ക്രിക്കറ്റിൽ പല റെക്കോർഡും സ്വന്തം പേരിൽ എഴുതിച്ചേർത്ത ശേഷമാണ് സച്ചിൻ തെൻഡുൽക്കർ വിരമിച്ചത്. ആ റെക്കോർഡുകൾ തകർക്കാൻ ഇനിയാർക്കെങ്കിലും കഴിയുമോ എന്നു ചോദിച്ചാൽ ഒന്നു സംശയിക്കേണ്ടി വരും. ടെസ്റ്റ് ക്രിക്കറ്റിലും, ഏകദിന ക്രിക്കറ്റിലുമായി നിരവധി റെക്കോർഡുകൾ സച്ചിന്റെ പേരിലുണ്ട്. ഏകദിന ക്രിക്കറ്റിലും, ടെസ്റ്റ് ക്രിക്കറ്റിലും നിലവിൽ ഏറ്റവും കൂടുതൽ റൺസ് നേടിയിട്ടുള്ള കളിക്കാരനാണ് സച്ചിൻ.

ടെസ്റ്റിലും ഏകദിനത്തിലും നിന്നായി 100 സെഞ്ചുറികൾ നേടിയ ഒരേ ഒരു കളിക്കാരനും സച്ചിനാണ്. റിക്കി പോണ്ടിങ്ങാണ് സച്ചിനു പിന്നിലുളളത്. 71 സെഞ്ചുറികളാണ് റിക്കി പോണ്ടിങ്ങിന്റെ സമ്പാദ്യം. മൂന്നാം സ്ഥാനത്തായി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയാണ്. 56 സെഞ്ചുറികളാണ് കോഹ്‌ലിയുടെ പേരിലുളളത്.

സച്ചിന്റെ 100 സെഞ്ചുറി എന്ന റെക്കോർഡ് തകർക്കാൻ കോഹ്ലിക്ക് ഇനി 44 എണ്ണം മതി. അതേസമയം, സച്ചിന്റെ ഏകദിനത്തിലെ സെഞ്ചുറി റെക്കോർഡ് കോഹ്‌ലി തകർക്കുമെന്നാണ് ക്രിക്കറ്റ് ലോകം പറയുന്നത്. 29 കാരനായ കോഹ്‌ലി ഇതിനോടകം 35 സെഞ്ചുറികൾ നേടിക്കഴിഞ്ഞു. സച്ചിൻ 463 മാച്ചുകളിൽനിന്നായാണ് 49 സെഞ്ചുറികൾ നേടിയത്. പക്ഷേ കോഹ്‌ലിക്ക് 35 സെഞ്ചുറികൾ നേടാൻ 208 മൽസരങ്ങളേ വേണ്ടി വന്നിട്ടുളളൂ.

മുംബൈയിൽ നടന്ന ജേർണലിസ്റ്റ് മജുംദറിന്റെ ഇലവൻ ഗോഡ്സ് ആന്റ് ബില്യൻ ഇന്ത്യൻസ് എന്ന പുസ്തക പ്രകാശന ചടങ്ങിൽ സച്ചിനോട് ഒരു ചോദ്യമുയർന്നു. ഏകദിനത്തിലെ 49 സെഞ്ചുറിയെന്ന സച്ചിന്റെ റെക്കോർഡ് കോഹ്‌ലി മറികടന്നാൽ അതിനുളള സമ്മാനമായി 50 കുപ്പി ഷാംപെയ്ൻ അയച്ചു കൊടുക്കുമോയെന്നാണ് സച്ചിനോട് ചോദിച്ചത്.

ഇതിനു പുഞ്ചിരിച്ചു കൊണ്ടുളള സച്ചിന്റെ മറുപടി ഇതായിരുന്നു, ”എന്റെ റെക്കോർഡ് തകർത്താൽ ഷാംപെയ്ൻ കുപ്പികൾ അയച്ചുകൊടുക്കുക മാത്രമല്ല ഞാൻ ചെയ്യുക. അവിടെ നേരിട്ട് ചെന്ന് കോഹ്‌ലിക്കൊപ്പം ഒരു കുപ്പി ഷെയർ ചെയ്യും”. ഇതുകേട്ടതും സദസിൽനിന്നും വൻ കരഘോഷമാണ് ഉയർന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ