മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ തെന്‍ഡുല്‍ക്കര്‍ തന്റെ 50-ാം ജന്മദിനം ആഘോഷിക്കുന്നത് പ്രകൃതിയോട് വളരെ അടുത്താണ്. ഏകാന്തമായി ഇരുന്നു ചായ കുടിക്കുന്നൊരു ചിത്രം തന്റെ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത സച്ചിൻ, അതിന് ക്യാപ്ഷൻ നൽകിയത് ഇങ്ങനെയാണ്, ‘ടീ ടൈം, 50 നോട്ട് ഔട്ട്.’
രണ്ടു ഫൊട്ടൊയാണ് സച്ചിൻ തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചത്. സമുദ്രം കാണാൻ കഴിയുന്ന രീതിയിൽ ഒരു നീന്തൽക്കുളത്തിന്റെ അരികിലിരുന്ന് ഒരു കപ്പ് ചായ കുടിക്കുന്നതാണ് ചിത്രം. കാണിക്കുന്നു. ലിറ്റിൽ മാസ്റ്റർ തന്റെ ജന്മദിനം ഫുൾ എനർജിയിൽ ആഘോഷിക്കുമെന്ന് എല്ലാവരും പ്രതീക്ഷിച്ചപ്പോൾ, അദ്ദേഹം ശാന്തമായ ഒരു സ്ഥലത്ത് ഇരുന്നു സ്വന്തം സാന്നിധ്യം ആസ്വദിക്കുന്നു.
തന്റെ 50ാം പിറന്നാളിന് ലോകമെമ്പാടുമുള്ള ആരാധകരിൽനിന്നു ആശംസകൾ ലഭിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ ജന്മദിനം സച്ചിൻ ആരാധകർ ഉത്സവമായി ആഘോഷിക്കുകയും ചെയ്യുന്നു. വാങ്കഡെ സ്റ്റേഡിയത്തിൽ പഞ്ചാബ് കിംഗ്‌സിനെതിരായ മുംബൈ ഇന്ത്യൻസ് മത്സരത്തിന് മുമ്പ് കേക്ക് മുറിച്ച് സച്ചിന്റെ ജന്മദിനാഘോഷം ആരംഭിച്ചിച്ചിരുന്നു.
‘ശീർഷാസനം’ ചെയ്തുകൊണ്ട്, സച്ചിന്റെ ബാറ്റിങ് പങ്കാളിയായ വീരേന്ദർ സെവാഗും തന്റെ ശൈലിയിൽ ജന്മദിനാശംസ അറിയിച്ചു “മൈതാനത്തിൽ താങ്കൾ എന്നോട് പറയുന്നതിന്റെ നേരേ തിരിച്ചാണ് ഞാൻ എപ്പോഴും പ്രവർത്തിച്ചിട്ടുള്ളത്. അതുകൊണ്ട് ഐക്കണിക് 50-ാ പിറന്നാൾ ആശംസ ശീർഷാസനം ചെയ്തുകൊണ്ട് നേരുന്നു. ജന്മദിനാശംസകൾ നേരുന്നു. പാജി, നൂറുവർഷം ജീവിക്കട്ടെ എന്ന് ആശംസിക്കുന്നു. #ഹാപ്പി ബർത്ത്ഡേ സച്ചിൻ.
ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരം റിക്കി പോണ്ടിംഗും ഇതിഹാസത്തിന് ആശംസകൾ നേർന്നു, “സച്ചിൻ ടെണ്ടുൽക്കറാണ് സാങ്കേതികമായി ഞാൻ കണ്ടിട്ടുള്ളതും എതിർത്തത് കളിച്ചതുമായ ഏറ്റവും മികച്ച ബാറ്റ്സ്മാൻ എന്ന് ഞാൻ പറഞ്ഞു. ഒരു ബൗളിംഗ് ഗ്രൂപ്പെന്ന നിലയിൽ ഞങ്ങൾ എന്ത് പ്ലാൻ കൊണ്ടുവന്നാലും അതിനെ ചെറുക്കാനുള്ള വഴി അദ്ദേഹം കണ്ടെത്തി,” പോണ്ടിങ് പറയുന്നു.
ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ ശിഖർ ധവാൻ , ദിനേശ് കാർത്തിക് , ശുഭ്മാൻ ഗിൽ, അജിങ്ക്യ രഹാനെ തുടങ്ങി നിരവധി പേർ സച്ചിന് ജന്മദിനാശംസകൾ നേർന്നു.
“സച്ചിൻ തെന്‍ഡുല്‍ക്കറിന് മറ്റൊരു അർധസെഞ്ചുറി. ക്രിക്കറ്റിലെ ഇതിഹാസം #50 ഫോർ സച്ചിൻ”, ഐസിസിയും ട്വീറ്റ് ചെയ്തു.