വാലന്റൈൻസ് ദിനത്തിൽ തന്റെ ആദ്യ പ്രണയം വെളിപ്പെടുത്തി ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർ. ട്വിറ്ററിലൂടെയാണ് സച്ചിൻ തന്റെ ആദ്യ പ്രണയം ഏതെന്ന് വിളിച്ചു പറഞ്ഞിരിക്കുന്നത്. നെറ്റ്സിൽ പ്രാക്ടീസ് ചെയ്യുന്ന വീഡിയോയാണ് താരം പങ്കുവച്ചരിക്കുന്നത്. ഒപ്പം ‘എന്റെ ആദ്യ പ്രണയം’ എന്ന അടിക്കുറിപ്പും നൽകിയിരിക്കുന്നു. ക്രിക്കറ്റ് തന്നെയാണ് തന്റെ ആദ്യ പ്രണയമെന്ന് പറയാതെ പറഞ്ഞിരിക്കുകയാണ് സച്ചിൻ.

ക്രിക്കറ്റ് തന്നെയാണ് സച്ചിന്റെ ആദ്യ പ്രണയമെന്ന് അദ്ദേഹത്തിന്റെ ആരാധകർക്കും സംശയമുണ്ടാകില്ല. അതിനു കാരണം ക്രിക്കറ്റിനോട് അദ്ദേഹം കാണിച്ചിട്ടുള്ള അടുപ്പം തന്നെയാണ്. ക്രിക്കറ്റിനുവേണ്ടി എന്തു നൽകാൻ അദ്ദേഹം തയാറായിരുന്നു. അത് ക്രിക്കറ്റും അദ്ദേഹത്തിന് തിരിച്ചു നൽകിയിട്ടുണ്ട്.

തന്റെ 16-ാം വയസിൽ ഇന്ത്യൻ ടീമിനുവേണ്ടി പാഡ് കെട്ടിയ സച്ചിൻ 24 വർഷം ക്രിക്കറ്റിന്റെ മറുപേരായി ക്രീസിലുണ്ടായിരുന്നു. ക്രിക്കറ്റ് ലോകത്തെ പല നേട്ടങ്ങളും ആദ്യ സ്വന്തമാക്കിയതും പലതും ഇപ്പോഴും അറിയപ്പെടുന്നതും സച്ചിന്റെ പേരിൽ തന്നെ. ഒരു കാലത്ത് അസാധ്യമെന്ന് തോന്നിയ പല കാര്യങ്ങളും സച്ചിൻ തന്റെ ബാറ്റിലൂടെ തെളിയിച്ചു കാണിച്ചു. 200 ടെസ്റ്റ് മത്സരങ്ങളും 100 സെഞ്ചുറികളുമെല്ലാം ഇതിൽ ഉൾപ്പെടും.

Also Read: പെറിയുടെ പന്തിൽ ഫോറടിച്ച് സച്ചിൻ; ക്രിക്കറ്റ് പ്രേമികൾക്ക് രോമാഞ്ചിഫിക്കേഷൻ, വീഡിയോ

ക്രിക്കറ്റിൽനിന്നു വിരമിച്ചിട്ടും സച്ചിന്റെ ബാറ്റിങ്ങിന് ആരാധകർ ഏറെയാണ്. വിരമിച്ചിട്ടും ആ പോരാട്ടവീര്യത്തിന് ബാറ്റിങ് മികവിനും ഭംഗം വന്നട്ടില്ലെന്ന് കഴിഞ്ഞ ദിവസം നടന്ന ബുഷ്ഫെയർ ക്രിക്കറ്റിൽ അദ്ദേഹം തെളിയിച്ചിരുന്നു. ഓസീസ് വനിതാ ക്രിക്കറ്റ് ടീം താരം എലിസ് പെറിയുടെ വെല്ലുവിളി ഏറ്റെടുത്താണ് സച്ചിൻ കളത്തിലിറങ്ങിയത്. സച്ചിനെതിരെ പന്തെറിയാൻ ആഗ്രഹമുണ്ടെന്ന് എലിസ് പെറി ട്വീറ്റ് ചെയ്‌തിരുന്നു. മത്സരത്തിന്റെ ഇടവേളയിലാണ് സച്ചിൻ പെറിയുടെ പന്ത് നേരിട്ടത്. അത് അദ്ദേഹം ബൗണ്ടറിയിലും എത്തിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook