ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറുടെ 47-ാം ജന്മദിനത്തിൽ അദ്ദേഹത്തിന്റെ ഏറ്റവും മികച്ച എട്ട് ഇന്നിങ്‌സുകൾ തിരഞ്ഞെടുത്ത് ഐസിസി. ട്വിറ്ററിലൂടെയും ഇൻസ്റ്റഗ്രാമിലൂടെയും ഐസിസി വോട്ടെടുപ്പ് നടത്തിയാണ് മികച്ച ഇന്നിങ്‌സുകൾ തിരഞ്ഞെടുത്തത്. ഏകദിന ക്രിക്കറ്റിൽ ആദ്യത്തെ ഇരട്ട സെഞ്ചുറി നേട്ടം സ്വന്തമാക്കിയത് സച്ചിൻ ആണെങ്കിലും ചരിത്രത്തിൽ ഇടം നേടിയ ആ പ്രകടനം പട്ടികയിൽ ഏഴാം സ്ഥാനത്താണ്. അതിനേക്കാൾ തങ്ങളെ ത്രസിപ്പിച്ച ‘മാസ്റ്റർ ബ്ലാസ്റ്റർ’ ഇന്നിങ്‌സുകളുണ്ടെന്നാണ് ക്രിക്കറ്റ് പ്രേമികൾ പറയുന്നത്.
Read Also: കൂട്ടിന് ഒരാൾ കൂടി; സന്തോഷം പങ്കുവച്ച് ഡീൻ കുര്യാക്കോസ്
1998 ൽ ഷാർജയിൽ നടന്ന കൊക്കോ-കോള കപ്പിൽ ഓസ്‌ട്രേലിയക്കെതിരെ നേടിയ 143 റൺസാണ് സച്ചിന്റെ ഏറ്റവും മികച്ച ഇന്നിങ്‌സുകളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തിയത്. 131 പന്തിൽ നിന്ന് ഒൻപത് ഫോറുകളും നാല് സിക്‌സറുകളുമടങ്ങിയതാണ് സച്ചിന്റെ ഷാർജയിലെ ഇന്നിങ്‌സ്. ഓസീസിനെതിരായ ആ മത്സരത്തിൽ തോറ്റെങ്കിലും പിന്നീട് ടൂർണമെന്റിന്റെ ഫെെനൽ ബർത്ത് കളിക്കാൻ സച്ചിന്റെ ഇന്നിങ്സിലൂടെ ഇന്ത്യക്ക് സാധിച്ചു. ഫെെനലിൽ ന്യൂസിലൻഡിനെതിരെ സച്ചിൻ സെഞ്ചുറി നേടുകയും ടൂർണമെന്റ് ഇന്ത്യ സ്വന്തമാക്കുകയും ചെയ്തു.
2003 ക്രിക്കറ്റ് ലോകകപ്പിൽ പാക്കിസ്ഥാനെതിരെ സച്ചിൻ നേടിയ 98 റൺസാണ് രണ്ടാം സ്ഥാനത്ത്. 12 ഫോറുകളും ഒരു സിക്‌സറും അടങ്ങിയ ഇന്നിങ്സിന് ആരാധകർ ഏറെയാണ്. ചിരവെെരികളായ പാക്കിസ്ഥാൻ ആയിരുന്നു എതിരാളികൾ എന്നതിനാൽ ക്രിക്കറ്റ് പ്രേമികൾക്ക് ആവേശം വർധിക്കും. 1999 ൽ കെനിയക്കെതിരെ സച്ചിൻ നേടിയ 140 റൺസ് ഏറ്റവും മികച്ച ഇന്നിങ്‌സുകളുടെ പട്ടികയിലുണ്ട്. പിതാവിന്റെ മരണസമയത്താണ് സച്ചിൻ ആ ഇന്നിങ്സ് കളിച്ചത്. കെനിയക്കെതിരായ മത്സരത്തിനു ശേഷമാണ് സച്ചിൻ അച്ഛന്റെ മൃതദേഹം കാണാൻ പോയത്. താൻ മാനസികമായി ഏറെ ബുദ്ധിമുട്ട് അനുഭവിച്ച സമയമായിരുന്നു അതെന്ന് സച്ചിൻ പലപ്പോഴും പറഞ്ഞിട്ടുണ്ട്.
Read Also: കുട്ടിക്കാലത്തിന്റെ ഓർമയായി ഈ ചിത്രം മാത്രമേ കയ്യിലുള്ളൂ; തെന്നിന്ത്യൻ താരസുന്ദരി പറയുന്നു
1998 ൽ ഷാർജയിൽവച്ച് തന്നെ ഓസീസിനെതിരെ നേടിയ 134 റൺസ്, 2009 ൽ ഓസീസിനെതിരെ ഹെെദരാബാദിൽ നേടിയ 175 റൺസ്, 2008 ൽ സിഡ്നിയിൽ ഓസീസിനെതിരെ നേടിയ 117 റൺസ്, 2010 ൽ ദക്ഷിണാഫ്രിക്കക്കെതിരെ നേടിയ ഇരട്ട സെഞ്ചുറി, ഓക്‌ലൻഡിൽ ന്യൂസിലൻഡിനെതിരെ നേടിയ 82 റൺസ് എന്നിവയെല്ലാം ഐസിസിയുടെ പട്ടികയിലുണ്ട്.