ഇന്ത്യൻ ബാറ്റിങ് ഇതിഹാസമായ സച്ചിൻ ടെൻഡുൽക്കറുടെ കരിയറിൽ നേട്ടങ്ങളുടെ വൻനിരയുണ്ടെങ്കിലും, ഇന്നിങ്സ് ഓപ്പണറാകാൻ വേണ്ടി യാചിക്കേണ്ടി വന്നിട്ടുണ്ട്. ലിങ്ക്ഡ്നിൽ ഷെയർ ചെയ്ത വീഡിയോയിലാണ് 1994 ലെ സംഭവത്തെക്കുറിച്ച് സച്ചിൻ വെളിപ്പെടുത്തിയത്. ഓക്‌ലൻഡിൽ ന്യൂസിലൻഡിനെതിരെ നടന്ന മത്സരത്തിൽ ഇന്നിങ്സ് ഓപ്പൺ ചെയ്യാനുളള അവസരത്തിനായി സച്ചിനു അപേക്ഷിക്കേണ്ടി വന്നു.

”1994 ൽ ഇന്ത്യക്കായി ഓപ്പൺ ചെയ്യാൻ തുടങ്ങിയപ്പോൾ, മറ്റു ടീമുകളെല്ലാം വിക്കറ്റ് കളയാതിരിക്കുകയെന്ന തന്ത്രമാണ് സ്വീകരിച്ചത്. അതിൽനിന്നും വ്യത്യസ്തമായി ചെയ്യാൻ ഞാൻ ശ്രമിച്ചു. ഓപ്പണറായി ഇറങ്ങി എതിർ ടീം ബോളർമാരെ നേരിടാമെന്ന് കരുതി. ആ അവസരത്തിനായി ഞാൻ യാചിച്ചു, അപേക്ഷിച്ചു. അതിൽ പരാജയപ്പെട്ടാൽ, ഇനിയൊരിക്കലും നിങ്ങളുടെ മുന്നിൽ വരില്ലെന്നു പറഞ്ഞു,” സച്ചിൻ പറഞ്ഞു.

പരാജയപ്പെടുമെന്ന ഭയം മൂലം വെല്ലുവിളികൾ ഏറ്റെടുക്കാൻ മടിക്കരുതെന്നാണ് ഈ അനുഭവം പങ്കുവച്ച് സച്ചിൻ ആരാധകരോട് അഭ്യർഥിച്ചത്. ”ആദ്യ മത്സരത്തിൽ (ന്യൂഡിലൻഡിനെതിരെ) ഞാൻ 49 ബോളിൽനിന്നും 82 റൺസെടുത്തു. ഒരവസരം കൂടി നൽകണമെന്ന് പിന്നെ എനിക്ക് പറയേണ്ടി വന്നില്ല. എന്നെ ഓപ്പണറാക്കാൻ അവരും മടിച്ചില്ല. പരാജയത്തെ ഭയക്കരുതെന്നാണ് ഞാൻ പറയാൻ ശ്രമിക്കുന്നത്,” 46 കാരനായ സച്ചിൻ പറഞ്ഞു.

1994 സെപ്റ്റംബറിൽ കൊളംബോയിൽ ഓസ്ട്രേലിയയ്ക്കെതിരായ മത്സരത്തിൽ ആദ്യ സെഞ്ചുറി നേടിയതോടെ സച്ചിൻ മിഡിൽ ഓർഡറിൽനിന്നും എന്നെന്നേക്കുമായി ഇന്നിങ്സ് ഓപ്പണറിലേക്ക് മാറി. ഓപ്പണിങ് ബാറ്റ്സ്മാനായുളള ആദ്യ അഞ്ചു ഇന്നിങ്സുകളിൽ 82, 63, 40, 63, 73 എന്നിങ്ങനെയായിരുന്നു സച്ചിന്റെ സമ്പാദ്യം. 463 ഇന്നിങ്സുകളിൽനിന്നായി 18,426 റൺസുമായാണ് സച്ചിൻ ഏകദിന കരിയർ അവസാനിപ്പിച്ചത്. 49 ഏകദിന സെഞ്ചുറികളും സച്ചിൻ സ്വന്തം പേരിൽ കുറിച്ചു. ഈ റെക്കോർഡ് ഇതുവരെ ആരും തകർത്തിട്ടില്ല.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook