രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ ഹാൾ ഓഫ് ഫെയിമിൽ ഇന്ത്യൻ ബാറ്റിങ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറെ ഉൾപ്പെടുത്തി. മുൻ ദക്ഷിണാഫ്രിക്കൻ ഇതിഹാസ താരം അലൻ ഡൊണാൾഡ്, രണ്ടു തവണ ലോകകപ്പ് ജേതാക്കളായ ഓസ്ട്രേലിയൻ വനിത ക്രിക്കറ്റ് ടീമിന്റെ ഭാഗമായിരുന്ന കാതറിൽ ഫിറ്റ്സ്‌പാട്രിക്കിനെയും സച്ചിനെ കൂടാതെ ഹാൾ ഓഫ് ഫെയിമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

തനിക്ക് കിട്ടിയ ഏറ്റവും വലിയ അംഗീകാരമാണ് ഇതെന്നാണ് സച്ചിൻ നേട്ടത്തെക്കുറിച്ച് പ്രതികരിച്ചത്. ടെസ്റ്റിലും ഏകദിനത്തിലും ഏറ്റവും കൂടുതൽ റൺസ് നേടിയ താരമെന്ന റെക്കോർഡിന് ഉടമയാണ് 46 കാരനായ സച്ചിൻ ടെൻഡുൽക്കർ. എല്ലാ ഫോർമാറ്റിലുമായി സച്ചിന്റെ പേരിൽ 34,357 റൺസുണ്ട്. രാജ്യാന്തര ക്രിക്കറ്റിൽ 100 സെഞ്ചുറികൾ നേടിയ താരമെന്ന റെക്കോർഡും സച്ചിനാണ്.

52 കാരനായ ഡൊണാൾഡ് എക്കാലത്തെയും മികച്ച പേസർമാരിലൊരാളാണ്. 2003 ൽ വിരമിക്കൽ പ്രഖ്യാപനത്തിനു മുൻപായി ടെസ്റ്റിൽ 330 വിക്കറ്റും ഏകദിനത്തിൽ 272 വിക്കറ്റും അദ്ദേഹം വീഴ്‌ത്തിയിട്ടുണ്ട്.

വനിത ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ താരങ്ങളിൽ രണ്ടാം സ്ഥാനത്താണ് ഫിറ്റ്സ്‌പാട്രിക്ക്. ഏകദിനത്തിൽ 180 വിക്കറ്റും ടെസ്റ്റിൽ 60 വിക്കറ്റും വീഴ്‌ത്തിയിട്ടുണ്ട്. പരിശീലക എന്ന നിലയിൽ ഓസ്ട്രേലിയൻ ടീമിനെ മൂന്നു തവണ ലോകകപ്പ് ഉയർത്തുന്നതിന് സഹായിച്ചു.

ലോക ക്രിക്കറ്റിൽ ചരിത്രം കുറിച്ച പുരുഷ, വനിതാ താരങ്ങളെ ഉൾപ്പെടുത്തി 2009 ജനുവരിയിലാണ് ഐസിസി ഹാൾ ഓഫ് ഫെയിം ഏർപ്പെടുത്തിയത്. ഇതിൽ ഇടംനേടുന്ന ആറാമത്തെ ഇന്ത്യൻ താരമാണ് സച്ചിൻ. രാഹുൽ ദ്രാവിഡ്, അനിൽ കുംബ്ലെ, കപിൽ ദേവ്, ബിഷൻ സിങ് ബേദി, സുനിൽ ഗാവസ്കർ എന്നിവരാണ് സച്ചിനു മുൻപ് ഐസിസി ഹാൾ ഓഫ് ഫെയിമിൽ ഇടംപിടിച്ച ഇന്ത്യക്കാർ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook