ന്യൂഡല്‍ഹി: ജാധവ്പൂര് സര്‍വ്വകലാശാല വാഗ്ദാനം ചെയ്ത സാഹിത്യത്തിലുളള ഡോക്ടറേറ്റ് ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെന്‍ഡുല്‍ക്കര്‍ നിരസിച്ചതായി റിപ്പോര്‍ട്ട്. സര്‍വ്വകലാശാലയുടെ 63ാം ബിരുദദാന ചടങ്ങ് നടക്കുന്ന ഡിസംബര്‍ 24ന് ആയിരുന്നു സച്ചിന് ഡോക്ടറേറ്റ് നല്കാന് തീരുമാനിച്ചിരുന്നതെന്ന് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നു. ഇത്തരം ബഹുമതികള്‍ സ്വീകരിക്കുന്നത് തന്റെ വ്യക്തിപരമായ നിലപാടുകള്‍ക്ക് എതിരാണെന്ന് സച്ചിന് സര്‍വകലാശാല അധികൃതരെ അറിയിച്ചു. തന്റെ നിലപാട് വ്യക്തമാക്കി സര്‍വകലാശാല വൈസ് ചാന്സ്ലര് സുരഞ്ജന്‍ ദാസിന് സച്ചിന് ഇമെയില്‍ അയച്ചു. ഹോണറി ഡോക്ടറേറ്റ് ബിരുദങ്ങള്‍ സ്വീകരിക്കില്ലെന്ന് തന്റെ വ്യക്തിപരമായ തീരുമാനമാണെന്നും സച്ചിന് കൂട്ടിച്ചേര്‍ത്തു.
‘ചില ധാര്‍മ്മിക കാരണങ്ങളാല്‍’ ഡോക്ടറേറ്റ് സച്ചിന് നിരസിച്ചതായി സര്‍വകലാശാല വൈസ് ചാന്‍സിലര്‍ സുരഞ്ജന്‍ ദാസ് വ്യക്തമാക്കി. ‘ഡി ലിറ്റ് കരസ്ഥമാക്കാത്ത താന്‍ അത് സ്വീകരിക്കുന്ന് ധാര്‍മ്മികമായി തെറ്റാണെന്നാണ് സച്ചിന് വ്യക്തമാക്കുന്നത്’, സുരഞ്ജന്‍ ദാസിനെ ഉദ്ദരിച്ച് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഏത് സര്‍വ്വകലാശാല ആയാലും ഇതില്‍ താന്‍ ഡോക്ടറേറ്റ് സ്വീകരിക്കില്ലെന്ന് സച്ചിന് പ്രതികരിച്ചു. നേരത്തേ ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയുടെ ഡോക്ടറേറ്റും താന്‍ നിരസിച്ചതായി സച്ചിന് വെളിപ്പെടുത്തി.
2011ല്‍ രാജീവ് ഗാന്ധി യൂണിവേഴ്സിറ്റി ഓഫ് ഹെല്‍ത്ത് സയന്‍സസിലെ ഡോക്ടറേറ്റും സച്ചിന് നിരസിച്ചിരുന്നു. സച്ചിന് നിരസിച്ചതിനെ തുടര്‍ന്ന് ബോക്സിംഗ് താരം മേരി കോമിന് ഡോക്ടറേറ്റ് നല്‍കാനാണ് ജാധവ്പൂര് സര്‍വകലാശാലയുടെ തീരുമാനം.
മേരി കോമിന് പുറമെ സാമ്പത്തിക ശാസ്ത്രജ്ഞന് കൗശിക് ബസു, ബാങ്കര്‍ ചന്ദ്രശേഖര്‍ ഘോഷ്, ടാറ്റ മെഡിക്കല്‍ സെന്റര്‍ ഡയറക്ടര്‍ ഡോ. മാമന് ചാണ്ടി എന്നിവര്‍ക്കും ഡി ലിറ്റ് ബിരുദം നല്കി ആദരിക്കും.