/indian-express-malayalam/media/media_files/uploads/2018/06/sachin-sehwag.jpg)
ചരിത്രത്തിലെ ഏറ്റവും മികച്ച ഓപ്പണിംഗ് ബാറ്റിംഗ് കൂട്ടുകെട്ടുകളിലൊന്നാണ് സച്ചിനും വീരുവും. ആ ബാറ്റിംഗ് കൂട്ടുകെട്ടിന്റെ പ്രകടനം കാണാൻ വേണ്ടി പരീക്ഷകളും ജോലിയും എല്ലാമെല്ലാം മാറ്റിവച്ച് ടിവിക്ക് മുന്നിലിരുന്ന കഥ പറയാനുണ്ടാവും രാജ്യത്തെ ഓരോ ക്രിക്കറ്റ് പ്രേമിക്കും.
ആദ്യ പന്തിൽ സെവാഗ് ബൗണ്ടറി പായിക്കുന്നത് കാത്തിരിക്കുന്ന ക്രിക്കറ്റ് പ്രേമികൾ സച്ചിന്റെ നിഴലായി നിന്ന് പിൽക്കാലത്ത് ഇന്ത്യൻ ബാറ്റിംഗിന്റെ കരുത്തായി അയാൾ മാറുന്നത് കണ്ടറിഞ്ഞു. പക്ഷെ ആ താരം തുടക്കത്തിൽ ഒരു നാണംകുണുങ്ങിയായിരുന്നുവെന്നാണ് സച്ചിന്റെ വെളിപ്പെടുത്തൽ.
ആരോടും മിണ്ടാതെ ഒറ്റയ്ക്ക് നടക്കുന്ന വീരേന്ദർ സെവാഗിന്റെ കളിപ്രേമികളുടെ പ്രിയപ്പെട്ട താരമാക്കി മാറ്റുന്നതിന് വേണ്ടി പരിശ്രമിച്ചതിന്റെ കഥ പറയുകയാണ് സച്ചിൻ.
"വീരു ആദ്യം ടീമിന്റെ ഭാഗമായ സമയത്ത് അയാൾ എന്നോട് സംസാരിക്കാറില്ലായിരുന്നു. ഇതിങ്ങിനെ വിട്ടാൽ ശരിയാവില്ലല്ലോ എന്നെനിക്ക് തോന്നി. ഒരുമിച്ച് ബാറ്റ് ചെയ്യുമ്പോൾ മികച്ച പ്രകടനം കാഴ്ചവയ്ക്കണമെങ്കിൽ വീരുവിന്റെ നാണം മാറ്റിയെടുത്തേ പറ്റൂവെന്ന് ഞാൻ തീരുമാനിച്ചു," സച്ചിൻ പറഞ്ഞു.
"അതുകൊണ്ട് ഞാനവനെ പുറത്ത് ഭക്ഷണം കഴിക്കാൻ പോകാൻ ക്ഷണിച്ചു. എന്ത് തരം ഭക്ഷണമാണ് കഴിക്കാറുളളതെന്ന് ചോദിച്ചപ്പോൾ അവൻ പറഞ്ഞു, "പാജി, ഞാൻ സസ്യാഹാരിയാണ്" എന്ന്. ചിക്കൻ കഴിച്ചാൽ തടിവയ്ക്കുമെന്ന് വീട്ടുകാർ പറഞ്ഞുവത്രേ," സച്ചിൻ പറഞ്ഞു.
1999 ൽ പാക്കിസ്ഥാനെതിരെയാണ് വീരേന്ദർ സെവാഗ് ഏകദിന ബാറ്റിംഗിൽ തുടക്കം കുറിച്ചത്. ഇതിനോടകം തന്നെ ലിറ്റിൽ മാസ്റ്റർ ക്രിക്കറ്റ് ലോകത്തെ സിംഹാസനത്തിൽ കസേരയിട്ട് ഇരിപ്പുറപ്പിച്ചിരുന്നു.
'ടീമിൽ ചേരുന്നതിന് മുൻപ് താൻ സച്ചിന്റെ കടുത്ത ആരാധകനായിരുന്നുവെന്ന് പറഞ്ഞ സെവാഗ് അദ്ദേഹത്തെ നേരിൽ കാണാൻ ഏറെ ആഗ്രഹിച്ചിരുന്നതായും പറഞ്ഞു. "ഞാനദ്ദേഹത്തെ ആദ്യം കണ്ടപ്പോൾ അദ്ദേഹം എനിക്ക് ഒരു ഷെയ്‌ക് ഹാന്റ് തന്ന് നടന്നുപോയി. ഞാൻ മാതൃകാപുരുഷനായി കണ്ടയാളാണല്ലോ എന്റെ കൈപിടിച്ച് കുലുക്കി ഒരു വാക്ക് പോലും പറയാതെ നടന്നുപോയതെന്ന് എനിക്ക് തോന്നി," സെവാഗ് പറഞ്ഞു.
"പക്ഷെ പിൽക്കാലത്ത് ഞാൻ സീനിയറാവുകയും പുതിയ താരങ്ങൾ ടീമിലെത്തുകയും ചെയ്തപ്പോൾ ഞാനും ഇത് തന്നെ ചെയ്തു. അടുത്തറിയാതെ നിങ്ങൾക്കൊരാളുമായി ശക്തമായ സൗഹൃദം സ്ഥാപിക്കാനാവില്ലെന്ന് ഞാൻ തിരിച്ചറിഞ്ഞു," സെവാഗ് പറഞ്ഞു.
സച്ചിനും സെവാഗും 93 ഏകദിന മത്സരങ്ങളിലാണ് ഇന്ത്യക്ക് വേണ്ട് ഇന്നിംഗ്‌സ് ഓപ്പൺ ചെയ്തത്. 3919 റൺസ് അവർ ഇരുവരും ചേർന്ന് അടിച്ചെടുത്തു. ഇതിലൂടെ ലോകത്തെ ഏറ്റവും മികച്ച മൂന്നാമത്തെ ഓപ്പണിംഗ് ബാറ്റിംഗ് കൂട്ടുകെട്ട് എന്ന റെക്കോഡ് സ്ഥാപിക്കാനും ഇരുവർക്കും സാധിച്ചു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.