മുംബൈ: ഇന്ത്യൻ ക്രിക്കറ്റിനും ലോകത്തെ ക്രിക്കറ്റ് ആരാധകർക്കും മറക്കാനാകാത്ത ജഴ്സി നമ്പറാണ് 10. ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കറിന്‍റെ ജഴ്സിയുടെ നമ്പറായിരുന്നു അത്. സച്ചിനൊപ്പം പത്താം നമ്പർ ജഴ്സി വിരമിക്കുമെന്നാണ് ഏവരും പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ഈ വർഷം ശ്രീലങ്കയ്ക്കെതിരായ മത്സരത്തിൽ ഫാസ്റ്റ് ബോളർ ഷാർദ്ദൂൽ ഠാക്കൂർ പത്താം നമ്പർ ജഴ്സി അണിഞ്ഞത് വിവാദമായിരുന്നു. ബിസിസിഐക്കെതിരെ സച്ചിൻ ആരാധകരും മുതിർന്ന താരങ്ങളും പരസ്യമായി രംഗത്ത് എത്തിയിരുന്നു. എന്നാൽ വൈകിയെങ്കിലും ജഴ്സി നമ്പർ 10 പിൻവലിക്കാൻ ബിസിസിഐ തീരുമാനിച്ചു.

ഇനി ഒരു താരത്തിനും പത്താംനമ്പർ ജഴ്സി നൽകേണ്ടതില്ലെന്നാണ് ബിസിസിഐയുടെ തീരുമാനം. ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങൾ ഉണ്ടാവില്ലെന്നും എന്നാൽ പത്താം നമ്പർ ജഴ്സി ആർക്കും നൽകേണ്ടതില്ലെന്ന് ധാരണയായതായി ബിസിസിഐ വക്താവ് വെളിപ്പെടുത്തി. 2013 നവംബറിലാണ് ക്രിക്കറ്റ് ദൈവം പാഡഴിച്ചത്. 2012 നവംമ്പർ 10ന് പാക്കിസ്ഥാനെതിരെയാണ് ലിറ്റിൽ മാസ്റ്റർ അവസാനമായി പത്താം നമ്പർ ജഴ്സി അണിഞ്ഞത്.

നേരത്തെ ഐപിഎൽ ടീമായ മുംബൈ ഇന്ത്യൻസ് ജഴ്സി നമ്പർ 10 പിൻവലിച്ചിരുന്നു. പത്താം നമ്പർ ജഴ്സി മറ്റാർക്കും നൽകില്ലെന്ന് ടീം അധികൃതർ അറിയിച്ചിരുന്നു.

ഇതിഹാസ താരങ്ങളോടുള്ള ആദര സൂചകമായി അവർ വിരമിക്കുന്നതിനൊപ്പം അവരുടെ ജഴ്സി നമ്പറും വിരമിച്ചു എന്ന് പ്രഖ്യാപിക്കാറാണ് പതിവ്. ബാസ്ക്കറ്റ് ബോൾ ഇതിഹാസം മൈക്കൽ ജോർദ്ദൻ വിരമിച്ചപ്പോൾ അദ്ദേഹത്തിന്രെ 23-ാം നമ്പർ ജഴ്സിയും വിരമിച്ചതായി ചിക്കാഗോ ബുൾസ് ടീം പ്രഖ്യാപിച്ചിരുന്നു. ഇറ്റാലിയൻ താരം പൗളോ മൾഡീനി വിരമിച്ചപ്പോൾ മൾദീനിയുടെ ജഴ്സി നമ്പർ 3 എ.സി മിലാൻ പിൻവലിച്ചിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ