ബെർലിൻ: കായിക രംഗത്തെ ഓസ്കർ എന്നറിയപ്പെടുന്ന ലോറസ് പുരസ്കാരം ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറിന്. ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച താരങ്ങളിലൊരാളും ഇതിഹാസവുമായ സച്ചിൻ ഇന്ത്യൻ കുപ്പായത്തിൽ ലോകകിരീടം സ്വന്തമാക്കിയപ്പോൾ താരത്തെയും തോളിലേറ്റി സഹതാരങ്ങൾ മൈതാനം വലംവച്ചതാണ് കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടയിലെ ഏറ്റവും മികച്ച കായിക മുഹൂര്‍ത്തമായി തിരഞ്ഞെടുക്കപ്പെട്ടത്. ഒരു രാജ്യത്തിന്റെ ചുമലിലേറി എന്ന തലക്കെട്ടോടെ അവതരിപ്പിച്ച ചിത്രം ഏറ്റവും കൂടുതല്‍ വോട്ടുകള്‍ നേടി ഒന്നാമതെത്തി.

2011 ക്രിക്കറ്റ് ലോകകപ്പ് ഇന്ത്യ സ്വന്തമാക്കിയപ്പോൾ 130 കോടി ജനങ്ങൾക്കും അത് സന്തോഷത്തിന്റെ നിമിഷങ്ങളായിരുന്നു. 1983 നു ശേഷമാണ് ഇന്ത്യ രണ്ടാം ക്രിക്കറ്റ് ലോകകിരീടം 2011 ൽ സ്വന്തമാക്കിയത്. ഒട്ടേറെ വർഷങ്ങളുടെ കാത്തിരിപ്പായിരുന്നു അത്. അതോടൊപ്പം ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറിന് ഇന്ത്യ സമ്മാനിച്ച അതുല്യ നിമിഷവും. കായിക ലോകത്തെ സുന്ദരമായ നിമിഷങ്ങൾക്ക് നൽകുന്ന അംഗീകാരമാണ് ലോറസ് സ്‌പോട്ടിങ് മൊമന്റ്.

2019ലെ മികച്ച പുരുഷ കായിക താരത്തിനുള്ള ലോറസ് പുരസ്‌കാരം മെസിയും ഹാമില്‍ട്ടണും പങ്കിട്ടു. ഇതാദ്യമായാണ് ലോറസ് പുരസ്‌കാരം പങ്കിടുന്നത്. ഫോര്‍മുല വണ്‍ ലോകചാമ്പ്യനാണ് ലൂയി ഹാമില്‍ട്ടണ്‍. പുരസ്‌കാരം സ്വന്തമാക്കുന്ന ആദ്യത്തെ ഫുട്‌ബോള്‍ താരമായി ലയണല്‍ മെസും മാറി. ജിംനാസ്റ്റിക്സിലെ അമേരിക്കന്‍ വിസ്മയം സിമോൺ ബൈല്‍സാണ് മികച്ച വനിതാതാരം. സ്പാനിഷ് ബാസ്കറ്റ് ബോൾ ടീം മികച്ച ടീമായും തിരഞ്ഞെടുക്കപ്പെട്ടു.

ഇതാദ്യമായാണ് ഇന്ത്യയിലേക്ക് ലോറസ് പുരസ്കാരം എത്തുന്നത്. ഇന്ത്യയ്‌ക്കുവേണ്ടി ആറ് ലോകകപ്പ് ടൂർണമെന്റിലാണ് സച്ചിൻ കളിച്ചിട്ടുള്ളത്. 2011 ലേത് അവസാന ലോകകപ്പായിരുന്നു. ആദ്യ അഞ്ച് തവണയും സച്ചിനു ലോകകപ്പ് നേട്ടം സ്വന്തമാക്കാൻ സാധിച്ചില്ല. രാജ്യത്തിനു ഒട്ടേറെ സംഭാവനകൾ നൽകിയ സച്ചിനുവേണ്ടി ലോകകപ്പ് സ്വന്തമാക്കണമെന്ന വാശിയിലായിരുന്നു ഇന്ത്യൻ ക്രിക്കറ്റ് ടീം താരങ്ങൾ. ഒടുവിൽ ശ്രീലങ്കയെ ഫെെനലിൽ തോൽപ്പിച്ചാണ് ഇന്ത്യ 2011 ലെ ലോകകപ്പ് സ്വന്തമാക്കിയത്.

2011 ക്രിക്കറ്റ് ലോകകപ്പിൽ സച്ചിൻ മികച്ച പ്രകടനമാണ് നടത്തിയത്. ആ ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ രണ്ടാമത്തെ താരമായിരുന്നു സച്ചിൻ. ഇന്ത്യയ്‌ക്കുവേണ്ടി 482 റൺസാണ് സച്ചിൻ നേടിയത്. ശ്രീലങ്കയുടെ തിലകതര്‌നെ ദിൽഷനായിരുന്നു 500 റൺസുമായി ഒന്നാമത്. രണ്ട് സെഞ്ചുറികളാണ് 2011 ലോകകപ്പിൽ സച്ചിൻ ഇന്ത്യയ്‌ക്കുവേണ്ടി നേടിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook