2011 ക്രിക്കറ്റ് ലോകകപ്പ് ഇന്ത്യ സ്വന്തമാക്കിയപ്പോൾ 130 കോടി ജനങ്ങൾക്കും അത് സന്തോഷത്തിന്റെ നിമിഷങ്ങളായിരുന്നു. 1983 നു ശേഷമാണ് ഇന്ത്യ രണ്ടാം ക്രിക്കറ്റ് ലോകകിരീടം 2011 ൽ സ്വന്തമാക്കിയത്. ഒട്ടേറെ വർഷങ്ങളുടെ കാത്തിരിപ്പായിരുന്നു അത്. അതോടൊപ്പം ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറിന് ഇന്ത്യ സമ്മാനിച്ച അതുല്യ നിമിഷവും. ഇപ്പോൾ ഇതാ ആ നിമിഷത്തെ കഴിഞ്ഞ 20 വർഷത്തെ ഏറ്റവും സുന്ദരമായ സംഭവങ്ങളിൽ ഉൾപ്പെടുത്തിയിരിക്കുകയാണ് ലോറസ് സ്‌പോട്ടിങ് മൊമന്റ് അവാർഡ് പട്ടികയിൽ.

കായിക ലോകത്തെ സുന്ദരമായ നിമിഷങ്ങൾക്ക് നൽകുന്ന അംഗീകാരമാണ് ലോറസ് സ്‌പോട്ടിങ് മൊമന്റ്. 2000-2020 ലോറസ് സ്‌പോട്ടിങ് മൊമന്റിലാണ് സച്ചിൻ ടെൻഡുൽക്കർ ലോകകപ്പ് കിരീടത്തിൽ മുത്തമിട്ട നിമിഷത്തെ അടയാളപ്പെടുത്തിയിരിക്കുന്നത്. അവാർഡിനുള്ള അവസാന അഞ്ച് മത്സരാർഥികളുടെ പട്ടികയിലാണ് സച്ചിന്റെ പേരുള്ളത്. ഇതിൽ നിന്ന് തിരഞ്ഞെടുക്കുന്ന താരത്തിന് അവാർഡ് ലഭിക്കും. വോട്ടിങ്ങിലൂടെയാണ് വിജയിയെ പ്രഖ്യാപിക്കുക. ഫെബ്രുവരി 16 വരെ വോട്ട് ചെയ്യാൻ സാധിക്കും. അതിനുശേഷം ലഭിച്ച വോട്ടുകളുടെ അടിസ്ഥാനത്തിൽ വിജയിയെ പ്രഖ്യാപിക്കും.

Read Also: കൊറോണ സംസ്ഥാന ദുരന്തം; ചെെനയിൽ നിന്നെത്തിയവർക്ക് കർശന നിർദേശവുമായി ആരോഗ്യമന്ത്രി

ഇന്ത്യയ്‌ക്കുവേണ്ടി ആറ് ലോകകപ്പ് ടൂർണമെന്റിലാണ് സച്ചിൻ കളിച്ചിട്ടുള്ളത്. 2011 ലേത് അവസാന ലോകകപ്പായിരുന്നു. ആദ്യ അഞ്ച് തവണയും സച്ചിനു ലോകകപ്പ് നേട്ടം സ്വന്തമാക്കാൻ സാധിച്ചില്ല. രാജ്യത്തിനു ഒട്ടേറെ സംഭാവനകൾ നൽകിയ സച്ചിനുവേണ്ടി ലോകകപ്പ് സ്വന്തമാക്കണമെന്ന വാശിയിലായിരുന്നു ഇന്ത്യൻ ക്രിക്കറ്റ് ടീം താരങ്ങൾ. ഒടുവിൽ ശ്രീലങ്കയെ ഫെെനലിൽ തോൽപ്പിച്ചാണ് ഇന്ത്യ 2011 ലെ ലോകകപ്പ് സ്വന്തമാക്കിയത്. മുംബെെയിലായിരുന്നു അന്ന് ഫെെനൽ മത്സരം നടന്നത്.

2011 ക്രിക്കറ്റ് ലോകകപ്പിൽ സച്ചിൻ മികച്ച പ്രകടനമാണ് നടത്തിയത്. ആ ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ രണ്ടാമത്തെ താരമായിരുന്നു സച്ചിൻ. ഇന്ത്യയ്‌ക്കുവേണ്ടി 482 റൺസാണ് സച്ചിൻ നേടിയത്. ശ്രീലങ്കയുടെ തിലകതര്‌നെ ദിൽഷനായിരുന്നു 500 റൺസുമായി ഒന്നാമത്. രണ്ട് സെഞ്ചുറികളാണ് 2011 ലോകകപ്പിൽ സച്ചിൻ ഇന്ത്യയ്‌ക്കുവേണ്ടി നേടിയത്.

Read Also: ‘ ഈ ലോകത്ത് ജനിക്കാന്‍ പോലും പാടില്ലായിരുന്നു’; ജാതി അധിക്ഷേപം നേരിട്ട പഞ്ചായത്ത് മെമ്പര്‍ രാജിവച്ചു

ലോകകപ്പ് വിജയത്തിനു ശേഷം സച്ചിനെ തോളിലേറ്റിയുടെ ഇന്ത്യൻ താരങ്ങളുടെ മെെതാനം ചുറ്റൽ ഏറെ വെെകാരികമായിരുന്നു. സച്ചിനുവേണ്ടിയാണ് 2011 ലെ ലോകകപ്പ് നേടിയതെന്ന് പിൽക്കാലത്ത് പല താരങ്ങളും പറഞ്ഞിട്ടുണ്ട്. തന്റെ ക്രിക്കറ്റ് കരിയറിലെ ഏറ്റവും സന്തോഷമുള്ള നിമിഷമായിരുന്നു 2011 ലെ ലോകകപ്പ് നേട്ടമെന്നും സച്ചിൻ പറഞ്ഞിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook