പതിനാറാം വയസിൽ ക്രിക്കറ്റ് കളിച്ചു തുടങ്ങി. നീണ്ട 24 വർഷം ക്രിക്കറ്റ് മൈതാനത്ത് നിറഞ്ഞു നിന്നു. ഇതിനിടയിൽ സച്ചിൻ സ്വന്തം പേരിൽ കുറിച്ച റെക്കോർഡുകൾ അനവധിയാണ്. പല റെക്കോർഡുകളും തകർക്കാൻ പറ്റുമോയെന്ന് പോലും സംശയത്തിലാണ്. ക്രിക്കറ്റ് ജീവിതത്തിൽ സച്ചിൻ സ്വന്തം പേരിൽ കുറിച്ച റെക്കോർഡുകൾ അനവധിയാണ്.

ഏറ്റവും കൂടുതൽ ഏകദിന മത്സരങ്ങൾ കളിച്ച താരമെന്ന റെക്കോർഡ് സച്ചിന്റെ പേരിലാണ്. 463 മത്സരങ്ങളാണ് സച്ചിൻ കളിച്ചത്. ഏറ്റവും കൂടുതൽ മാൻ ഓഫ് ദി മാച്ച് അവാർഡുകൾ(62), ഏറ്റവും കൂടുതൽ മാൻ ഓഫ് ദി സീരീസ് അവാർഡുകൾ(15) എല്ലാം സച്ചിന്റെ പേരിലാണ്. ഏകദിനത്തിൽ 463 മത്സരങ്ങങ്ങളിൽ നിന്നായി 18426 റൺസാണ് സച്ചിൻ സ്വന്തമാക്കിയത്. ഏറ്റവും കൂടുതൽ ഏകദിന സെഞ്ചുറികളെന്ന റെക്കോർഡും സച്ചിന്റെ പേരിലാണ്.

രണ്ട് രാജ്യങ്ങൾക്കെതിരെ എട്ടിൽ കൂടുതൽ സെഞ്ചുറി തികച്ച താരവും സച്ചിനാണ്. ഓസ്ട്രേലിയക്കെതിരെ ഒമ്പതും ശ്രീലങ്കയ്‌ക്കെതിരെ എട്ടും സെഞ്ചുറികളാണ് സച്ചിൻ നേടിയത്. 195 പ്രാവശ്യമാണ് സച്ചിൻ 50 റൺസിന് മുകളിൽ റൺസ് സ്കോർ ചെയ്‌തത്. 49 സെഞ്ചുറികളും 96 അർദ്ധസെഞ്ചുറികളുമുൾപ്പടെയാണിത്.

ഒരു കലണ്ടർ വർഷത്തിൽ ഏറ്റവും കൂടുതൽ റൺസെന്ന റെക്കോർഡും ക്രിക്കറ്റ് ദൈവത്തിന്റെ പേരിലാണ്. 1998 വർഷത്തിൽ 34 മത്സരത്തിൽ 1894 റൺസാണ് സച്ചിൻ നേടിയത്. ഈ പ്രകടനത്തിൽ ഒമ്പത് സെഞ്ചുറികളും പെടും. ഏഴിൽ കൂടുതൽ തവണയാണ് സച്ചിൻ കലണ്ടർ വർഷത്തിൽ 1000 റൺസിന് മുകളിൽ സ്കോർ ചെയ്‌തത്.

സെഞ്ചുറികളുടെ മാത്രമല്ല, ഏറ്റവും കൂടുതൽ തവണ 90 ന് മുകളിൽ (18) റൺസ് നേടിയെന്ന റെക്കോർഡും സച്ചിന്റേതാണ്. 2016 ഫോറുകളാണ് സച്ചിൻ ക്രിക്കറ്റിൽ കുറിച്ചിരിക്കുന്നത്. ഏകദിനത്തിൽ ആദ്യമായി ഇരട്ട സെഞ്ചുറി തികച്ചതും മാസ്റ്റർ ബാസ്റ്ററാണ്.

ലോകകപ്പിലെ മാത്രം പ്രകടനങ്ങൾ നോക്കിയാലും റെക്കോർഡുകളുടെ തമ്പുരാൻ സച്ചിൻ തന്നെയാണ്. ലോക കപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരം സച്ചിനാണ്. 2,278 റൺസാണ് 45 ലോകകപ്പ് മത്സരങ്ങളിൽ നിന്നായി സച്ചിൻ നേടിയത്. ആറ് സെഞ്ചുറികളാണ് ലോകകപ്പിൽ സച്ചിൻ കുറിച്ചത്. ഇതും ഒരു റെക്കോർഡാണ്. 2002-03 ലോകകപ്പിൽ മാത്രം 673 റൺസാണ് സച്ചിൻ നേടിയത്. ഇതോടെ ഒരൊറ്റ ലോകകപ്പിൽ മാത്രമായി ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമായി സച്ചിൻ മാറി. 2011ലെ ലോകകപ്പിൽ പങ്കെടുത്തതിന് ശേഷം ഏറ്റവും കൂടുതതൽ ലോകകപ്പ് കളിച്ച താരമായും സച്ചിൻ മാറി. ആറ് ലോകകപ്പാണ് സച്ചിൻ കളിച്ചത്. ജാവേദ് മിയാൻദാദാണ് ഇത്രയും ലോകകപ്പ് കളിച്ച മറ്റൊരു താരം. തീരുന്നില്ല ലോകകപ്പിലെ സച്ചിൻ റെക്കോർഡുകൾ. ഏറ്റവും കൂടുതൽ തവണ ലോകകപ്പ് മത്സരത്തിൽ മാൻ ഓഫ് ദി മാച്ച് ആയതും സച്ചിനാണ്. ഒമ്പത് തവണ.

ടെസ്റ്റിലും സച്ചിൻ കുറിച്ച റെക്കോർഡുകൾ കുറവല്ല. ഏറ്റവും കൂടുതൽ ടെസ്റ്റ് റൺസ്(15,921), ഏറ്റവും കൂടുതൽ ടെസ്റ്റ് കളിച്ച താരം(200), ടെസ്റ്റിൽ ഏറ്റവും കൂടുതൽ സെഞ്ചുറികൾ (51), ടെസ്റ്റിൽ 90 കൂടുതൽ റൺസ് നേടിയത് പത്ത് തവണ, ടെസ്റ്റിൽ ഏറ്റവും കൂടുതൽ അർദ്ധ സെഞ്ചുറികൾ, ടെസ്റ്റിൽ ഏറ്റവും വേഗത്തിൽ 10,000 റൺസ്(195 ഇന്നിങ്സ്), 14,000 റൺസ്(279 ഇന്നിങ്സ്), 15,000 റൺസ് (300 ഇന്നിങ്സ്) തുടങ്ങിയ റെക്കോർഡുകളും ക്രിക്കറ്റ് ദൈവത്തിന്റെ പേരിലാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ