ലോകകപ്പ് ക്രിക്കറ്റ് അവസാനിച്ചപ്പോള്‍ സച്ചിന്‍ ആരാധകര്‍ ഹാപ്പിയാണ്. 16 വര്‍ഷമായി സച്ചിന്‍ ടെന്‍ഡുല്‍ക്കറിന് അവകാശപ്പെട്ട ‘ഒരു ലോകകപ്പിലെ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമെന്ന’ റെക്കോര്‍ഡ് ഇപ്പോഴും സച്ചിന്റെ കൈവശം തന്നെ. സച്ചിനെ മറികടക്കാന്‍ യുവ താരങ്ങള്‍ കഠിനമായ പരിശ്രമത്തിലായിരുന്നു എങ്കിലും എല്ലാവരും പടിക്കല്‍ കലമുടച്ചു. സച്ചിൻ 2003 ലോകകപ്പിൽ മാത്രം അടിച്ചുകൂട്ടിയത് 673 റൺസാണ്.
തീര്‍ച്ചയായും ഒരു താരം സച്ചിനെ മറികടക്കുമെന്ന് ലോകകപ്പ് ഗ്രൂപ്പ് ഘട്ടം പുരോഗമിക്കുമ്പോള്‍ തന്നെ ക്രിക്കറ്റ് പ്രേമികള്‍ മനസില്‍ ഉറപ്പിച്ചിരുന്നു. അത്ര മികച്ച പ്രകടനമായിരുന്നു പല താരങ്ങളും ഇംഗ്ലണ്ടില്‍ നടത്തിയത്. എന്നാല്‍, ഫൈനലിലേക്ക് എത്തിയപ്പോള്‍ രണ്ടേ രണ്ട് താരങ്ങള്‍ മാത്രമാണ് സച്ചിന് വെല്ലുവിളിയായി ഉണ്ടായിരുന്നത്. ഇവര്‍ രണ്ട് പേരും ഫൈനലില്‍ മികച്ച പ്രകടനം കാഴ്ചവച്ചതുമില്ല. അതോടെ നാല് വര്‍ഷത്തേക്ക് കൂടി സച്ചിന്റെ റെക്കോര്‍ഡ് സേഫ്. ഇംഗ്ലണ്ടിന്റെ ജോ റൂട്ടും ന്യൂസിലന്‍ഡ് നായകന്‍ കെയ്ന്‍ വില്യംസണുമാണ് ഫെെനലിൽ സച്ചിന് നേരിയ തോതിലെങ്കിലും വെല്ലുവിളി ഉയർത്തിയ രണ്ട് താരങ്ങൾ.
Read Also: പ്രിയ വില്യംസണ്‍, നിങ്ങള്‍ എല്ലാവരുടെയും ഹൃദയം കവര്‍ന്നു; ലോർഡ്‌സിൽ നിന്നും ഇന്ദ്രജിത്ത്
ജോ റൂട്ടിന് ഫെെനലിൽ എത്തും വരെ 549 റണ്‍സുണ്ടായിരുന്നു. കെയ്ന്‍ വില്യംസണ് ഉണ്ടായിരുന്നത് 548 റൺസും. സച്ചിന്റെ 673 റണ്‍സിനൊപ്പം എത്താന്‍ റൂട്ടിന് വേണ്ടിയിരുന്നത് 124 റണ്‍സായിരുന്നെങ്കിൽ വില്യംസണ് വേണ്ടിയിരുന്നത് 125 റണ്‍സും. മികച്ച ഫോമില്‍ ബാറ്റ് ചെയ്യുന്ന രണ്ട് പേര്‍ക്കും ഇത് അസാധ്യമല്ലെന്നാണ് ഫെെനലിന് മുൻപ് എല്ലാവരും കരുതിയിരുന്നത്. എന്നാൽ, രണ്ട് പേരും ബാറ്റിങ്ങിൽ തിളങ്ങിയില്ല. ന്യൂസിലാൻഡ്-ഇംഗ്ലണ്ട് ഫെെനലിൽ കിവീസ് നായകൻ കെയ്ൻ വില്യംസൺ നേടിയത് 30 റൺസ്. ഇംഗ്ലണ്ട് താരം ജോ റൂട്ട് നേടിയതാകട്ടെ വെറും ഏഴ് റൺസ്. ലോകകപ്പിൽ വില്യംസൺ ആകെ നേടിയത് 578 റൺസാണെങ്കിൽ റൂട്ടിനുള്ളത് 556 റൺസ്. ഒരു ലോകകപ്പിലെ ഏറ്റവും കൂടുതൽ റൺസ് എന്ന റെക്കോർഡ് സച്ചിന്റെ കയ്യിൽ ഭദ്രം.
ഇന്ത്യയുടെ രോഹിത് ശര്‍മയും ഓസ്‌ട്രേലിയയുടെ ഡേവിഡ് വാര്‍ണറുമായിരുന്നു ഈ റെക്കോര്‍ഡ് ഭേദിക്കുമെന്ന് ക്രിക്കറ്റ് ആരാധകര്‍ ആദ്യം വിശ്വസിച്ചിരുന്നത്. എന്നാല്‍, രണ്ട് പേര്‍ക്കും സെമിയില്‍ തിളങ്ങാന്‍ സാധിച്ചില്ല. മാത്രമല്ല ഇന്ത്യയും ഓസ്‌ട്രേലിയയും സെമി ഫൈനലില്‍ പരാജയം ഏറ്റവാങ്ങി ലോകകപ്പില്‍ നിന്ന് പുറത്താകുകയും ചെയ്തു. രോഹിത് ശര്‍മ നേടിയത് 9 കളികളില്‍ (ഒരു മത്സരം മഴ മൂവം ഉപേക്ഷിച്ചു) നിന്ന് 648 റണ്‍സാണ്. ഡേവിഡ് വാര്‍ണറാകട്ടെ 10 കളികളില്‍ നിന്ന് നേടിയത് 647 റണ്‍സും. നേരിയ വ്യത്യാസത്തിലാണ് സച്ചിന്റെ റെക്കോര്‍ഡ് തകര്‍ക്കാന്‍ ഇരുവര്‍ക്കും സാധിക്കാതെ പോയത്.
ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരം എന്ന റെക്കോര്‍ഡ് സച്ചിനിലേക്ക് എത്തുന്നത് 2003 ലോകകപ്പിലാണ്. അന്ന് ഇന്ത്യ ഫൈനലില്‍ എത്തിയിരുന്നു. എന്നാല്‍, ഫൈനലില്‍ ഓസ്‌ട്രേലിയയോട് തോറ്റ് കിരീടം നഷ്ടപ്പെടുത്തി. 2003 ലെ ലോകകപ്പില്‍ സച്ചിന്‍ ഇന്ത്യക്കായി നേടിയത് 673 റണ്‍സാണ്. ഇത് മറികടക്കാന്‍ കഴിഞ്ഞ 16 വര്‍ഷമായി ആര്‍ക്കും സാധിച്ചിട്ടില്ല. ഇത്തവണത്തേത് അടക്കം നാല് ലോകകപ്പുകള്‍ 2003 ന് ശേഷം നടന്നു. എന്നാല്‍, സച്ചിന്റെ 673 റണ്‍സ് ഇരിക്കുന്ന തട്ട് ഇപ്പോഴും താണുതന്നെ ഇരിക്കുന്നു.