ലണ്ടന്‍: ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യ-ന്യൂസിലാന്‍ഡ് സെമി പോരാട്ടം ഉടൻ ആരംഭിക്കും. ആദ്യ സെമി ഫൈനല്‍ മത്സരമാണ് ഇന്ന് നടക്കുന്നത്. അവസാന ഇലവനെ കുറിച്ച് അന്തിമ തീരുമാനമായിട്ടില്ല. അതിനിടയിലാണ് സെമി പോരാട്ടത്തിന് ഇറങ്ങുമ്പോള്‍ ചില മാറ്റങ്ങള്‍ ഇന്ത്യന്‍ ടീമിലുണ്ടാകണമെന്ന് സാക്ഷാല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്.
അവസാന പതിനൊന്നില്‍ രവീന്ദ്ര ജഡേജ തീര്‍ച്ചയായും വേണം എന്നാണ് സച്ചിന്‍ പറയുന്നത്. ദിനേശ് കാര്‍ത്തിക്കിനെ ഒഴിവാക്കി ആ സ്ഥാനത്ത് ജഡേജ ബാറ്റ് ചെയ്യുന്നതാണ് നല്ലതെന്ന് സച്ചിന്‍ അഭിപ്രായപ്പെടുന്നു. ഏഴാം നമ്പറില്‍ കാര്‍ത്തിക്ക് ബാറ്റ് ചെയ്യുന്നതിനേക്കാള്‍ നല്ലത് ജഡേജയാണെന്നാണ് സച്ചിന്‍ പറയുന്നത്. ജഡേജ ടീമിലുണ്ടെങ്കില്‍ ഇടം കയ്യന്‍ സ്പിന്നറുടെ സാന്നിധ്യം കൂടി ഇന്ത്യയ്ക്ക് കരുത്തേകും.
Read Also: ആദ്യ സെമിക്കൊരുങ്ങി ക്രിക്കറ്റ് ആരാധകർ; കിവികളെ കൂട്ടിലടക്കാൻ ഇന്ത്യ
ബോളിങ് നിരയില്‍ മൊഹമ്മദ് ഷമി തിരിച്ചെത്തണമെന്നും സച്ചിന്‍ പറയുന്നു. നാല് സ്‌പെഷ്യലിസ്റ്റ് ബോളര്‍മാര്‍ ടീമില്‍ വേണം. ഷമി തിരിച്ചെത്തുന്നതാണ് നല്ലതെന്നും സച്ചിന്‍ പറഞ്ഞു. ശ്രീലങ്കക്കെതിരായ മത്സരത്തില്‍ ഷമിക്ക് വിശ്രമം അനുവദിച്ചിരുന്നു. ഷമി മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. അതിനാല്‍ ഷമിയുടെ സാന്നിധ്യം ഇന്ത്യന്‍ ടീമിന് കരുത്തേകുമെന്നും സച്ചിന്‍ ടെൻഡുൽക്കർ പറയുന്നു. സച്ചിന്‍ പറയുന്നതനുസരിച്ച് മൂന്ന് ഫാസ്റ്റ് ബോളര്‍മാരും ഒരു സ്പിന്നറുമാണ് ടീമില്‍ വേണ്ടത്. ഓള്‍ റൗണ്ടര്‍മാരായി രവീന്ദ്ര ജഡേജയും ഹാര്‍ദിക് പാണ്ഡ്യയും. ബാറ്റിങ് നിരയില്‍ അഞ്ച് സ്‌പെഷ്യലിസ്റ്റ് ബാറ്റ്‌സ്മാന്‍മാരും. ലോകകപ്പില്‍ രണ്ട് മത്സരങ്ങളില്‍ കളിച്ച ദിനേശ് കാര്‍ത്തിക്കിന് മികച്ച പ്രകടനം കാഴ്ച വയ്ക്കാന്‍ സാധിക്കാത്തതാണ് ഇപ്പോള്‍ തിരിച്ചടിയായിരിക്കുന്നത്. ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ എട്ട് റണ്‍സ് മാത്രമാണ് കാര്‍ത്തിക് നേടിയത്. ശ്രീലങ്കക്കെതിരായ മത്സരത്തില്‍ ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചിരുന്നില്ല
Read Also: ഇന്ത്യ – ന്യൂസിലൻഡ് മത്സരം മഴയെടുത്തേക്കും; ഗുണം ഇന്ത്യക്ക്
ആദ്യ സെമിയിൽ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനക്കാരായ ഇന്ത്യ നാലാം സ്ഥാനക്കാരായ ന്യൂസിലൻഡിനെ നേരിടും. ഈ ലോകകപ്പിൽ ഇതുവരെ നേർക്കുനേർ വരാത്ത രണ്ട് ടീമുകൾ പരസ്പരം ഏറ്റുമുട്ടുന്നു എന്ന പ്രത്യേകതയുമുണ്ട്. മാഞ്ചസ്റ്ററിലെ ഓൾഡ് ട്രഫോർഡിൽ ഇന്ത്യൻ സമയം ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് മത്സരം. പ്രാഥമിക ഘട്ടത്തിലെ അവസാന മത്സരം നീണ്ടുനിന്ന സസ്പെൻസിന് ഒടുവിലാണ് സെമിയിൽ ഇന്ത്യയുടെ എതിരാളികൾ ന്യൂസിലൻഡാണെന്ന് ഉറപ്പായത്. ദക്ഷിണാഫ്രിക്ക ഓസ്ട്രേലിയയെ പരാജയപ്പെടുത്തിയതോടെ ഇന്ത്യ ഒന്നാം സ്ഥാനത്ത് നിലനിൽക്കുകയും ഓസ്ട്രേലിയ രണ്ടാം സ്ഥാനത്തേക്ക് വീഴുകയും ചെയ്തതോടെ ഇന്ത്യയുടെ എതിരാളികൾ ന്യൂസിലൻഡ് എന്ന് ഉറപ്പായി.
രണ്ടാം സെമിയിൽ ചിരവൈരികളായ ഇംഗ്ലണ്ടും ഓസ്ട്രേലിയയുമാണ് ഏറ്റുമുട്ടുന്നത്. ലോകകപ്പിൽ വ്യക്തമായ ആധിപത്യം തുടരുന്ന ഇന്ത്യക്ക് സെമിയിൽ ന്യൂസിലൻഡിനെതിരെ വ്യക്തമായ മേൽകൈ ഉണ്ട്. ലോകകപ്പിൽ ഇന്ത്യ ഒരിക്കൽ മാത്രമാണ് പരാജയമറിഞ്ഞത്, ആതിഥേയരായ ഇംഗ്ലണ്ടിനോട്. ബാറ്റിങ്ങിലും ബോളിങ്ങിലും ഒരുപോലെ മികവ് പുലർത്തുന്ന ഇന്ത്യ തന്നെയാണ് കിരീട സാധ്യതകളിൽ ഇപ്പോഴും മുന്നിൽ.