സച്ചിന്‍ ടെന്‍ഡുല്‍ക്കറിന് ക്രിക്കറ്റ് ദൈവമെന്ന പേര് വീണത് അദ്ദേഹത്തിന്റെ മികവുറ്റ പ്രകടനം ഒന്ന് കൊണ്ട് മാത്രമല്ല. കളിക്കളത്തിന് അകത്തും പുറത്തും സച്ചിന്‍ കരുതി വയ്ക്കുന്ന മാന്യമായ പെരുമാറ്റം ഒന്ന് കൊണ്ട് കൂടിയാണ് അദ്ദേഹം ആരാധകരുടെ സ്നേഹം പിടിച്ചു പറ്റുന്നതും ഈ വിളിപ്പേരിന് അനുയോജ്യനായി മാറുന്നതും. കളിക്കളത്തില്‍ സച്ചിന്‍ ദേഷ്യപ്പെടുന്ന രംഗങ്ങള്‍ വളരെ വിരളമായി മാത്രമാണ് നമ്മള്‍ കണ്ടിട്ടുളളത്.

എതിര്‍താരം എത്ര പ്രകോപിപ്പിച്ചാലും സംയമനം കൈവിടാത്തയാളാണ് സച്ചിന്‍. എന്നാല്‍ സച്ചിനെ ദേഷ്യം പിടിപ്പിച്ച അഞ്ച് സന്ദര്‍ഭങ്ങള്‍ അടങ്ങിയ വീഡിയോ ആണ് ഇപ്പോള്‍ പ്രചരിക്കുന്നത്. സഹതാരമായ വി.വി.എസ്.ലക്ഷ്മണും ഓസ്ട്രേലിയന്‍ മുന്‍ നായകന്‍ റിക്കി പോണ്ടിങ്ങും സിംബാബ്‍വെൻ ബോളര്‍ ഒലോംഗയും ഒക്കെ സച്ചിന്റെ കോപത്തിന് ഇരയായ രംഗങ്ങളാണ് ഇവ.

സച്ചിനെ താന്‍ ദേഷ്യം പിടിപ്പിച്ച ഒരു സംഭവം വെളിപ്പെടുത്തി കഴിഞ്ഞ ദിവസം വിരേന്ദര്‍ സെവാഗും രംഗത്തെത്തിയിരുന്നു. 2011ല്‍ സൗത്ത് ആഫ്രിക്കയുമായി നടന്ന സന്നാഹ മത്സരത്തിനിടയിലായിരുന്നു സംഭവം. കളി ആരംഭിച്ച് ഒരു ഓവര്‍ പിന്നിട്ടപ്പോള്‍ തനിക്ക് ഫോക്കസ് ലഭിക്കുന്നില്ല. നന്നായി കൈകാര്യം ചെയ്യാന്‍ സാധിക്കുന്ന ബോളുകള്‍ പോലും നേരിടാന്‍ സാധിക്കാത്ത അവസ്ഥ.

അങ്ങനെയിരിക്കെ തന്റെ വായില്‍ ഒരു പാട്ട് കയറി പറ്റി. പിന്നിടങ്ങോട്ട് വരുന്ന ബോളുകളെയെല്ലാം ആ പാട്ട് പാടി നേരിടാന്‍ ആരംഭിച്ചു. അതിനിടയില്‍ മുട്ടിയിട്ട് ഒരു റണ്‍ കരസ്ഥമാക്കാന്‍ ഓടിയ ശേഷം ക്രീസിന്റെ നടുവിലേക്ക് എത്തിയ സച്ചിന്‍ ഗ്ലൗസ് മുട്ടിച്ച് തന്നെ അഭിസംബോധന ചെയ്തു. സച്ചിന്‍ തന്നോട് എന്തോ പറയുന്നുണ്ട്. എന്നാല്‍ താനപ്പോളും ആ പാട്ട് പാടി കൊണ്ടിരിക്കുകയായിരുന്നു എന്നു സേവാഗ് വെളിപ്പെടുത്തി.

നാലഞ്ച് തവണ ഇതു പോലെ തന്നെ കാര്യങ്ങള്‍ തുടര്‍ന്നു. പാട്ട് മൂളുമ്പോള്‍ തനിക്ക് എന്തോ ഒരു ആത്മവിശ്വാസവും, മികച്ച ഫോക്കസും ലഭിച്ചിരുന്നു. താന്‍ പാട്ട് നിര്‍ത്തുന്ന ലക്ഷണമില്ലെന്ന് മനസിലാക്കിയ സച്ചിന്‍ തന്നെ അടുത്തേക്ക് വിളിപ്പിച്ച്, ഇതുപോലെ സ്വാര്‍ത്ഥനാവരുതെന്നും, പാട്ട് നിര്‍ത്തി തന്നോട് സംസാരിക്കാനും ആവശ്യപ്പെട്ടു. എന്നാല്‍ പാട്ട് അവസാനിപ്പിക്കാന്‍ താന്‍ തയാറല്ലായിരുന്നുവെന്ന് മാത്രമല്ല വീണ്ടും ഉച്ചത്തില്‍ പാടാന്‍ ആരംഭിച്ചു. എന്നാല്‍ സച്ചിന്‍ ദേഷ്യപ്പെട്ട് വഴക്ക് പറഞ്ഞ് ശേഷം തനിക്ക് പാട്ട് പാടിയിട്ടും ഫോക്കസ് ലഭിക്കുന്നില്ലായിരുന്നുവെന്ന് സേവാഗ് വിക്രം സത്യയുടെ വാട്ട് ദ ഡക്ക് എന്ന അഭിമുഖ പരിപാടിയില്‍ വെളിപ്പെടുത്തി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ