന് ആരാധകരുടെ ചോദ്യം.