കേരള ബ്ലാസ്റ്റേഴ‍്സിന്റെ ഉടമസ്ഥതയിൽ നിന്ന് പിന്മാറുന്ന സച്ചിന്റെ തീരുമാനം ക്ലബ്ബിന് ആഘാതം തന്നെയാണെന്ന് കോച്ച് ഡേവിഡ് ജെയിംസ്. എന്നാൽ ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേ‍ഴ്സിന്റെ പുത്തൻ അദ്ധ്യായത്തിന് ഇത് വഴിവയ്ക്കുമെന്നാണ് ജെയിംസ് പറയുന്നത്.

കഴിഞ്ഞ ദിവസമാണ് സച്ചിന്റെ ഉടമസ്ഥതയിലുള്ള 20 ശതമാനം ഓഹരികളും താരം വിറ്റത്. തെലുങ്ക് സിനിമാ നടന്‍ ചിരഞ്ജീവിയുടെയും നിര്‍മാതാവ് അല്ലു അരവിന്ദിന്റെയും ഉടമസ്ഥതയിലുള്ള ഐക്വെസ്റ്റ് എന്ന കമ്പനിയാണ് സച്ചിന്റെ ഓഹരികൾ വാങ്ങിയത്. ഐക്വെസ്റ്റിന്റെ കൈയ്യിൽ തന്നെയാണ് ടീമിന്റെ ബാക്കി ഓഹരികളും.

ജെയിംസിന്റെ വാക്കുകൾ ഇങ്ങനെ -“കേരള ബ്ലാസ്റ്റേഴ്‍സിൽ സച്ചിന്റെ സംഭാവന അളക്കാനാകില്ല. ഇന്ത്യൻ ചരിത്രത്തിലും കായിക മേഖലയിലും സച്ചിൻ ദൈവതുല്യനാണ്. അതുകൊണ്ട് തന്നെ സച്ചിന്റെ പടിയിറക്കം ടീമിന് ആഘാതം തന്നെയാണ്. എന്നാൽ അത് മറികടക്കാൻ ടീമിനും, ആരാധകർക്കും സാധിക്കുമെന്നാണ് കരുതുന്നത്.”

“ആദ്യ സീസൺ മുതൽ ആളുകൾ ഫുട്ബോളിനോടും സച്ചിനോടുമാണ് താത്പര്യം കാണിക്കുന്നത്. ഇപ്പോൾ അദ്ദേഹം പോകുമ്പോൾ പോലും ക്രിക്കറ്റുമായി ബന്ധപ്പെടുത്തിയാണ് കേരള ബ്ലാസ്റ്റേഴ്‍സിനെക്കുറിച്ച് ആളുകൾ സംസാരിക്കുന്നത്. 2014 ൽ നിന്നും സാഹചര്യങ്ങൾ ഓരുപാട് മാറി. ഇപ്പോൾ ഫുട്ബോളിനേടും ക്രിക്കറ്റിനോടും കേരളത്തിലെങ്കിലും ആളുകൾ ഒരേ താത്പര്യം കാണിക്കുന്നുണ്ട്. ഇത് സച്ചിന്റെ പ്രവർത്തനങ്ങളുടെ ഫലമാണ്”

കേരള ബ്ലാസ്റ്റേഴ‍്‍സിൽ സച്ചിന്റെ ഒഴിവ് നികത്താൻ ആർക്കുമാകില്ല. ബൃഹത്തായ സംഭാവനകളാണ് കേരള ബ്ലാസ്റ്റേഴ‍്‍സിന് സച്ചിൻ നൽകിയത്. പക്ഷെ ആരാധകർക്കൊപ്പം പുതിയ അദ്ധ്യായം രചിക്കാനാണ് ടീം ശ്രമിക്കുന്നതെന്നും ജെയിംസ് കൂട്ടിച്ചേർത്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook