ലോകകപ്പ് ക്രിക്കറ്റ് അതിന്റെ ക്ലൈമാക്‌സിലേക്ക് കടക്കുമ്പോള്‍ കിരീടത്തിനായി വാശിയേറിയ പോരാട്ടമാണ് നടക്കുന്നത്. മൂന്ന് ടീമുകള്‍ ഇതിനോടകം സെമി ഉറപ്പിച്ചു കഴിഞ്ഞു. നാലാമത്തെ ടീമായി ന്യൂസിലന്‍ഡ് എത്താനാണ് സാധ്യത. ഓസ്‌ട്രേലിയ, ഇന്ത്യ, ഇംഗ്ലണ്ട് എന്നീ ടീമുകളാണ് സെമിഫൈനല്‍ ഉറപ്പിച്ചത്. നാലാമത്തെ ടീമായി ന്യൂസിലന്‍ഡോ പാക്കിസ്ഥാനോ എത്തണം. നിലവില്‍ ന്യൂസിലന്‍ഡിനാണ് കൂടുതല്‍ സാധ്യത. അവസാന മത്സരത്തില്‍ പാക്കിസ്ഥാന്‍ ബംഗ്ലാദേശിനെ വലിയ മാര്‍ജിനില്‍ പരാജയപ്പെടുത്തിയാല്‍ മാത്രമേ പാക്കിസ്ഥാന് സെമിയില്‍ പ്രവേശിക്കാന്‍ സാധിക്കൂ.

ആതിഥേയരായ ഇംഗ്ലണ്ടിനോട് കഴിഞ്ഞ ദിവസം ന്യൂസിലന്‍ഡ് തോല്‍വി വഴങ്ങിയിരുന്നു. എന്നാല്‍, നെറ്റ് റേറ്റാണ് ന്യൂസിലന്‍ഡിന് തുണയായിരിക്കുന്നത്. ബംഗ്ലാദേശിനെ വലിയ മാര്‍ജിനില്‍ തോല്‍പ്പിക്കാന്‍ സാധിച്ചാല്‍ ന്യൂസിലന്‍ഡിനെ മറികടന്ന് പാക്കിസ്ഥാന് സെമിയിലെത്താന്‍ സാധിക്കും. എന്നാല്‍, അത് വളരെ വിദൂരമായ സാധ്യതയാണ്.

Read Also: ധോണി ഫാന്‍സിന് അറിയുമോ സച്ചിന്‍ ലോകകപ്പില്‍ ‘ഇഴഞ്ഞുനേടിയ’ റണ്‍സ്?

ഇതിനിടയിലാണ് ക്രിക്കറ്റ് ദൈവം സാക്ഷാല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ നടത്തിയ പ്രവചനം ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്. ലോകകപ്പിന്റെ ആരംഭത്തില്‍ സച്ചിന്‍ നടത്തിയ പ്രവചനം അതേപടി സംഭവിച്ചിരിക്കുകയാണ്. ഇന്ത്യ, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ എന്നിവര്‍ തീര്‍ച്ചയായും സെമി ഫൈനലില്‍ എത്തുമെന്നും നാലാം ടീമായി പാക്കിസ്ഥാനോ ന്യൂസിലന്‍ഡോ എത്തുമെന്നുമാണ് സച്ചിന്‍ നടത്തിയ പ്രവചനം. സച്ചിന്‍ പ്രവചിച്ചത് അതേപടി നടക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ ലോകകപ്പ് ക്രിക്കറ്റില്‍ കാണുന്നത്.

സച്ചിന്റെ പ്രവചനമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നത്. വളരെ കൃത്യമായാണല്ലോ സച്ചിൻ പ്രവചനം നടത്തിയിരിക്കുന്നത് എന്നാണ് സോഷ്യൽ മീഡിയയിലെ സംസാരം. എന്നാൽ, ഫൈനലിൽ ആര് ഏറ്റുമുട്ടുമെന്നോ ആര് ജേതാക്കളാകുമെന്നോ സച്ചിൻ പ്രവചിച്ചിട്ടില്ല.

Read Also: കളിക്കിടെ ചോര തുപ്പി ധോണി, വിരലിലെ വേദന മറന്ന് ബാറ്റ് ചെയ്ത താരത്തെ അഭിനന്ദിച്ച് ആരാധകർ

എട്ട് കളികളിൽ നിന്ന് 14 പോയിന്റുളള ഓസ്ട്രേലിയയാണ് ഇപ്പോൾ ഒന്നാം സ്ഥാനത്തുള്ളത്. എട്ട് കളികളിൽ നിന്ന് 13 പോയിന്റുള്ള ഇന്ത്യ രണ്ടാം സ്ഥാനത്താണ്. ശ്രീലങ്കക്കെതിരെയാണ് ഇന്ത്യ ഇനി കളത്തിലിറങ്ങേണ്ടത്. ഒൻപത് മത്സരങ്ങളും പൂർത്തിയാക്കിയ ഇംഗ്ലണ്ടിന് 12 പോയിന്റ് ഉണ്ട്. നിലവിൽ നാലാം സ്ഥാനത്ത് ന്യൂസിലൻഡ് ആണ്. ന്യൂസിലൻഡിന് എല്ലാ കളികളും പൂർത്തിയായി. അഞ്ചാം സ്ഥാനത്തുള്ള പാക്കിസ്ഥാന് ഒൻപത് പോയിന്റാണ് ഉള്ളത്. ബംഗ്ലാദേശിനെതിരെ ജയിക്കാൻ സാധിച്ചാൽ അത് 11 പോയിന്റ് ആകും. എന്നാൽ, വലിയ മാർജിനിൽ ജയിക്കാൻ സാധിക്കാതെ പോയാൽ ന്യൂസിലൻഡ് നെറ്റ് റേറ്റിന്റെ ആനുകൂല്യത്തിൽ സെമിയിൽ പ്രവേശിക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook