ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറുടെ ബാറ്റിങ് റെക്കോർഡുകൾ കേട്ട് വളർന്നവരാണ് നമ്മൾ. 24 വർഷം നീണ്ട കരിയറിൽ സച്ചിൻ എത്തിപിടിക്കാത്ത നേട്ടങ്ങളും തിരുത്തിയെഴുതാത്ത റെക്കോർഡുകളും ചുരുക്കമാണ്. ബാറ്റുകൊണ്ട് മാത്രമല്ല പലപ്പോഴും പന്തുകൊണ്ടും വിസ്മയം തീർത്തിട്ടുള്ള താരമാണ് സച്ചിൻ. രാജ്യാന്തര ക്രിക്കറ്റിൽ സച്ചിന്റെ പേരിലുള്ള ചില ബോളിങ് റെക്കോർഡുകൾ പരിശോധിക്കാം.
ഏകദിനത്തിൽ ഒന്നിലധികം തവണ ആറോ അതിൽ കുറവോ റൺസ് അമ്പതാം ഓവറിൽ പ്രതിരോധിച്ച് ടീമിനെ വിജയത്തിലെത്തിച്ച ഏക താരമാണ് സച്ചിൻ. മറ്റൊരു ഇതിഹാസ ബോളർമാർക്കും സാധിക്കാത്ത നേട്ടമാണ് ഇത്. 1993ൽ ഹീറോ കപ്പ് സെമിഫൈനൽ പോരാട്ടത്തിൽ ഇന്ത്യയ്ക്കെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് അവസാന ഓവറിൽ ജയിക്കാൻ വേണ്ടിയിരുന്നത് അഞ്ച് റൺസ്. ബോളിങ് എൻഡിലെത്തിയ സച്ചിൻ മൂന്ന് റൺസ് മാത്രം വഴങ്ങി ഇന്ത്യയെ ഫൈനലിലെത്തിച്ചു. 1996ലെ ടൈറ്റൻ കപ്പിൽ നായകനായിരുന്ന സച്ചിൻ അവസാന ഓവറിൽ ഉത്തരവാദിത്വം സ്വയം ഏറ്റെടുത്തപ്പോൾ ഓസ്ട്രേലിയയ്ക്ക് അവസാന ഓവറിൽ വേണ്ടിയിരുന്നത് അഞ്ച് റൺസ്. കങ്കാരുക്കളുടെ അവസാന വിക്കറ്റ് ഓവറിന്റെ ആദ്യ പന്തിൽ തന്നെയെടുത്ത് താരം ഇന്ത്യയ്ക്ക് വിജയമൊരുക്കി.
Also Read: ലേഡീസ് ഫസ്റ്റ്; രാജ്യാന്തര ക്രിക്കറ്റിലെ മിന്നും നേട്ടങ്ങളുടെ ആദ്യ അവകാശികൾ വനിതകൾ
ഏകദിനത്തിൽ നാല് വിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ താരവും സച്ചിനാണ്. 1991ൽ ഷാർജ ട്രോഫിയിൽ വിൻഡീസിന്റെ നാല് വിക്കറ്റുകൾ സ്വന്തമാക്കുമ്പോൾ സച്ചിന്റെ പ്രായം 18 വയസും 181 ദിവസവുമായിരുന്നു. 2001വരെ രാജ്യാന്തര താരങ്ങളിൽ ഈ നേട്ടത്തിലെത്തുന്ന പ്രായം കുറഞ്ഞ രണ്ടാമത്തെ താരവും സച്ചിൻ തന്നെയായിരുന്നു.
Also Read: എംഎസ് ധോണി ഇന്ത്യയ്ക്ക് വേണ്ടി തന്റെ അവസാന മത്സരവും കളിച്ചു കഴിഞ്ഞു: ആശിഷ് നെഹ്റ
ഏഷ്യയിൽ ഏറ്റവും കൂടുതൽ തവണ നാല് വിക്കറ്റ് സ്വന്തമാക്കിയിട്ടുള്ള ഇന്ത്യൻ സ്പിന്നറും സച്ചിനാണ്. ആറു തവണയാണ് സച്ചിൻ ഏകദിനത്തിൽ നാല് വിക്കറ്റുകൾ സ്വന്തമാക്കിയിരിക്കുന്നത്. രണ്ടാം സ്ഥാനത്തുള്ള അനിൽ കുംബ്ലെയും രവീന്ദ്ര ജഡേജയും നാല് തവണ ഈ നേട്ടം സ്വന്തമാക്കിയിട്ടുണ്ട.
രാജ്യാന്തര ക്രിക്കറ്റിൽ അഞ്ച് വിക്കറ്റ് നേട്ടം തന്നെ വലിയ കാര്യമാണ്. കരിയറിലെ രണ്ട് അഞ്ച് വിക്കറ്റ് നേട്ടവും ഒരേ വേദിയിലാണെങ്കിലോ. ഇത്തരത്തിൽ ഒരേ വേദിയിൽ രണ്ട് തവണ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയ ആദ്യ ഇന്ത്യൻ താരമാണ് സച്ചിൻ. കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ ഓസ്ട്രേലിയക്കെതിരെയും പാക്കിസ്ഥാനെതിരെയുമായിരുന്നു സച്ചിന്റെ അഞ്ച് വിക്കറ്റ് നേട്ടങ്ങൾ.