ന്യൂഡൽഹി: ഹാട്രിക് നേട്ടത്തില്‍ ഇയാന്‍ ഹ്യൂമിനെ അഭിനന്ദിച്ച് ബ്ലാസ്റ്റേഴ്സ് സഹഉടമ സച്ചിന്‍ തെൻഡുല്‍ക്കര്‍. ഹ്യൂമിന്റെ പ്രകനം ടീമിന് വലിയ കരുത്തായെന്നും സച്ചിൻ ട്വിറ്റ് ചെയ്തു. ഡേവിഡ് ജയിംസിന്റെ നേതൃപാടവത്തെയും സച്ചിൻ പ്രശംസിച്ചു. സീസണിലുടനീളം ടീമിന് മികച്ച പിന്തുണ നല്‍കിയ ബ്ലാസ്റ്റേഴ്സിന്‍റെ ആരാധകര്‍ക്കും സച്ചിന്‍ ട്വിറ്ററിലൂടെ നന്ദി അറിയിച്ചു. കേരള ബ്ലാസ്റ്റേഴ്സും ഡൽഹി ഡൈനാമോസുമായി നടന്ന മൽസരം കാണാനായി സച്ചിന്‍ ഡൽഹിയിലെ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ എത്തിയിരുന്നു.

ബ്ലാസ്റ്റേഴ്സിന്റെ മഞ്ഞക്കുപ്പായത്തിൽ ഇയാൻ ഹ്യൂം നേടിയ ആദ്യ ഹാട്രിക്കാണ് കേരള ബ്ലാസ്റ്റേഴ്സിന് ജയം ഒരുക്കിയത്. മൽസരത്തിന്റെ 12,77,83 മിനിറ്റുകളിലാണ് ഇയാൻ ഹ്യൂം ഡൽഹിയുടെ വലകുലുക്കിയത്. ജയത്തോടെ കേരള ബ്ലാസ്റ്റേഴ്സ് ആറാം സ്ഥാനത്തേക്ക് കുതിച്ചെത്തി. കേരള ബ്ലാസറ്റേഴ്‌സിന്റെ ആദ്യ എവേ വിജയം ആണിത്‌.

ജയത്തോടെ 9 മൽസരങ്ങളിൽ നിന്ന് 11 പോയിന്റുമായി ബ്ലാസ്റ്റേഴ്സ് ആറാം സ്ഥാനത്തേക്ക് എത്തി. ഡല്‍ഹിയിലെ കൊടും തണുപ്പിനെ വകവയ്ക്കാതെ പന്തിനു മുകളില്‍ മികച്ച നിയന്ത്രണം കാത്തുസൂക്ഷിച്ച ഹ്യൂം ആദ്യ സീസണിലെ പരിശീലകനും സഹതാരവുമായിരുന്ന ഡേവിഡ് ജെയിംസിന്റെ മടങ്ങി വരവ് ആഘോഷിക്കുകയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ