/indian-express-malayalam/media/media_files/uploads/2017/06/yuvraj-singh.jpg)
മാസ്റ്റർ ബ്ലാസ്റ്റർ സച്ചിനിൽനിന്നും നല്ല വാക്കുകൾ കേൾക്കാൻ ഓരോ ക്രിക്കറ്റ് താരവും കൊതിക്കുന്നതാണ്. ആ ഭാഗ്യമാണ് യുവരാജ് സിങ്ങിന് ലഭിച്ചത്. ഐസിസി ചാംപ്യൻസ് ട്രോഫിയിൽ മികച്ച പ്രകടനം നടത്തിയ യുവിയെ സച്ചിൻ ഇൻസ്റ്റഗ്രാമിലൂടെ അഭിനന്ദിച്ചിരിക്കുകയാണ്. ജീവിതത്തിൽ പലവിധ പ്രതിസന്ധികൾ നേരിട്ടിട്ടും തളരാതെ 300-ാം ഏകദിനം വരെ എത്തിയ യുവിക്ക് വികാരനിർഭരമായ കുറിപ്പിലൂടെയാണ് സച്ചിൻ അഭിനന്ദനം അറിയിച്ചത്. യുവരാജ് സിങ്ങിനൊപ്പമുളള ഒരു ചിത്രവും സച്ചിൻ പോസ്റ്റ് ചെയ്തിട്ടുണ്ട്.
''ജീവിതത്തിൽ പല വെല്ലുവിളികൾ ഉണ്ടായിട്ടും ഇന്ത്യൻ ടീമിലേക്ക് യുവരാജ് മടങ്ങിയെത്തി. പല തടസ്സങ്ങൾ ഉണ്ടായിട്ടും അവയൊക്കെ മറികടന്ന് 300-ാം ഏകദിനം വരെയെത്തി. ഇതേക്കുറിച്ച് ആലോചിക്കുമ്പോൾ ഞാൻ ഇപ്പോഴും വികാരാധീനനാകും. കരിയറിൽ പല ഉയർച്ച താഴ്ചകളും ഉണ്ടായിട്ടുണ്ട്. എന്നാൽ അപ്പോഴൊക്കെ യുവി അവയൊക്കെ ധൈര്യത്തോടെ നേരിട്ടു. ജീവിതത്തിലെ ഓരോ കാലഘട്ടത്തിലും ഉണ്ടായ പ്രതിസന്ധികളെ തരണം ചെയ്ത് മുന്നോട്ടു പോയി. ഇനിയും തന്റെ കഴിവിനാൽ നിരവധി കിരീടങ്ങൾ ഇന്ത്യൻ ടീമിന് യുവി നേടിക്കൊടുക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്''- ഇതായിരുന്നു സച്ചിന്റെ കുറിപ്പ്.
ഏതാനും വർഷങ്ങൾക്കുമുൻപ് ജീവനു പോലും ഭീഷണി ഉയർത്തിയ അർബുദത്തെ ആത്മവിശ്വാസത്തോടെ നേരിട്ടാണ് യുവി വീണ്ടും കളിക്കളത്തിലേക്കെത്തിയത്. ''ജീവിച്ചിരിക്കുന്നു എന്നതാണ് വലിയ കാര്യമെന്നും അതു കൊണ്ടു തന്നെ തനിക്കു വലിയ നഷ്ടബോധങ്ങളൊന്നുമില്ലെന്നായിരുന്നു ഐസിസി ചാംപ്യൻസ് ട്രോഫിയിൽ ബംഗ്ലാദേശിനെതിരായ തന്റെ 300-ാം ഏകദിനത്തിനു മുന്നോടിയായി യുവി പറഞ്ഞത്.
ഇന്ത്യൻ ക്രിക്കറ്റിൽ 300 രാജ്യാന്തര ഏകദിനങ്ങൾ പൂർത്തിയാക്കിയ നാലു കളിക്കാരെ ഇതുവരെയുള്ളൂ. സച്ചിൻ തെൻഡുൽക്കർ, സൗരവ് ഗാംഗുലി, രാഹുൽ ദ്രാവിഡ്, മുഹമ്മദ് അസ്ഹറുദ്ദീൻ എന്നിവരാണവർ. രണ്ടായിരത്തിൽ ചാംപ്യൻസ് ട്രോഫിയിലൂടെയാണ് യുവരാജ് ഏകദിന ക്രിക്കറ്റിൽ അരങ്ങേറിയത്. കെനിയയ്ക്കെതിരായ ആദ്യ മൽസരത്തിൽ യുവരാജ് മികച്ച പ്രകടനം നടത്താനായില്ല. എന്നാൽ രണ്ടാം മൽസരത്തിൽ ഓസ്ട്രേലിയയ്ക്കെതിരെ 84 റൺസ് നേടി യുവരാജ് ടീമിനെ വിജയത്തിലെത്തിക്കുകയും ചെയ്തു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.