നട്ടപ്പാതിരക്കുള്ള ആര്‍പ്പു വിളികള്‍ കേട്ടതും ഇന്ത്യ ജയിച്ചെന്ന് എനിക്ക് തോന്നി. ആര്‍പ്പു വിളികളില്‍ നിന്നും പരിചിതമായ ശബ്ദങ്ങള്‍ ചികഞ്ഞെടുക്കാന്‍ അല്പം പാടുപെട്ടെങ്കിലും അത് സാധ്യമായിരുന്നു. കുമാരന് ചേട്ടന്റെ വീടിനു പിന്നില്‍ കെട്ടിയിട്ടിരുന്ന കറുത്ത നായ പിള്ളേരുടെ വിളികേട്ട് ഉച്ചത്തില്‍ മോങ്ങുന്നുണ്ടായിരുന്നു. വക്കു പൊട്ടിയ മണ് ചട്ടിയില്‍ ബാക്കി വച്ചിരുന്ന ചാള മീനിന്റെ ചെറിയ മുള്ളുകള്‍ കൊണ്ട് പോകാന്‍ വന്ന ചുവന്ന പുളിയന്‍ ഉറുമ്പുകളെ നായ ഒന്ന് തുമിച്ച് പായിക്കാന്‍ നോക്കി.
പട്ടിയുടെ മോങ്ങല് കേട്ട് കുമാരന് പുറത്തിറങ്ങി നോക്കുന്നുണ്ട്. പലരും വീടിനു വെളിയില്‍ നിന്നു കൊണ്ട് ഹുങ്കാരം ശ്രവിക്കുന്നുണ്ട്. ഇന്ത്യ ജയിച്ചിരിക്കുന്നു. അങ്ങനെ ഞാനും ഉറപ്പിച്ചു, ഇന്ത്യ ജയിച്ചു. ‘സച്ചിൻ, സച്ചിൻ‘ എന്ന വിശുദ്ധ നാമം മാത്രം എങ്ങും മുഴങ്ങി. 2003 ലോകകപ്പിലെ ഫൈനലിൽ കരഞ്ഞു കലങ്ങിയ കണ്ണുമായി നിന്ന ആ മനുഷ്യൻ 2011ൽ ഹൃദയം നിറഞ്ഞു ചിരിച്ചിരിക്കുന്നു.

ചൂടും വരണ്ട കാറ്റും നിറഞ്ഞ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ സമതലങ്ങൾ ആർക്കു വേണ്ടിയാണോ ആർപ്പു വിളിച്ചത്, ആർക്കുവേണ്ടിയാണോ ഹൃദയം നിറഞ്ഞു പ്രാർഥിച്ചത് അയാൾ ദൈവ തുല്യനും ഇതിഹാസവുമാകുന്നത് അപൂർവ്വമായ ഒന്നാകുന്നില്ല. സച്ചിൻ രമേശ് ടെണ്ടുൽക്കർ എന്ന ചെറിയ മനുഷ്യൻ നൂറു കോടി ജനതയെ നെഞ്ചിൽ പേറി നടന്നത് രണ്ടു ക്രിക്കറ്റ് സ്റ്റമ്പുകൾക്കിടയിലുള്ള ഇരുപത്തിരണ്ടു വാരായിലൂടെയാണ്. ഒന്നും രണ്ടുമല്ല പതിനായിരം വട്ടം ചിലപ്പോൾ അതിലേറെ, അയാൾ ഹൃദയങ്ങളും പ്രതീക്ഷകളും ചുമന്ന് ഓടിക്കൊണ്ടിരുന്നു.
ഈ മനുഷ്യനായിരുന്നു ഞങ്ങളുടെ തലമുറയുടെ ഹീറോ. അയാള്‍ ക്രിക്കറ്റ് മൈതാനങ്ങളെ ത്രസിപ്പിച്ചു. വൻകരകളിൽ ഇടിമുഴക്കം തീർത്തു. അയാൾക്കൊപ്പം ആധുനിക ഇന്ത്യയുടെ ഒരു തലമുറ വളർന്നു. ഈ രാജ്യത്തെ തെരുവുകൾക്ക് അയാൾ സുപരിചിതനായി.
ഒരാൾ ഇതിഹാസമാകുന്നത് പ്രതിഭ കൊണ്ടു മാത്രമല്ല ജീവിതവും നിലപാടുകളും കൊണ്ടു കൂടിയാണ് . സച്ചിൻ എക്കാലവും തന്റെ മൂല്യങ്ങൾ അടിയറവു വച്ചില്ല. അങ്ങനെ അയാൾ എല്ലാവർക്കും പ്രിയപ്പെട്ടവനായി.
പല കാലം അയാളുടെ കളികള്‍ കാണാനായി കുട്ടികൾ ക്ലാസുകള്‍ കട്ട് ചെയ്തു നടന്നു, ഓഫീസുകളിൽ ലീവ് ലെറ്ററുകൾ കുമിഞ്ഞു കൂടി. പലപ്പോഴും അധ്യാപകർ കയ്യോടെ പിടിക്കുമ്പോഴും കൂട്ടുകാരോട് വര്‍ണ്ണിക്കാന്‍ ആ മനുഷ്യന്റെ കളി മനസ്സില്‍ സൂക്ഷിച്ചു. അയാള്‍ നമ്മുടെ ആരുമല്ലായിരുന്നു, കണ്ടിട്ടു കൂടിയില്ല. പക്ഷേ അയാള്‍ ഞങ്ങള്‍ക്കെല്ലാമെല്ലാമായിരുന്നു. ഒരു മനുഷ്യന് മറ്റുള്ളവരുടെ മനസ്സില്‍ സ്ഥാനം കിട്ടുക അയാളുടെ നന്മയും, ഹൃദയ വിശുദ്ധിയും ഒക്കെക്കൊണ്ടാണ്.

സച്ചിന് രമേശ് ടെണ്ടുല്‍ക്കര്‍ ഒരു ദൈവം തന്നെയായിരുന്നു. നീണ്ട ഇരുപത്തിനാല് വര്‍ഷം അയാള്‍ ഇന്ത്യൻ ഹൃദയങ്ങളെ കോരിത്തരിപ്പിച്ചു. ഒന്നുമില്ലാത്ത ഒരു രാജ്യത്തിന് പ്രതീക്ഷകൾ നൽകി ഒരു കാലഘട്ടത്തിന്റെ പ്രതിബിംബമായി. ഞങ്ങളുടെ ഹീറോയായി.
മുംബൈ ഭീകരാക്രമണത്തിന് ശേഷം ചെന്നൈയില്‍ ഇംഗ്ലണ്ട് നെതിരെ നടന്ന മത്സര ശേഷം തന്റെ അടുക്കലേക്ക് ഓടിവന്ന സ്റ്റേഡിയം ക്ളീനറായ സ്ത്രീയെ കൈകൊടുത്തു ആഹ്ളാദം പങ്കിടുന്ന സച്ചിനെ ഓര്‍ക്കുന്നു. ആ സ്ത്രീ എന്തോ അത്ഭുതം സംഭവിച്ച മാതിരി സന്തോഷവും അമ്പരപ്പുമായി നില്ക്കുന്ന ചിത്രം ഓർമയിൽ നിന്നും പോകുന്നില്ല.
കരിമ്പിൻ തോട്ടങ്ങളിലെ അടിമപ്പണിക്കായി ജമൈക്കൻ ദീപുകളിലേക്ക് ആഫ്രിക്കയിൽ നിന്നും കൊണ്ടു വന്ന കറുത്തവന്റെ ആത്മബോധമാണ് ക്രിക്കറ്റ്. ബോബ് മാർലിയും ക്രിക്കറ്റും നിറഞ്ഞ വെസ്റ്റ് ഇന്ത്യയിൽ അത്തരമൊരു കൊടുങ്കാറ്റായിരുന്നു വിവിയൻ റിച്ചാർഡ്സ്. റിച്ചാഡ്സ്നു ഒരു പിന്‍ഗാമിയായിരുന്നു സച്ചിൻ. താൻ ഏറെ ആരാധിച്ചിരുന്ന വിവിയൻ റിച്ചാഡ്സ്നെപ്പോലെ സച്ചിനും ശിവാജി പാർക്കിൽ നിന്നും ഒരു കൊടുങ്കാറ്റായി മാറുകയായിരുന്നു.
വേനല്ക്കാറ്റ് ഇന്ത്യന്‍ സമതലങ്ങളെ പൊടിപറത്തി ആനന്ദിപ്പിക്കുമ്പോള്‍ ആ മൈതാനങ്ങള്‍ ഒരിക്കലും ശൂന്യമായിരുന്നില്ല. പന്തുകൾ തലങ്ങും വിലങ്ങും പാഞ്ഞു. കവർ ഡ്രൈവുകൾ, സ്ട്രൈറ്റ് ഡ്രൈവുകൾ, ലോകോത്തര ബൗളർമാർ നിന്നു വിയർത്തു, ചിലർ എന്നെന്നേക്കുമായി തളർന്നു പോയി. ഫുട്ബോളില്‍ മറഡോണയോ പെലയോ പോലെ ടെന്നീസിലെ പീറ്റ് സാംപ്രസ്സോ മെക്കണ്ട്രോയോ പോലെ അതിദരിദ്രമായ ഒരു രാജ്യത്തിന്റെ ഏറ്റവും വലിയ പ്രതീക്ഷയാകുന്ന ഒരു ദൈവമായി അയാൾ ജനങ്ങളെ അനുഗ്രഹിച്ചു. ഒരു മനുഷ്യന് ഒരു കൂട്ടം മനുഷ്യരുടെ മേൽ ചെലുത്താൻ കഴിയുന്ന മാന്ത്രികത മുഴുവൻ ചെലുത്തപ്പെട്ടു.
അയാളുടെ വിജയങ്ങള്‍ ഒക്കെയും അനുഗ്രഹങ്ങളാകുന്നു. ഇന്ത്യയുടെ പ്രാദേശിക ഉച്ചനീചത്വങ്ങള്ക്കിടയിലും സച്ചിനെ കാണാന്‍ വേണ്ടി മാത്രം തെരുവുകള്‍ ഉണര്‍ന്നിരുന്ന് ആര്‍പ്പു വിളികൾ ഉയർത്തുന്നു. ഏറ്റവും വൈകാരികമായ ആ സ്നേഹം ഒന്നു കൊണ്ടു മാത്രം ജന്മസിദ്ധമായ കായിക വൈഭവത്തെക്കാള്‍ അയാള്‍ കളി അറിയാത്തവര്‍ക്ക് കൂടി പരമാരാധ്യനാകുന്നു.
ബ്രിട്ടീഷുകാര്‍ അധിനിവേശത്തിനു ശേഷം ഉപേക്ഷിച്ചു പോയ അതിവിരസമായ ഒരു കളി ഒരു ദേശത്തെ സ്വാധീനിക്കുന്നത് അതിന്റെ ജൈവിക ചോദനകള്‍ കൊണ്ടു കൂടിയാണ്. കോളനികളിൽ അവസാനിച്ചിട്ടും സ്വന്തം സ്വത്വം ഒന്നുയർത്തിപ്പിടിക്കാൻ വെമ്പുന്ന ഒരു ജനതയുടെ ഏറ്റവും വലിയ ആയുധമായിരുന്നു ക്രിക്കറ്റ്. അതിൽ ആ ജനതയെ മുന്നിൽ നിന്നു നയിക്കുക മാത്രമല്ല, ഇന്ത്യൻ ജനതയുടെ മാനസിക വ്യാപാരങ്ങളെയും സ്വാധീനിച്ചു എന്നതാണ് സച്ചിൻ ടെണ്ടുൽക്കർ എന്ന മുബൈക്കാരന്റെ പ്രാധാന്യം. ചരിത്രം അയാളെ ലോറിയസ് സ്പോര്‍ട്ട് മൊമെന്റ് പുരസ്കാരം നൽകിയും ആദരിച്ചിരിക്കുന്നു.
Sound on
A powerful, strong and moving tribute to a room full of sporting legends from @sachin_rt in honour of Nelson Mandela and the incredible power of sport to unite and inspire #Laureus20 #SportUnitesUs pic.twitter.com/0z3mNatUFh
— Laureus (@LaureusSport) February 17, 2020
Read Here: Fans celebrate as Sachin Tendulkar wins Laureus Sporting Moment award
സച്ചിന്റെ ആത്മകഥയിൽ പിതാവ് രമേശ് ടെണ്ടുൽക്കർ ഇങ്ങനെ പറയുന്നതായി എഴുതിയിരിക്കുന്നു.
“സരസമായ പ്രകൃതവും സന്തുലിതമായ പെരുമാറ്റവും എന്നും നില നിർത്തണം, അതാണു മകനേ എനിക്കു നിന്നോട് പറയാനുള്ളത്. നിന്റെയുള്ളിൽ അഹന്തയുണ്ടാക്കാൻ ഒരിക്കലും വിജയത്തെ നീ അനുവദിക്കരുത്. നീയെന്നും വിനയമുള്ളവനായിരുന്നാൽ ജനങ്ങൾ നിന്നെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യും. അതു നീ കളി നിർത്തിക്കഴിഞ്ഞാലും അനസ്യൂതം തുടരും. സച്ചിൻ ഒരു ക്രിക്കറ്റർ എന്നതിനേക്കാൾ ഒരു നല്ല മനുഷ്യൻ എന്നു കേൾക്കുമ്പോഴാണ് പിതാവെന്ന നിലയിൽ ഞാൻ സന്തോഷിക്കുക.”
സച്ചിൻ പിതാവിന്റെ വാക്കുകൾ അന്വർത്ഥമാക്കിയിരിക്കുന്നു.