ന്യൂഡൽഹി: കേന്ദ്ര ഗതാഗതമന്ത്രിക്ക് മുന്നിൽ ആവശ്യമുന്നയിച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കർ. നിലവാരമില്ലാത്ത ഹെൽമെറ്റ് നിർമ്മിക്കുന്ന കമ്പനികൾക്കെതിരെ കടുത്ത നടപടി എടുക്കണമെന്നാണ് സച്ചിന്റെ ആവശ്യം. ഈ ആവശ്യങ്ങൾ ചൂണ്ടിക്കാട്ടി ഗതാഗത മന്ത്രി നിതിൻ ഗഡ്കരിക്ക് സച്ചിൻ കത്ത് അയച്ചു.

ഇരു ചക്ര വാഹനങ്ങളിൽ സഞ്ചരിക്കുന്നവരുടെ ജീവൻ കാത്ത് സൂക്ഷിക്കുന്നത് ഹെൽമെറ്റുകളാണ്, എന്നാൽ നിലവാരമില്ലാത്ത ഹെൽമെറ്റുകളാണ് രാജ്യത്ത് ഭൂരിഭാഗവും വിതരണം ചെയ്യുന്നതെന്നും സച്ചിൻ കത്തിൽ ചൂണ്ടിക്കാട്ടുണ്ട്. പോയ വർഷം ഇന്ത്യയിൽ ഉണ്ടായ ബൈക്ക് അപകടങ്ങളുടെ കണക്കുകൾ കത്തിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.

വ്യാജ ഐഎസ്ഐ മാർക്കുകൾ പതിച്ച ഹെൽമെറ്റുകളാണ് സാധാരണക്കാരുടെ കൈകളിൽ എത്തുന്നതെന്നും നിലവാരമില്ലാത്ത വസ്തുക്കൾ ഉപയോഗിച്ചാണ് ഹെൽമെറ്റുകൾ നിർമ്മിക്കുന്നതെന്നും സച്ചിൻ ആരോപിക്കുന്നു. ഇത്തരം നിർമ്മാതാക്കളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും ഇവർക്ക് മാതൃകാപരമായ ശിക്ഷ നൽകണമെന്നും സച്ചിൻ കത്തിലൂടെ ആവശ്യപ്പെടുന്നുണ്ട്.

നിലവാരമുളള ഹെൽമെറ്റുകൾ വാങ്ങാൻ ജനങ്ങൾ ശ്രദ്ധചെലുത്തണമെന്നും, ഹെൽമെറ്റുകളുടെ വില കുറയ്ക്കണമെന്നും സച്ചിൻ കത്തിലൂടെ ആവശ്യപ്പെടുന്നുണ്ട്.

റോഡ് സുരക്ഷാകാര്യങ്ങളിൽ മികച്ച ഇടപെടലുകളാണ് സച്ചിൻ നടത്തിയിട്ടുളളത്. ഹെൽമെറ്റ് ധരിച്ച് മാത്രം യാത്രചെയ്യുക എന്ന് സച്ചിൻ ജനങ്ങളോട് പരസ്യമായി ആവശ്യപ്പെട്ടിട്ടുണ്ട്. മുൻപ് കേരളത്തിലെ റോഡിലൂടെ സഞ്ചരിക്കുമ്പോൾ ബൈക്ക് യാത്രക്കാരോട് ഹെൽമെറ്റ് ധരിക്കാൻ ആവശ്യപ്പെടുന്ന സച്ചിന്റെ വീഡിയോ വൈറലായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ