ലോഡ്സ്: സച്ചിന്‍ ടെന്‍ഡുല്‍ക്കറിന്റെ മകന്‍ അര്‍ജുന്‍ ടെന്‍ഡുല്‍ക്കറുടെ പന്ത് കൊണ്ട് ഇംഗ്ലീഷ് താരം ജോണി ബെയ്‌സ്‌റ്റോവിന് പരിക്ക്. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റ് മത്സരത്തിന് മുന്നോടിയായി നടന്ന പരിശീലനത്തിനിടെയാണ് അർജുൻ എറിഞ്ഞ പന്ത് കൊണ്ട് ബേയ്സ്റ്റോവിന് പരിക്കേറ്റത്. കാലിന് പരിക്കേറ്റ ബെയ്സ്റ്റോവ് ഉടൻ തന്നെ പരിശീലനത്തിൽ നിന്ന് പിന്മാറി. ടീം ഡോക്ടറുടെ പരിചരണവും ഇംഗ്ലീഷ് താരം തേടി.

താരത്തിന്റെ കാല് വിരലിലാണ് അര്‍ജുന്റെ യോര്‍ക്കര്‍ കൊണ്ടത്. പരിക്ക് ഗുരുതരമല്ലാത്തതിനാൽ ബെയ്സ്റ്റോവ് ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ആദ്യ ടെസ്റ്റിൽ ഇറങ്ങിയിട്ടുണ്ട്. വര്‍ഷങ്ങളായി ഇംഗ്ലണ്ടിലാണ് അർജുൻ ടെൻഡുൽക്കർ പരിശീലനം നടത്തുന്നത്. ഇടങ്കയ്യൻ പേസ് ബോളറായ അർജുൻ ബോളിങ്ങിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.

വിദേശ പിച്ചുകളിലെ അനുഭവ സമ്പത്ത് കരസ്ഥമാക്കാനാണ് സച്ചിന്‍ 17കാരനായ മകനെ ഇംഗ്ലണ്ടില്‍ നിര്‍ത്തിയിരിക്കുന്നത്. ഇംഗ്ലണ്ട് താരങ്ങള്‍ക്ക് പലപ്പോഴും നെറ്റ്‌സില്‍ പന്തെറിഞ്ഞ് നല്‍കാന്‍ അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ എത്താറുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ